സെന്ന ഹെഗ്ഡെയുടെ സംവിധാനത്തില്‍ ഷറഫുദീന്‍, വിന്‍സി, രാജേഷ് മാധവന്‍, ആനന്ദ് മന്മഥന്‍ എന്നിവര്‍ അഭിനയിച്ച ക്രൈം കോമഡിയായ 1744 വൈറ്റ് ആള്‍ട്ടോ 2023 ജനുവരിയില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാമില്‍ അന്താരാഷ്ട്ര പ്രീമിയറിന് ഒരുങ്ങുകയാണ്. സുപ്രസിദ്ധമായ 'ഹാര്‍ബര്‍' പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ്  1744 വൈറ്റ് ആള്‍ട്ടോ തിരഞ്ഞെടുത്തിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നുള്ള പുതിയ പ്രൊഡക്ഷന്‍ ഹൗസായ കബിനി ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
1744 വൈറ്റ് ആള്‍ട്ടോ 2022 നവംബര്‍ 18ന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. മികച്ച മേക്കിങ് മുഖേന ഏറെ വ്യത്യസ്തതപുലര്‍ത്തിയ സിനിമയെന്ന പേരില്‍ ചിത്രത്തിന് വളരെ അതികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടാന്‍ കഴിഞ്ഞിരുന്നു.

To advertise here,

ചെറുകിട തട്ടിപ്പുകാരുടെ ഇടയില്‍ നടക്കുന്ന രസകരവും ഭയാനകവുമായ സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ ഒരു സുസുക്കി ആള്‍ട്ടോ കാറാണ് പ്രധാന കഥാപാത്രം. കേരളത്തിലെവിടെയോ ഒരു സാങ്കല്‍പ്പിക ലൊക്കേഷനിലാണ് ചിത്രം സജ്ജീകരിച്ചിരിക്കുന്നത്. 

''സിനിമ എല്ലാവര്‍ക്കും വേണ്ടിയാകണമെന്നില്ല; ഓരോ വ്യക്തിയും വ്യത്യസ്തമായ മനോഭാവത്തോടെ പുറത്തുവരാം. ഇത് സെറിബ്രല്‍ അല്ല; പകരം മനുഷ്യന്റെ വിരോധാഭാസത്തിലേക്കുള്ള ഒരു നേര്‍കാഴ്ച നല്‍കുന്നതിനും വിനോദത്തിനും വേണ്ടിയാണ്. എല്ലാ കഥാപാത്രങ്ങളും ഒരേ സമയം നല്ലതും ചീത്തയുമാകാം, ധാര്‍മ്മികത മിക്കപ്പോഴും സ്ലൈഡിംഗ് സ്‌കെയിലായിരിക്കും, പ്രത്യേകിച്ചും ആധുനിക കാലത്ത്. എന്റെ രീതിയില്‍ ഇത് അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു'- സെന്ന ഹെഗ്ഡെ പറഞ്ഞു. 
 
കാന്‍, വെനീസ്, ബെര്‍ലിന്‍, ലൊകാര്‍നോ തുടങ്ങിയ മറ്റ് പ്രധാന യൂറോപ്യന്‍ ഫെസ്റ്റിവലുകളുമായി  താരതമ്യപ്പെടുത്താവുന്നതാണ് റോട്ടര്‍ഡാം. തുടക്കം മുതല്‍, നൂതനവും വ്യത്യസ്തവുമായ സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് റോട്ടര്‍ഡാം. റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിന്റെ വ്യത്യസ്തത തുറന്നു കാട്ടുന്ന ഒന്നാണ് 'ഹാര്‍ബര്‍'. സംഘാടകര്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വൈവിധ്യമാര്‍ന്നതും ഗുണനിലവാരമുള്ളതുമായ സിനിമകളുടെ അടിസ്ഥാനമാണിത്.