ഇന്നസെന്റെ പേരക്കുട്ടികളായ അന്നയ്ക്കും ഇന്നസെന്റിനുമൊപ്പം| Photo: Sidheekul Akbar
‘‘കഴിഞ്ഞ മാസം രണ്ടു തവണ അദ്ദേഹം എന്നെ വിളിച്ചിരുന്നു. സ്നേഹബന്ധമുള്ളവരുടെ ചെറിയ ചെറിയ നേട്ടങ്ങൾപോലും അദ്ദേഹം വലുതായിക്കണ്ട് നേരിട്ടുവിളിക്കും, അഭിനന്ദിക്കും, വീട്ടുവിശേഷങ്ങൾവരെ അന്വേഷിക്കും. ഏറ്റവുമൊടുവിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ ഭാരവാഹിയായി തിരഞ്ഞെടുത്തതറിഞ്ഞാണ് എന്നെ വിളിക്കുന്നത്. ഇതെല്ലാമറിഞ്ഞ് സ്നേഹം പങ്കുവെക്കാൻ സമയം കണ്ടെത്തിയിരുന്നു അദ്ദേഹം’’ - യു.പി. ജോസഫ് പറഞ്ഞു.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചയാൾ എന്ന നിലയ്ക്കാണ് സി.പി.എം. തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റംഗമായ യു.പി. ജോസഫുമായി ഇന്നസെന്റ് അടുക്കുന്നത്. പിന്നീട് അടുത്ത തിരഞ്ഞെടുപ്പുവേളയിലും ബന്ധം തുടർന്നു. ‘‘പ്രചാരണവേളയിൽ ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും അദ്ദേഹം നൽകിയ ശ്രദ്ധ അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. തനി നാടൻ മനുഷ്യനായി അദ്ദേഹം പ്രചാരണരംഗത്തേക്കിറങ്ങി. . മലക്കപ്പാറയിലെ തേയിലത്തൊഴിലാളികളുടെ അടുത്തെത്തിയപ്പോൾ അവരുടെ ഭാഷയായ തമിഴിലേക്ക് മാറി. അതിരപ്പിള്ളിയിൽനിന്ന് അദ്ദേഹത്തിന് ചാലക്കുടിയിലേതിനെക്കാൾ കൂടുതൽ വോട്ട് ലഭിച്ചിരുന്നു.’’
‘‘അദ്ദേഹത്തിന്റെ സാഹചര്യങ്ങൾകൂടി മനസ്സിലാക്കിയാണ് പ്രചാരണപരിപാടികൾ തയ്യാറാക്കിയിരുന്നത്. ചില ദിവസങ്ങളിൽ വൈകീട്ട് അവസാനയോഗം ഒഴിവാക്കണമെന്നഭ്യർഥിച്ചിട്ടുണ്ട്. പരിപാടി ഒഴിവായി എന്നറിഞ്ഞ് പരിഭ്രാന്തരാകുന്ന പ്രാദേശികനേതാക്കളോട് അദ്ദേഹം പറയും- ‘‘നിങ്ങളെക്കൂടി ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതീട്ടാടോ ഞാൻ വരാത്തത്.’’ ആ നർമത്തിൽ അവരുടെ പരിഭവം അലിഞ്ഞില്ലാതാകും’’ -യു.പി. ജോസഫ് പറഞ്ഞു. ‘‘കോവിഡ് വന്ന് ആരോഗ്യസ്ഥിതി മോശമായി, നീണ്ട ആശുപത്രി വാസത്തിനുശേഷം വീട്ടിലെത്തിയ കാലം. ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു- ‘‘ഞാനിന്ന് അടുക്കളവരെ നടന്നു ജോസഫേ...’’ തിരിച്ചുവരവിന്റെ കാലമായിരുന്നു അത്. എല്ലാ ദിവസവും വൈകീട്ട് മകൻ സോണറ്റ് അദ്ദേഹത്തെയുംകൂട്ടി കാറിൽ ഇരിങ്ങാലക്കുട നഗരത്തിൽ കറങ്ങും. ഠാണ, ചന്തക്കുന്ന്, ക്രൈസ്റ്റ് കോളേജ്... അങ്ങനെ തന്‍റെ പ്രിയപ്പെട്ട ഇടങ്ങളെല്ലാം ഒരു മണിക്കൂറോളം വണ്ടിയിലിരുന്ന് കാണുമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു...’’-യു.പി. ജോസഫ് ഓർക്കുന്നു
Content Highlights: actor innocent passed away, up joseph cpim thrissur district secretary remembers actor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..