
കാലം ഓര്‍മകളെ കുറെ പിറകോട്ടോടിച്ചെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട ദുഃഖപുത്രിയെ ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ കഴിഞ്ഞില്ല. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 'ഓര്‍മകളിലെ വെള്ളിനക്ഷത്രക്കാലം' എന്ന സെഷനില്‍ സിനിമാതാരം ജലജ എത്തിയപ്പോള്‍ സദസ്സ് നിറഞ്ഞിരുന്നു. അവര്‍ അഭിനയിച്ച കഥാപാത്രങ്ങളെ പലര്‍ക്കും മറക്കാന്‍ കഴിയില്ലെന്നതിന് തെളിവായി തോട്ടട സ്വദേശിയായ പഴയ ആരാധകന്റെ സ്‌നേഹം. 'ശാലിനി എന്റെ കൂട്ടുകാരി എന്നചിത്രത്തില്‍ ശാലിനി എന്ന കഥാപാത്രം അസുഖമായി കിടക്കുമ്പോള്‍ നാരങ്ങയുമായി ജലജയുടെ അമ്മു എന്ന കഥാപാത്രം പോകുന്ന രംഗമുണ്ട്്. ആ രംഗം മനസ്സില്‍ എന്നും കാത്തുസൂക്ഷിക്കുന്ന ആരാധകന്‍ കുറെ മധുരനാരങ്ങയുമായാണ് ജലജയെ കാണാനെത്തിയത്. വേദിയില്‍ കയറി അയാള്‍ ജലജയ്ക്ക് അത് കൈമാറി. പിന്നിലെ സ്‌ക്രീനില്‍ കഥാപാത്രങ്ങള്‍ മിന്നിമറഞ്ഞപ്പോള്‍ ജലജ പഴയകാലത്തേക്ക് ഒരുനിമിഷം പോയി.
ജനനം മലേഷ്യയില്‍
തന്റെ സിനിമാനുഭവങ്ങളെക്കുറിച്ച് ജലജ ഏറെ സംസാരിച്ചു. മലേഷ്യയില്‍ ജനിച്ച് ആലപ്പുഴയില്‍ വളര്‍ന്ന് ഫാസിലിന്റെ സാലഭഞ്ജിക എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ജലജ നെടുമുടി വേണുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അരവിന്ദന്റെ 'തമ്പ്' എന്ന സിനിമയില്‍ അഭിനയത്തിന് തുടക്കമിട്ട കാര്യം പറഞ്ഞു. പിന്നെ അടൂര്‍ ഉള്‍പ്പെടെ മലയാളത്തിലെ അതിപ്രഗല്ഭരായ ഏറെ സംവിധായകരുടെ സിനിമയിന്‍ നായികയായി.
'ഇത് ഞാന്‍ മഹാഭാഗ്യമായി കരുതുന്നു. അഭിനയം എന്റെ സ്വപ്നത്തിലൊ ദുഃസ്വപ്നത്തിലോ ഇല്ലായിരുന്നു. സംഭവിച്ചു എന്നുമാത്രം'- ജലജ പറഞ്ഞു. സംവിധായകര്‍ എന്നോട് അവരുടെ കഥാപാത്രത്തെ തന്മയത്വത്തോടെ അഭിനയിക്കാന്‍ പറഞ്ഞു. ഞാന്‍ അത് അനുസരിച്ചു വിജയിച്ചു എന്നു മാത്രം. പലരും എന്നെ ദുഃഖപുത്രിയായി കണ്ടു. എന്തുകൊണ്ട് അത്തരം സിനിമകളില്‍ മാത്രം അഭിനയിക്കുന്നുവെന്ന് ചോദിച്ചു. പക്ഷേ എനിക്കു ലഭിച്ച കഥാപാത്രങ്ങള്‍ അത്തരത്തിലുള്ളതാണ് എന്നുമാത്രമേ എനിക്ക് അതിന് മറുപടിയുള്ളൂ- ജലജ പറഞ്ഞു.
മഹാനടന്മാര്‍ക്കൊപ്പം
യവനികയില്‍ ഞാന്‍ അഭിനയിക്കുന്നത് ഭരത് ഗോപിയുടെ കൂടെയാണ്. സിനിമയില്‍ എത്തുന്നതിനുമുന്‍പ് ഞാന്‍ ഗോപിച്ചേട്ടനെ എത്രയോ ആരാധിച്ചതാണ്. നാഷണല്‍ അവാര്‍ഡ് വിന്നറല്ലേ. അദ്ദേഹത്തോടൊപ്പം നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു. പലരും പറയുന്നതുപോലെ അഭിനയം എന്നത് ഗോപിച്ചേട്ടന് ഭ്രാന്തായിരുന്നു. അതുപോലെ മലേഷ്യയില്‍ വെച്ചാണ് കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ 'ചെമ്മീന്‍' എന്ന സിനിമ കാണുന്നത്. അതിലെ ചെമ്പന്‍കുഞ്ഞ് എന്ന കൊട്ടാരക്കരയുടെ കഥാപാത്രത്തെ അത്ഭുതത്തോടെയാണ് കണ്ടത്. അതേ കൊട്ടാരക്കരയുടെ മകളായി അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഞാന്‍ ഭാഗ്യവതിയാണ്. നെടുമുടി വേണു, ഗോപി, സോമന്‍, സുകുമാരന്‍, ജയന്‍, നസീര്‍, മമ്മൂട്ടി തുടങ്ങിയ എത്രയോ വലിയ നടന്‍മാരുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞല്ലോ.
അടൂരിന്റെ ചിട്ടകള്‍
അടൂര്‍ എന്ന സംവിധായകന്‍ വളരെ ചിട്ടയുള്ള ആളാണ്. കഥാപാത്രത്തിന് സ്വന്തം ശബ്ദംതന്നെ കൊടുക്കണം. സംഭാഷണത്തിലെ ചെറിയ വ്യത്യാസം പോലും അദ്ദേഹം അനുവദിച്ചില്ല. തിരുവിതാംകൂര്‍ ഭാഷയാണ് ഏറ്റവും മഹത്തരം എന്നുകരുതിയ എനിക്ക് തെറ്റി- ജലജ പറഞ്ഞു.
സിനിമയെന്ന തൊഴിലിടത്തില്‍ സ്ത്രീകള്‍ രണ്ടാംകിടക്കാരാവുന്നോ എന്ന ചോദ്യത്തിന് അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു. വേതനത്തിന്റെ കാര്യത്തിലാണെങ്കില്‍ ശരിയാണ്. അത് അന്നും ഇന്നും എന്നും അങ്ങനെത്തന്നെ ആയിരിക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ധീരമായ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കേണ്ട അവസരത്തില്‍ എടുക്കണം. എടുത്തിട്ടുണ്ട്. പക്ഷേ, വേതനത്തിന്റെ കാര്യത്തില്‍ പലരും പറ്റിച്ചിട്ടുണ്ട്്. സിനിമാത്തിരക്കില്‍ അതിന്റെ പിന്നാലെ വഴക്കിനു പോകാനൊന്നും പറ്റിയിട്ടില്ല-അവര്‍ ചിരിച്ചുകൊണ്ട്് പറഞ്ഞു. അനു പാപ്പച്ചനായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍.
Content Highlights: Actress Jalaja, ormakalile vellinakshthram, Movies, Yesteryear actor
Published: 25 Feb 2020, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented