ഛായാ​ഗ്രാഹകനായ റോബി വർ​ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. മമ്മൂട്ടി നായകനായ ചിത്രത്തിന് റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥയൊരുക്കിയത്. റോണിയുടേയും റോബിയുടേയും അച്ഛനായ സി.ടി. രാജനാണ് 1989-ൽ മമ്മൂട്ടി നായകനായ മഹായാനം നിർമിച്ചത്. ഈ ചിത്രം പരാജയപ്പെട്ട് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായ അദ്ദേഹം സിനിമാ നിർമാണവും നിർത്തി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ക്ലബ് എഫ്.എം ക്ലബ് സ്റ്റുഡിയോയുമായി പങ്കുവെച്ചിരിക്കുകയാണ് റോണി.

To advertise here,

മമ്മൂക്കയുടെ മഹായാനം എന്ന ചിത്രം നിർമിച്ചത് തന്റെ അച്ഛനായ രാജനാണെന്ന് റോണി ഡോവിഡ് രാജ് പറഞ്ഞു. ജോഷി സാർ ആയിരുന്നു സംവിധായകൻ. കാര്യങ്ങൾ കൃത്യമായി ചെയ്യാൻ അച്ഛന് പറ്റാതിരുന്നതുകൊണ്ട് വലിയ നഷ്ടം സംഭവിച്ചു. അങ്ങനെ നാടുവിടേണ്ടി വന്നു. ഇന്ന് തങ്ങളുടെ പ്രതികാരമാണ്. മഹായാനം ഇറങ്ങി 35 വർഷങ്ങൾക്കുശേഷം ചേട്ടനും അനിയനും അതേ നായകനെവെച്ച് സിനിമ ചെയ്ത് ഹിറ്റടിച്ചു. അതാണ് കണ്ണൂർ സ്ക്വാഡ്. നാളെ ഓസ്കാർ കിട്ടിയാൽപ്പോലും ഇത്രയും സന്തോഷമുണ്ടാവില്ലെന്നും റോണി പറഞ്ഞു.

റോബിയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ഞാൻ. ആരും കാണാതിരിക്കാൻ ഇരുട്ടത്തേക്ക് പോയി നിന്നാണ് കരഞ്ഞത്. 2022 ഡിസംബർ 27ന് പടം തുടങ്ങി, 2023 സെപ്റ്റംബർ 28-ന് തിയേറ്ററുകളിലെത്തി. മഹായാനം റിലീസ് ചെയ്യുമ്പോൾ റോബിക്ക് നാലുവയസാണ്. എനിക്ക് കുറച്ചുകൂടി പ്രായമുണ്ട്. അന്ന് ആ ചിത്രത്തിന്റെ പരാജയത്തിന് ശേഷം താമസിച്ചുകൊണ്ടിരുന്ന വീടും നിർമിച്ചുകൊണ്ടിരുന്ന വീടും വിറ്റിട്ടാണ് നാടുവിട്ടത്. അത്രമാത്രം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. പിന്നെ കോളേജിൽ പഠിക്കുമ്പോൾ ഞാൻ അമച്വർ നാടകങ്ങളിൽ സജീവമായി അഭിനയിച്ചിരുന്നു. അപ്പോൾ അച്ഛൻ വന്ന് വിലക്കും. റോണി ഓർത്തെടുത്തു.

ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയ്ക്ക് മാർക്കുണ്ടെന്ന് പറഞ്ഞ് തന്നെ നിർബന്ധപൂർവം മെഡിസിന് ചേർക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ താൻ ഇവിടെ കളിച്ചിരുന്ന നാടകങ്ങളെല്ലാം തമിഴ്നാടകങ്ങളായി മാറി. അന്ന് അച്ഛന് സംഭവിച്ചതിൽ ആരെയും കുറ്റംപറയാൻ പറ്റില്ല. അത് എക്സിക്യൂട്ട് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. കണ്ണൂർ സ്ക്വാഡ് കണ്ടുകൊണ്ടിരിക്കുമ്പോൾ, താൻ മമ്മൂക്കയുമൊന്നിച്ച് അഭിനയിക്കുമ്പോൾ അച്ഛൻ വികാരഭരിതനാവുകയായിരുന്നെന്ന് തന്റെ ഭാര്യ പറഞ്ഞുവെന്നും റോണി പറഞ്ഞു.

സംവിധായകനായ റോബി വർ​ഗീസ് രാജിന്റെ ഭാര്യ ഡോ. അഞ്ജു മേരിയും ഇതേ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. റോണിക്കും റോബിക്കുമൊപ്പമുള്ള അച്ഛൻ സി.ടി രാജന്റെ ചിത്രം പങ്കുവച്ചായിരുന്നു അഞ്ജുവിന്റെ ഈ വിഷയത്തിലുള്ള കുറിപ്പ്. ജീവിതവൃത്തം പൂർത്തിയാവുന്നു എന്നാണ് ഇതിനെ ഡോ. അഞ്ജു വിശേഷിപ്പിച്ചത്. ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി വർഗീസ് രാജ്. 

2006-ൽ പുറത്തിറങ്ങിയ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയാണ് ഡോ. റോണി എന്ന റോണി ഡേവിഡ് രാജ് സിനിമയിലെത്തിയത്. റോണി തിരക്കഥയെഴുതിയ ആദ്യചിത്രംകൂടിയാണ് കണ്ണൂർ സ്ക്വാഡ്.കണ്ണൂർ സ്ക്വാഡിലെ അം​ഗമായ ജയൻ എന്ന കഥാപാത്രം അവതരിപ്പിച്ചതും റോണിയാണ്.