താൻ വിശ്വസിക്കുന്ന ഒരാൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തെ വലിയ രീതിയിൽ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ച് തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ രാഘവ ലോറൻസ്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായുള്ള അടുത്ത സൗഹൃദവും നിലവിലെ സാഹചര്യങ്ങളുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലമാണ്. ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്നാണിത്. സംസ്ഥാന സെക്രട്ടേറിയറ്റുമായുള്ള അടുപ്പം പരിഗണിച്ച് വിജയ് പെരമ്പൂർ മണ്ഡലം നിലനിർത്തുകയും തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിയുകയും ചെയ്തു. ഈ ഒഴിവിലേക്ക് രാഘവ ലോറൻസ് ടിവികെ സ്ഥാനാർത്ഥിയായി എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ.
പണത്തിനോ അധികാരത്തിനോ വേണ്ടിയല്ല താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്ന് ലോറൻസ് വ്യക്തമാക്കിയിട്ടുണ്ട്. താൻ വിശ്വസിക്കുന്ന ഒരാൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തെ വലിയ രീതിയിൽ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ സാഹചര്യങ്ങൾ തന്നെ ഇവിടം വരെ എത്തിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് അമ്മയുടെ അനുഗ്രഹത്തോടെയും സത്യസന്ധതയോടെയും സംസാരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ ഉപദേശവും മാർഗനിർദ്ദേശവും തനിക്ക് ആവശ്യമാണെന്നും തന്റെ തീരുമാനങ്ങൾ സുതാര്യമായിരിക്കുമെന്നും ലോറൻസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. "നിങ്ങളുടെ കടമ ആത്മാർത്ഥമായി നിറവേറ്റുക, പ്രത്യുപകാരം പ്രതീക്ഷിക്കരുത്. എനിക്ക് നിങ്ങളുടെ ഉപദേശവും മാർഗ്ഗനിർദ്ദേശവും ആവശ്യമുണ്ട്. ഞാൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പണം സമ്പാദിക്കാനോ സ്ഥാനമാനങ്ങൾ നേടാനോ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു." ലോറൻസിന്റെ വാക്കുകൾ.
ചലച്ചിത്ര മേഖലയിൽ കൊറിയോഗ്രാഫർ, നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയാണ് രാഘവ ലോറൻസ്. സിനിമയ്ക്ക് പുറമെ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. നിലവിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ബെൻസ്' എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്ന അദ്ദേഹം, ആ ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു ചുവടുവെപ്പിന് തുടക്കം കുറിക്കുന്ന ലോറൻസിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.
Content Highlights: Renowned actor-filmmaker Raghava Lawrence has announced his official entry into politics to work alongside his close friend and Tamil Nadu Chief Minister Joseph Vijay, triggering strong speculations that he will contest the upcoming Trichy East assembly by-election under the TVK banner.
Published: 12 Jun 2026, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented