തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഭോലാ ശങ്കർ റിലീസിന് തയ്യാറെടുക്കുകയാണ്. മെഹർ രമേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും ​ഗാനങ്ങളുമെല്ലാം ആരാധകർക്കിടയിൽ വലിയ ആവേശമാണുണ്ടാക്കിയത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് നടന്നിരുന്നു. ഈ ചടങ്ങിൽ വെച്ച് തുടർച്ചയായി റീമേക്ക് ചിത്രങ്ങൾ ചെയ്യുന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സൂപ്പർ താരം.

To advertise here,

ശിവ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വേതാളത്തിന്റെ റീമേക്ക് ആണ് ഭോലാ ശങ്കർ. ചിരഞ്ജീവി തുടർച്ചയായി റീമേക്ക് ചിത്രങ്ങൾ ചെയ്യുന്നു എന്ന് ആക്ഷേപമുയർന്നിരുന്നു. ഈയിടെ മലയാളചിത്രമായ ലൂസിഫറിന്റെ റീമേക്ക് ​ഗോഡ്ഫാദർ എന്ന പേരിൽ അദ്ദേഹം ചെയ്തിരുന്നു. മലയാളത്തിലെ തന്നെ ബ്രോ ഡാഡി എന്ന ചിത്രം ചിരഞ്ജീവി റീമേക്ക് ചെയ്തേക്കുമെന്ന് സോഷ്യൽ മീഡിയയിൽ ശക്തമായ ചർച്ചകൾ ഉയർന്നതോടെ ഒറിജിനൽ ചിത്രങ്ങൾ ചെയ്യാത്തതിന് ചിരഞ്ജീവിക്കെതിരെ വിമർശനം രൂക്ഷമായി. ഈ സാഹചര്യത്തിലാണ് ഭോലാ ശങ്കറിന്റെ പ്രീ റിലീസ് ഇവന്റിൽ ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയത്.

തനിക്ക് കഥ ഇഷ്ടമായതുകൊണ്ടാണ് ഭോലാ ശങ്കർ ചെയ്തതെന്നും അത് പ്രേക്ഷകർക്കും ഇഷ്ടമാവുമെന്നും ചിരഞ്ജീവി പറഞ്ഞു. 'ഞാൻ റീമേക്ക് ചിത്രങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടെന്ന് പലരും ചോദിക്കുന്നുണ്ട്. അതിന്റെ കാരണമെന്താണെന്ന് മനസിലാവുന്നില്ല. ശക്തമായ ഉള്ളടക്കമുണ്ടെങ്കിൽ അത് തെലുങ്ക് പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സംവിധായകരും നടീനടന്മാരും ശ്രമിക്കും. അതിലെന്താണ് ഇത്ര വലിയ തെറ്റ്? ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സജീവമായതോടെ വ്യത്യസ്ത ഭാഷാ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. പിന്നെ എന്തിനാണ് ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. എന്നാൽ വേതാളം ഒ.ടി.ടിയിൽ ലഭ്യമല്ല. അതാണ് ഈ ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം' -ചിരഞ്ജീവി പറഞ്ഞു. 

ഈ ആത്മവിശ്വാസത്തോടെയാണ് സംവിധായകൻ മെഹർ രമേശും നിർമാതാവ് അനിൽ സുങ്കരയും തന്നെ സമീപിച്ചത്. തുടർച്ചയായി റീമേക്ക് ചിത്രങ്ങൾ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ ഈ ചിത്രത്തിന്റെ ശക്തമായ ഉള്ളടക്കത്തേക്കുറിച്ച് അവർ തന്നെ ബോധ്യപ്പെടുത്തിയെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.

തമന്നയും കീർത്തി സുരേഷുമാണ് ഭോലാ ശങ്കറിലെ നായികമാർ. സുശാന്താണ് മറ്റൊരു പ്രധാനവേഷത്തിൽ. രഘു ബാബു, റാവു രമേശ്, മുരളി ശർമ, വെണ്ണല കിഷോർ, തുളസി, പ്ര​ഗതി തുടങ്ങിയവരും താരനിരയിലുണ്ട്. ഡൂഡ്‍ലി ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രാമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിർമിക്കുന്നത്. അജിത് ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹർ രമേഷ്. ചിത്രം ഓ​ഗസ്റ്റ് 11-ന് തിയേറ്ററുകളിലെത്തും.