ഏറെക്കാലം ഒപ്പം പ്രവർത്തിച്ച മേക്കപ്പ് ആർട്ടിസ്റ്റ് അശോക് സാവന്തിൻ്റെ വിയോഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. 'അശോക് ദാദ' എന്ന് വിളിച്ചിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് അന്തരിച്ചത്. കുടുംബത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹത്തെ നഷ്ടപ്പെട്ടത് ഹൃദയഭേദകമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ അഭിഷേക് കുറിച്ചു.

To advertise here,

ആദ്യ ചിത്രം മുതൽ കഴിഞ്ഞ 27 വർഷമായി അശോക് സാവന്ത് അഭിഷേകിനൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. ‘എന്റെ ടീമിലെ ഒരംഗം എന്നതിലുപരി, എൻ്റെ കുടുംബത്തിലെ ഒരംഗമായിരുന്നു അശോക് ദാദ. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ ദീപക് എൻ്റെ അച്ഛൻറെ മേക്കപ്പ് ആർട്ടിസ്റ്റായി ഏകദേശം 50 വർഷത്തോളമായി പ്രവർത്തിക്കുന്നുണ്ട്’- അഭിഷേക് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.  

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും താൻ ഷൂട്ടിങ്ങിൽ ആയിരിക്കുമ്പോൾ എല്ലാ ദിവസവും അദ്ദേഹം തൻ്റെ കാര്യങ്ങൾ തിരക്കിയിരുന്നുവെന്നും അഭിഷേക് കുറിപ്പിൽ പറയുന്നു. 

സിനിമയുടെ ആദ്യ ഷോട്ട് എടുക്കുന്നതിന് മുൻപ് ആദ്യം കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിരുന്നത് അശോക് ദാദയിൽ നിന്നാണെന്നും അഭിഷേക് ഓർക്കുന്നു.

അശോക് സാവന്തിൻ്റെ വിയോഗത്തിൽ പ്രിയങ്ക ചോപ്ര , ജാക്കി ഷ്രോഫ്, ലാറ ദത്ത, സോയ അക്തർ, ആഹാന കുമ്ര, തരുൺ മൻസുഖാനി തുടങ്ങിയ നിരവധി സിനിമാ താരങ്ങളും പോസ്റ്റിനടിയിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.