ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ രഞ്ജിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മോശമായി സംസാരിക്കുന്ന വിജയ്യുടെ മുഖത്തടിക്കാൻ തോന്നുന്നുണ്ടെന്ന് രഞ്ജിത് പറഞ്ഞു. മുഖ്യമന്ത്രിയെ ‘അങ്കിൾ’ എന്നും പ്രധാനമന്ത്രിയെ ‘മിസ്റ്റർ’ എന്നുമാണ് വിജയ് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്നാട്ടിൽ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് വിജയ്ക്കെതിരെ രഞ്ജിത് വിമർശനമുന്നയിച്ചത്. 2014 ഏപ്രിൽ 16ന് കോയമ്പത്തൂരിൽ പ്രധാനമന്ത്രി മോദിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പി ഇരുന്നയാളാണ് വിജയ് എന്ന് രഞ്ജിത് പറഞ്ഞു. ഇന്ന് അതു മറന്ന് ശകാരഭാഷയിലാണ് വിജയ്യുടെ സംസാരം. ഇതാണോ വിജയ്യുടെ രാഷ്ട്രീയ സംസ്കാരമെന്നും രഞ്ജിത് ചോദിച്ചു. വിജയ്യെ നേരിൽക്കാണുമ്പോൾ മുഖത്തടിക്കാൻ ആഗ്രഹമുണ്ടെന്നും രഞ്ജിത് പറഞ്ഞു.
"അടുത്തിടെ ഒരു സമ്മേളനത്തിൽ വിജയ് പറഞ്ഞത് കേട്ടു. താൻ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും പ്രശസ്തിക്കായും തൊഴില്‍ ഇല്ലാത്തത് കൊണ്ടുമല്ല താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെതെന്നും. വിജയ് ഉദ്ദേശിച്ചത് ആരെയാണ്? എംജിആറിനെയോ ജയലളിതയേയോ, വിജയകാന്തിനെയോ ആണോ? ഇനി അതൊന്നുമല്ല, നേർക്കുനേരെ പറയാൻ മടിയായതുകൊണ്ട് കമൽഹാസനെയാണോ വിജയ് ഉദ്ദേശിച്ചത്." രഞ്ജിത് കൂട്ടിച്ചേർത്തു.
നടി പ്രിയാരാമന്റെ ഭർത്താവാണ് രഞ്ജിത്. മലയാളത്തിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. രാജമാണിക്യത്തിലെ സൈമൺ നാടാർ എന്ന കഥാപാത്രം രഞ്ജിത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ചന്ദ്രോത്സവം, ലോകനാഥൻ ഐഎഎസ് തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിത് വേഷമിട്ടിട്ടുണ്ട്.
Content Highlights: Actor Ranjith Criticizes Vijay's Remarks on Prime Minister Modi
Published: 31 Aug 2025, 12:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented