
രണ്ടായിരത്തിൽ മിസ് യൂണിവേഴ്സ് പട്ടം ലഭിക്കുകയും പിന്നീട് ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തുകയും ചെയ്ത നടിയാണ് ലാറ ദത്ത. 2003-ൽ പുറത്തിറങ്ങിയ അന്ദാസ് എന്ന ചിത്രത്തിലൂടെയാണ് അവരുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയപ്പോൾ നേരിട്ട ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.
അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അന്ദാസ് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം ലാറ ദത്ത പറഞ്ഞത്. ഡൽഹി ചാന്ദ്നി ചൗക്കിലെ റിഥം ഹൗസിലായിരുന്നു അന്ന് ചടങ്ങ് നടന്നതെന്ന് ലാറ പറഞ്ഞു. സാരിയാണ് അന്ന് ധരിച്ചിരുന്നത്. നായകനായ അക്ഷയ് കുമാർ, മറ്റൊരു നായികയായ പ്രിയങ്കാ ചോപ്ര എന്നിവരും ഒപ്പമുണ്ടായിരുന്നു. റിഥം ഹൗസിലേക്ക് കയറാൻ ശ്രമിക്കുമ്പോഴേക്കും വലിയൊരു ജനക്കൂട്ടം വന്നുപൊതിഞ്ഞു. കാരണം മിസ് വേൾഡും മിസ് യൂണിവേഴ്സുമാണ് ഒരുമിച്ചെത്തിയിരിക്കുന്നത്. പോരാത്തതിന് അക്ഷയ് കുമാറും ഒപ്പമുണ്ടായതും തിരക്ക് കൂടാൻ കാരണമായെന്ന് ലാറ ദത്ത ചൂണ്ടിക്കാട്ടി.
“ഈ തിരക്കിനിടയിൽ മുൻപരിചയമില്ലാത്ത ഒരാൾ വന്ന് എന്നെ നുള്ളി. സൈനിക പരിശീലനം നേടിയിരുന്നതിനാലായിരിക്കും എനിക്ക് അതത്ര നല്ലതായി തോന്നിയില്ല. അയാളെ ഞാൻ തള്ളി നിലത്തിട്ടു, രൂക്ഷമായി ശകാരിച്ചു. ഇതെല്ലാം കണ്ടുനിൽക്കുകയായിരുന്ന അക്ഷയ് കുമാർ ആകെ വിഷമിച്ചുപോയി. അദ്ദേഹമെന്നെ പിടിച്ചുമാറ്റി മറ്റൊരുസ്ഥലത്തേക്ക് കൊണ്ടുപോയി. സിനിമാ നടിയായ ഞാൻ ഇങ്ങനെയൊന്നും ചെയ്തുകൂടെന്ന് പറഞ്ഞ് അക്ഷയ് കുമാർ സമാധാനിപ്പിക്കാൻ ശ്രമിച്ചു.”
രൺനീതി എന്ന വെബ്സീരീസിലാണ് ലാറ ദത്ത ഒടുവിൽ അഭിനയിച്ചത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയിൽ ഒരു പ്രധാനവേഷം ചെയ്യുന്നത് ലാറയാണ്. അക്ഷയ് കുമാറിനൊപ്പം വെൽക്കം റ്റു ദ ജംഗിൾ എന്ന ചിത്രവും ലാറ ദത്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: actress lara dutta about a bad experience during andaaz movie music launch
Published: 29 Apr 2024, 08:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented