മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' എന്ന ചിത്രത്തിലെ ആദ്യപ്രൊമോ സീൻ പുറത്ത്. 'ആട് 3, സീൻ 1 , ഇന്നലെ സംഭവിച്ചത്' എന്ന ടൈറ്റിലോടെയാണ് ആദ്യപ്രൊമോ സീൻ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രമായ, സൈജു കുറുപ്പിന്റെ, അറക്കൽ അബുവിന്റെ തകർപ്പൻ അവതരണമാണ് രംഗത്തിലൂടെ നടത്തിയിരിക്കുന്നത്. അറക്കൽ അബുവും കൈപ്പുഴ കുഞ്ഞപ്പനും ഉൾപ്പെടെ പ്രേക്ഷകർക്ക് വമ്പൻ നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ഏറെ രസകരമായ രംഗമാണ് ആദ്യ പ്രൊമോ സീനിലൂടെ അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്. ആദ്യഭാഗങ്ങളെ പോലെ പ്രേക്ഷകർക്ക് പൊട്ടിച്ചിരിക്കാൻ ഏറെ വക നൽകുന്ന ഒന്നായിരിക്കും മൂന്നാം ഭാഗവുമെന്ന സൂചനയും രംഗം നൽകുന്നുണ്ട്.
ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രമായെത്തുന്ന 'ആട് 3' വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ജയസൂര്യ നായകനായ വമ്പൻ കോമഡി ഫാന്റസി ചിത്രം മാർച്ച് 19-ന് ഈദ് റിലീസായാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.
മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിനും ഗംഭീരപ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ മുന്നിൽനിൽക്കുന്ന ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് ലഭിക്കുന്നത്. ഇതോടെ ബോക്സ് ഓഫീസിൽ വമ്പൻ ഓപ്പണിങ് ആയിരിക്കും ചിത്രത്തിന് ലഭിക്കുകയെന്നും ഉറപ്പായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീസെയിൽസ് ഓരോ മണിക്കൂറിലും മികച്ച കുതിപ്പാണ് നടത്തുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ്ങാആണ് ചിത്രം സ്വന്തമാക്കുകയെന്നും ഉറപ്പായിക്കഴിഞ്ഞു.
സെൻസറിങ് പൂർത്തിയാക്കി ക്ലീൻ 'U' സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈർഘ്യം രണ്ടുമണിക്കൂർ 47 മിനിറ്റ് ആണ്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നതെന്നതും പ്രേക്ഷകരുടെ ആവേശവും കൗതുകവും വർധിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലർ നൽകിയത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത, ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പർഹിറ്റായി മാറിയിരുന്നു. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്തച്ചുവടുകളുമായെത്തിയ 'സുൽത്താൻ' എന്ന ഗാനം സാമൂഹികമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ ചെയ്യുന്നത്. 'ആട് ഒരു ഭീകര ജീവിയാണ്', 'ആട് 2' എന്നിവക്ക് ശേഷം എത്തുന്ന മൂന്നാം ഭാഗം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്.
'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' എന്ന ടൈറ്റിൽ ടാഗ്ലൈനിലൂടെ ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഭാഗംകൂടെയുണ്ടാകുമെന്ന ഉറപ്പും അണിയറപ്രവർത്തകർ പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് 'ആട് 3' പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്'. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ '2018', അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച 'മാളികപ്പുറം', 'രേഖാചിത്രം' തുടങ്ങിയവയും നിർമിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി 'ആട്' ഫ്രാൻഞ്ചൈസിലേക്കു കടന്നുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകപ്രതീക്ഷകൾ വർധിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 മത്തെ ചിത്രമാണ് 'ആട് 3'.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനയ് ബാബു, ഛായാഗ്രഹണം: അഖിൽ ജോർജ്, മ്യൂസിക്, ഒറിജിനൽ തീം: ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം, ന്യൂ തീം: ഡോൺ വിൻസെന്റ്, എഡിറ്റർ: ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, മേക്കപ്പ്: റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ: വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ: ജിഷ്ണു ആർ. ദേവ്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത റെക്കോർഡ്സ്), വരികൾ: മനു മഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: പ്രേംനാഥ്, റോബിൻ വർഗീസ്, ഡിഐ: ഹ്യൂസ് & ടോൺസ് കളർ ഹബ്, കളറിസ്റ്റ്: ഷണ്മുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി: വിഷ്ണു എസ്. രാജൻ, ടൈറ്റിൽ ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ: എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Exclusive Aadu 3 promo scene featuring Arakkal Abu released. Global release scheduled for March 19 as an Eid special. Record-breaking advance bookings on BookMyShow. Features a stellar cast including Jayasurya and Saiju Kurup. Clean U certificate with a runtime of 2 hours and 47 minutes
Published: 18 Mar 2026, 07:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented