Remya Suresh| screen Grab
'ദാരിദ്ര്യം പിടിച്ച നടി', എന്ന പരാമര്‍ശം വേദനിപ്പിച്ചിട്ടില്ലെന്ന് നടി രമ്യ സുരേഷ്. ഒട്ടുമിക്ക സിനിമകളിലും രമ്യ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ദാരിദ്ര്യം നിറഞ്ഞതാണെന്നും ടൈപ്പ് കാസ്റ്റ് ആകുന്നുവെന്നും ഒരു സിനിമാ നിരൂപകന്‍ പറഞ്ഞത് വിവാദമായിരുന്നു. രമ്യയെ അവഹേളിച്ചുവെന്നാപരോപിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ നിരൂപകനെ വിമര്‍ശിച്ചതും വലിയ ചര്‍ച്ചയായി.
വെള്ളരിപ്പട്ടണം സിനിമയുടെ പ്രമോഷന്‍ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് ഈ സംഭവത്തില്‍ രമ്യയുടെ പ്രതികരണം തേടിയത്. ദാരിദ്ര്യം പിടിച്ച നടി എന്ന പരാമര്‍ശം വേദനിപ്പിച്ചിട്ടില്ലെന്ന് രമ്യ പറഞ്ഞു.
''എനിക്കത് മോശമാണെന്ന് തോന്നുന്നില്ല. അയാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു. നിഴല്‍ എന്ന സിനിമ കണ്ടിട്ടാണ് എന്നെ വെള്ളരിപ്പട്ടണത്തിലേക്ക് വിളിക്കുന്നത്. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്‍, നിഴല്‍ എന്നീ മൂന്ന് സിനിമകളും കണ്ടിട്ടാണ് മറ്റുള്ളവര്‍ എന്നെ സമീപിക്കുന്നത്. കൊറോണ സമയത്താണ് സിനിമകള്‍ കൂടുതലും ചെയ്തത്. കൊറോണ സമയത്ത് ആറ് മാസം വെറുതെ വീട്ടിലിരുന്നു. അതുകഴിഞ്ഞാണ് സിനിമകള്‍ വന്നത്. അപ്പോള്‍ കിട്ടുന്ന സിനിമകളെല്ലാം ചെയ്യുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാത്തിലും ആരെങ്കിലും മരിക്കുമ്പോള്‍ കരയുന്ന കഥാപാത്രങ്ങളാണ്. ഈ സിനിമകളെല്ലാം ഒരുമിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ എനിക്ക് കരയാന്‍ പറ്റില്ല. പത്ത് മാസത്തോളമായി ഞാന്‍ സിനിമ ചെയ്തിട്ട്. സെലക്ടീവാകാന്‍ തുടങ്ങി. അങ്ങനെ ആയപ്പോള്‍ വീട്ടിലിരിക്കുകയാണ്. എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങളുണ്ട്. പോലീസ് കഥാപാത്രം ചെയ്യാനും കോമഡി ചെയ്യാനും ഇഷ്ടമാണ്. പക്ഷേ ഇതൊന്നും എന്നെ തേടി വന്നില്ല. ടെപ്പ് കാസ്റ്റ് ആകാന്‍ എനിക്കും ആഗ്രഹമില്ല. ഞാന്‍ ഈ അഭിപ്രായങ്ങളൊന്നും ശ്രദ്ധിക്കാറില്ല. അഖില്‍ മാരാര്‍ പോസ്റ്റ് ചെയ്തത് കണ്ടു. ആ യൂട്യൂബര്‍ പിന്നാലെ വിശദീകരണം നല്‍കിയതായി അറിഞ്ഞു. അതുകേട്ടപ്പോള്‍ എനിക്ക് വിഷമമൊന്നും തോന്നിയില്ല''- രമ്യ കൂട്ടിച്ചേര്‍ത്തു.
Content Highlights: Actress Ramya Suresh About controversial comment about her a YouTube cinema reviewer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..