രാജ്യം മുഴുവന്‍ കൊറോണഭീതിയില്‍ ജീവിക്കുമ്പോള്‍ വ്യക്തിപരമായെടുക്കുന്ന മുന്‍കരുതലുകള്‍ നിര്‍ണായകമാണെന്ന് നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ജനത കര്‍ഫ്യൂവിന്റെ പ്രധാന്യം ജനങ്ങള്‍ക്ക് പൂര്‍ണമായും ബോധ്യമായെന്ന് ഇന്നസെന്റ് പറഞ്ഞു. 

To advertise here,

''ഇതാദ്യമായാണ് നമ്മള്‍ ഇങ്ങനെ ഒരു ഭീതിയിലൂടെ കടന്നുപോകുന്നത്. ക്യാന്‍സറിനെ അതിജീവിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ അതുപോലെയല്ല ഇത്. ഇത് എല്ലാവരും കൂടി നേരിടേണ്ടി ഒന്നാണ്. മരണം തൊട്ടടുത്ത് വന്ന് നില്‍ക്കുന്നു.

എന്റെ കുട്ടിക്കാലത്ത് 90 പേര്‍ വസൂരി വന്ന് മരിച്ചത് ഓര്‍മയുണ്ട്. ഇന്നത്തെ ക്രൈസ്റ്റ് കോളേജ് ഇരിക്കുന്ന മങ്ങാടിക്കുന്നിലാണ് അവരെ കുഴിച്ചിട്ടത്. വണ്ടിയില്‍ കയറ്റി കൊണ്ടുപോകും. ഒരു കുഴിയില്‍ ഒരാളെയാണ് ഒന്നിലധികം ആളുകളേയാണോ കുഴിച്ചിട്ടത് എന്ന് അറിയില്ല. അവിടെ ഒരു വസൂരിപ്പുരയുണ്ടായിരുന്നു. രോഗബാധിതരായവരെ അവിടെ താമസിപ്പിക്കും. അവരുടെ കരച്ചില്‍ രണ്ടു കിലോമീറ്ററിനപ്പുറം വരെ കേട്ടിരുന്നു. അതെല്ലാം കഴിഞ്ഞ് കാലങ്ങള്‍ ഒരുപാട് കഴിഞ്ഞുവെങ്കിലും ഇന്ന് ഇപ്പോള്‍ സംഭവിക്കുന്നത് ഇത് തന്നെയാണ്. രോഗം വന്നാല്‍ എല്ലാവരും ഒറ്റയ്ക്കാണ്. 

എനിക്കത് പേടിയില്ല എന്നൊക്കെ പലരും പറയുന്നത് കേട്ടു. പണ്ട് ഞാന്‍ അമ്മയുടെ പ്രസിഡന്റായി ഇരിക്കുന്ന സമയത്ത് എന്റെ മകന്‍ പറഞ്ഞു, ഈ അപ്പന്‍ വലിയ സംഭവമാണ് പേടിയില്ല, ഒറ്റയ്ക്കാണ് ഇത്രയും കാലം സംഘടനയെ കൊണ്ടു നടന്നത് എന്നൊക്കെ. അപ്പോള്‍ എന്റെ ഭാര്യ പറഞ്ഞു, പേടിയുണ്ടാകണം എങ്കില്‍ കുറച്ച് ബുദ്ധിവേണമെന്ന്. ഇന്നത്തെ ഓരോരുത്തരുടെ നിലപാട് കാണുമ്പോള്‍ എനിക്ക് തോന്നുന്നു. സത്യമാണ് പേടിവേണമെങ്കില്‍ കുറച്ച് ബുദ്ധിവേണം. 

സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കണം. കര്‍ഫ്യൂ ആഹ്വാനം ചെയ്തപ്പോള്‍ ഇതിന്റെ ആവശ്യകത എന്താണെന്ന് ഞാന്‍ പോലും ആലോചിച്ചു. എന്നാല്‍ ഇപ്പോള്‍ എനിക്കതിന്റെ പ്രാധാന്യം മനസ്സിലാകുന്നു. സാഹചര്യം മോശമാണെങ്കില്‍ ഒരുദിവസത്തേക്ക് മാത്രമല്ല ഒരാഴ്ചയോ രണ്ടാഴ്ചയോ ഇത് തുടരേണ്ടി വരും. ഈ സാഹചര്യത്തില്‍ പണത്തിന് നിങ്ങള്‍ ആരെയും രക്ഷിക്കാനാകില്ലെന്ന് മനസ്സിലാക്കുക''- ഇന്നസെന്റ് പറഞ്ഞു. 

Content Highlights: actor Former MP Innocent talks about Janata Curfew, Corona, Covid 19 outbreak