ആമിർ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. 150 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങ് ജൂലായ് അഞ്ചിന് ആമിറിന്റെ ബാന്ദ്രയിലുള്ള വസതിയിലാണ് നടക്കുക. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ ഉണ്ടാവുകയെന്ന് നടൻ അറിയിച്ചു.

To advertise here,

വ്യാഴാഴ്ച 'പ്രീതം ആൻഡ് പെഡ്രോ' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനിടെയാണ് ആമിർ ഖാൻ വിവാഹവാർത്ത സ്ഥിരീകരിച്ചത്. ജൂലായ് അഞ്ച് തങ്ങൾക്ക് വളരെ പ്രത്യേകതകളുള്ള ദിവസമാണെന്നും, താനും ഗൗരിയും വിവാഹിതരാകുകയാണെന്നും എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണമെന്നും ആമിർ പറഞ്ഞു.

വിവാഹം ലളിതവും സ്വകാര്യവുമായി നടത്തുക എന്നത് ആമിറും ഗൗരിയും ഒന്നിച്ചെടുത്ത തീരുമാനമാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ, സിനിമാ മേഖലയിലെ അടുപ്പമുള്ളവർ അടക്കം പരിമിതമായി മാത്രമാണ് ക്ഷണക്കത്ത് നൽകിയിട്ടുള്ളത്. അതിഥികളുടെ കാര്യം മാത്രമല്ല അവർക്ക് നൽകുന്ന ഭക്ഷണവും ഇരുവരും ചേർന്നുതന്നെയാണ് തീരുമാനിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തതിനുശേഷമാണ് അതിഥികൾക്കായുള്ള ഉച്ചഭക്ഷണം ഒരുക്കുക. ഇരുവർക്കും പ്രിയപ്പെട്ട വിഭവങ്ങളും മെനുവിലുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ചടങ്ങിൽ ഇരുവരുടെയും മക്കളും അടുത്ത കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമിറിന്റെ ദീർഘകാല സുഹൃത്തും സംവിധായകനുമായ അശുതോഷ് ഗോവാരിക്കർ, സംവിധായകൻ രാജ്കുമാർ സന്തോഷി തുടങ്ങിയവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് വിവരം.

ഫാഷൻ, ബ്യൂട്ടി, വെൽനെസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ബെംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റ്. ഇപ്പോൾ മുംബൈയിലാണ് താമസം. 25 വർഷം മുൻപ് ആമിറിനെ പരിചയമുള്ള ഗൗരിക്ക് പിന്നീട് അവരുടെ സൗഹൃദം കാത്തുസൂക്ഷിക്കാനായില്ലെങ്കിലും വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുകയും ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തിച്ചേരുകയുമാണ് ഉണ്ടായത്. ഗൗരിക്ക് ആദ്യവിവാഹത്തിൽ ഒരു മകനുണ്ട്.

തന്റെ അറുപതാം ജന്മദിനത്തിനാണ് ആമിർ മാധ്യമങ്ങൾക്കു മുൻപിൽ ഗൗരിയെ പരിചയപ്പെടുത്തുന്നത്. അതിനുശേഷം പല പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗൗരി തന്റെ ജീവിതത്തിലേക്ക് വീണ്ടും സന്തോഷം കൊണ്ടുവന്ന വ്യക്തിയാണെന്നും വീണ്ടും പ്രണയം കണ്ടെത്താൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടനാണെന്നുമാണ് ആമിർ പറയുന്നത്.

ആമിർ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. റീന ദത്തയുമായുള്ള ആദ്യവിവാഹത്തിൽ ജുനൈദ് ഖാൻ, ഇറ ഖാൻ എന്നീ രണ്ടു മക്കളുണ്ട്. 2005-ൽ വിവാഹം കഴിച്ച കിരൺ റാവുവിൽ ഒരു മകനും. പൂർവവിവാഹങ്ങളിലെ തന്റെ പങ്കാളികളെപ്പറ്റി വളരെയധികം ബഹുമാനത്തോടെയാണ് ആമിർ പൊതുവേദികളിൽ സംസാരിക്കുന്നത്. മക്കളുടെ രക്ഷാകർതൃത്വത്തിന്റെ കാര്യവും അവർ പരസ്പരം പിന്തുണച്ചാണ് ഇവർ മുന്നോട്ടുപോകുന്നത്.