27-ാം വയസിൽ വെടിയേറ്റുമരിച്ച പ്രശസ്ത പഞ്ചാബി ​ഗായകൻ അമർ സിം​ഗ് ചംകിലയുടെ ജീവിത കഥ പറയുന്ന ഇതേ പേരിലുള്ള ചിത്രം ഈയിടെയാണ് റിലീസായത്. ഇംതിയാസ് അലിയായിരുന്നു ഒ.ടി.ടി റിലീസായെത്തിയ ചിത്രം സംവിധാനംചെയ്തത്. റിലീസിനുശേഷം മികച്ച അഭിപ്രായം നേടാനും ചിത്രത്തിനായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനമറിയിച്ചിരിക്കുകയാണ് നടൻ കാർത്തി.

To advertise here,

നടനും ഗായകനുമായ ദിൽജിത്ത് ദോസാഞ്ചാണ് ചംകിലയായെത്തിയത്. പരിണീതി ചോപ്രയായിരുന്നു നായിക. തന്റെ ഔദ്യോ​​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് അമർ സിം​ഗ് ചംകിലയേയും നായകൻ ദിൽജിത്ത് ദോസാഞ്ചിനേയും സംവിധായകൻ ഇംതിയാസ് അലിയേയും കാർത്തി അഭിനന്ദിച്ചത്.

"അമർ സിം​ഗ് ചംകില കണ്ടു. ഒരു കലാകാരനെ അദ്ദേഹത്തിൻ്റെ യഥാർത്ഥ അർത്ഥത്തിൽനിന്ന് ചിത്രീകരിക്കുന്ന മനോഹരമായ ചിത്രം. ദിൽജിത്തും പരിണീതിയും ​വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. ഇംതിയാസ് അലിയുടെ ഉജ്ജ്വലമായ രചനയും വിവരണവും. എ.ആർ. റഹ്മാൻ സാറിൻ്റെ ​ഗാനങ്ങൾ ആ സംഗീത കാലഘട്ടത്തിൻ്റെ മഹത്വത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഈ അനുഭവത്തിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ." കാർത്തി എഴുതി.

കാർത്തിയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് ദിൽജിത്ത് ദോസാഞ്ചും എത്തിയതോടെ ആരാധകരും ആവേശത്തിലായി. 'താങ്ക്സ് വീരേ' എന്നാണ് ദിൽജിത്ത് കാർത്തിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

1980-കളിൽ പഞ്ചാബിന്റെ ഹൃദയം കീഴടക്കിയ പാട്ടുകാരനാണ് അമർ സിം​ഗ് ചംകില. ദാരിദ്ര്യത്തിൽനിന്ന് സംഗീതത്തിലൂടെ ഉയരങ്ങൾ കീഴടക്കിയയാൾ. 27-ാം വയസ്സിൽ തന്റെ മ്യൂസിക് ബാൻഡിലെ രണ്ട് അംഗങ്ങൾക്കൊപ്പം വെടിയേറ്റു മരിക്കുകയായിരുന്നു.  അദ്ദേഹം വിടപറഞ്ഞ് ഏതാണ്ട് 36 വർഷങ്ങൾ തികയുമ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതകഥ സിനിമയായെത്തിയത്. ലോകമെമ്പാടുമുള്ള പഞ്ചാബി സംഗീത പ്രേമികൾക്കിടയിൽ ഇന്നും ചംകിലയുടെ സംഗീതം ജീവിക്കുന്നു.