കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജ് പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത്. അതിജീവിതയുടെ ഹർജി ഇനി മറ്റൊരു ബെഞ്ചായിരിക്കും പരിഗണിക്കുക. നേരത്തേ ഈ ഹർജി ഹൈക്കോടതിയുടെ മുമ്പാകെ വന്നപ്പോൾ ജോബിൻ സെബാസ്റ്റ്യൻ തന്നെയാണ് പരിഗണിച്ചത്.

To advertise here,

മെമ്മറി കാർഡ് നിയമവിരുദ്ധമായി ചിലർ പരിശോധിച്ചിട്ടുണ്ടെന്ന് നേരത്തേ സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു അന്വേഷണത്തിന് നിർദേശംനൽകുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിനുപിന്നാലെ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. വകുപ്പുതലത്തിലുള്ളതും ക്രിമിനൽ തലത്തിലുമുള്ള നടപടികൾ ആരംഭിച്ചോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ സർക്കാർ അഭിഭാഷകനോട് ഉച്ചയ്ക്ക് മുൻപ് വിശദീകരണം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതിനിടയിൽ വീണ്ടും ഈ കേസെടുക്കുകയും, പരിശോധിച്ചശേഷം ജഡ്ജി പിന്മാറുകയും ചെയ്യുകയായിരുന്നു.

ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നേരത്തേ ഹൈക്കോടതി രജിസ്റ്ററിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പല കത്തിടപാടുകളും മറ്റും നടന്നിട്ടുണ്ട്. ആ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ പിന്മാറ്റമെന്നാണ് വിവരം. എന്നാൽ പരിഗണിച്ച കേസിൽനിന്ന് ജഡ്ജിമാർ പിന്മാറുന്നത് ഇത് ആദ്യമായല്ലാത്തതിനാൽ ഇതൊരു സാധാരണ നടപടിയാണെന്നാണ് വിവരം. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.
 

നേരത്തേ വിചാരണക്കോടതി ജഡ്ജി അന്വേഷിച്ച് ചില കണ്ടെത്തലുകൾ നടത്തിയിരുന്നു. ചില ഉദ്യോഗസ്ഥർ അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ചുവെന്നാണ് അതിലൊന്ന്. ഇവർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി ഒരു അന്വേഷണ ഉദ്യോഗസ്ഥനെ വെച്ച് അനുബന്ധ നടപടികൾ നടന്നുവരികയാണ്. അതിന്റെ അന്തിമഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.