കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ റിയാലിറ്റി ഷോ മത്സരാര്‍ഥിക്ക് ആരാധകര്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്.

ആരാധന വ്യക്തിതാല്‍പര്യമാണെന്നും പക്ഷേ ഒരു മാസ്‌ക് എങ്കിലും വന്നവര്‍ക്ക് ഉപയോഗിക്കാമായിരുന്നെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ആരാധന ഓരോ വ്യക്തിയുടെ ഇഷ്ടവും താല്പര്യവുമാണ്, പക്ഷേ മിനിമം ഒരു മാസ്‌ക് എങ്കിലും ഉപയോഗിക്കാമായിരുന്നു.' വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ആള്‍ക്കാരുടെ ഫോട്ടോ സഹിതം പങ്കുവച്ച് അജു കുറിച്ചു. 

Aju

ഇതിന് പിന്നാലെ മദ്യശാലയില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്ന ചിത്രവും അജു പങ്കുവച്ചു. "ഈ ചിത്രം ഈ അടുത്ത് എടുത്തതാണെങ്കില്‍, താഴെ പറഞ്ഞത് ഇവിടെയും ബാധകം". ചിത്രത്തിനൊപ്പം അജു കുറിച്ചു. എന്നാല്‍ അജുവിന്റെ പോസ്റ്റിന് മത്സരാര്‍ഥിയുടെ ആരാധകരുടെ സൈബര്‍ ആക്രമണം ശക്തമാവുകയാണ്.

Aju

നേരത്തെ ഇതേ മത്സരാര്‍ഥിയെ ഷോയില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തില്‍ ഷോയുടെ അവതാരകനായ മോഹന്‍ലാലിനെതിരേയും മത്സരാര്‍ഥിയുടെ ആരാധകര്‍ കടുത്ത ആക്രമണവുമായി രംഗത്ത് എത്തിയിരുന്നു.

Read More : മോഹന്‍ലാലിനെതിരേ കടുത്ത സൈബര്‍ ആക്രമണം

മുന്നറിയിപ്പുകളെ കാറ്റില്‍ പറത്തി റിയാലിറ്റി ഷോ മത്സരാര്‍ഥിക്ക് സ്വീകരണം നടത്തിയ സംഭവത്തില്‍ പേരറിയാവുന്ന നാല് പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ തുടരുമ്പോള്‍ ഒരു ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് വിമാനത്താവള പരിസരത്ത് ഞായറാവ്ച രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും കൂടുതല്‍ ജനങ്ങള്‍ ഒത്തുചേര്‍ന്ന ചടങ്ങുകളെല്ലാം ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്ക് മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.  

മനുഷ്യ ജീവനെക്കാളും വില താരാരാധനക്ക്  കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല. ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിന് ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കുമെന്നും ജില്ലാ കളക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി- കളക്ടര്‍ വ്യക്തമാക്കി.

Content Highlights : Aju Vargheese about Reality Show Contestant Rajith Kumar Fans