മത-ജാതി വിഭാഗീയതകള്‍ ഏറി വരുന്ന ഇക്കാലത്ത് ഏറെ പ്രസക്തമാണ് കഠിനവ്യഥകളെയും അവഗണകളെയും അതിജീവിച്ച് കലാരംഗത്ത് സ്വന്തമായ ഇരിപ്പിടം കണ്ടെത്തിയ കളിയരങ്ങിലെ അനശ്വരഗായകന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതകഥ-ഇന്ന് കലാമണ്ഡലം ഹൈദരാലിയുടെ 75-ാം ജന്മദിനം

ദാരിദ്ര്യമേമ്പൊടിയേറ്റ സംഗീതവാസനകൊണ്ടും തൃശ്ശൂർ വടക്കാഞ്ചേരി ഓട്ടുപാറയിൽ 1950-കളിൽ ജീവിച്ചിരുന്ന പൊതുസമൂഹത്തിന് പത്തു കിലോമീറ്റർ അകലെയുള്ള കേരള കലാമണ്ഡലത്തിലെ അഭ്യസനരീതികളെക്കുറിച്ചൊന്നും വലിയ ഗ്രാഹ്യമില്ലാതിരുന്നതിനാലും കാലനിയോഗത്താൽ മാത്രം കഥകളിയിൽ എത്തിപ്പെട്ട കലാകാരനായിരുന്നു കലാമണ്ഡലം ഹൈദരാലി. 1957-ൽ കലാമണ്ഡലം വിദ്യാർഥിയായി ചേർന്നതോടെ ആ ജീവിതഗതി മാറി, കഥകളിരംഗത്തെ ആദ്യത്തെ മുസ്‌ലിമായി. പിന്നെ അവഗണനകളിലൂടെ, അപമാനങ്ങളിലൂടെ വളർന്നു. ഹൈദരാലിക്ക് ഇഷ്ടപ്പെട്ടതും വള്ളത്തോളിന്റെയും നീലകണ്ഠൻ നമ്പീശന്റെയും മുന്നിൽ പാടി കലാമണ്ഡലത്തിൽ പ്രവേശനം ഉറപ്പിച്ചതുമായ വയലാറിന്റെ (ചിത്രം കൂടപ്പിറപ്പ്, 1956) പാട്ട് ‘ചിങ്കാരപ്പെണ്ണിന്റെ കാതിൽ വന്നു കിന്നാരം ചോദിച്ച കാറ്റ്’ പോലെയൊരു ജീവിതം.

എല്ലാ അർഥത്തിലും അടിമുടി സംഗീതജ്ഞനായിരുന്നു ഹൈദരാലി. ഒരിക്കലും അരങ്ങിൽ അസ്തപ്രജ്ഞനായിരുന്നില്ല. കർമമണ്ഡലം കഥകളിസംഗീതമായിരുന്നെങ്കിലും തന്റെ സഹപ്രവർത്തകരെ അപേക്ഷിച്ച്, വിവിധ സംഗീതശാഖകൾ അദ്ദേഹത്തിന് തത്‌പരവിഷയങ്ങളായിരുന്നു. ഒന്ന് മറ്റൊന്നിനെക്കാൾ മികച്ചത് എന്ന മിഥ്യാധാരണകൾക്കൊന്നും വശംവദനുമായിരുന്നില്ല. ആ ചുണ്ടിൽനിന്നും സിനിമാപാട്ടുകളും കർണാടകസംഗീതത്തിലെ സാങ്കേതികമികവാർന്ന കൃതികളും ഗസലുകളുമൊക്കെ ഒരുപോലെ നിസ്തന്ദ്ര ഭാവനിമ്‌നോന്നതങ്ങളോടെ നിർഗമിച്ചു. ശൈശവ-ബാല-യൗവന ഘട്ടങ്ങളിൽ തീണ്ടാപ്പാട് വേണ്ടുവോളം അനുഭവിച്ച ഒരു ഹൃദയത്തിന്റെ ആത്മപ്രതിഫലനമാവാം ഇത്തരമൊരു സ്വത്വസ്വരൂപം വ്യക്തിമുദ്രയായി വളർന്നത്. അരങ്ങിൽ ‘ബാലേ കേൾ നീ....’, ‘മാറിമാൻ കണ്ണി...’ തുടങ്ങിയ പദങ്ങൾ പാടുന്ന ഗൗരവത്തോടെയും ഭാവതീവ്രതയോടും കൂടിത്തന്നെ പലപ്പോഴും സൗഹൃദമുഖാമുഖങ്ങളിൽപ്പോലും ‘ഹൃദയസരസ്സിലെ പ്രണയപുഷ്മമേ...’യും ‘പത്മതീർഥമേ ഉണരൂ...’വും ‘നഗുമോമു...’വൊക്കെ ആലപിക്കാൻ വെമ്പിയ സഹൃദയമനസ്കത. ബാലമുരളീകൃഷ്ണയെയും യേശുദാസിനെയും തുല്യപ്രാധാന്യത്തോടെ മാനസഗുരുക്കന്മാരായും ആദരിച്ചിരുന്നു ഹൈദരാലി.

കല്യാണി, കാംബോജി, തോടി, ദേവഗാന്ധാരി, ദ്വിജാവന്തി, ശങ്കരാഭരണം, ഹിന്ദോളം, ഷണ്മുഖപ്രിയ, സിന്ധുഭൈരവി തുടങ്ങിയ രാഗങ്ങൾ ഹൈദരാലി ആലപിച്ചതുകേട്ടപ്പോൾ ഈ രാഗങ്ങളോടൊക്കെ പരിധിവിട്ടൊരു ഇഷ്ടക്കൂടുതൽ പലരും ആത്മാവിലറിഞ്ഞു. സന്ദർഭത്തിന്റെ ഭാവവും കഥാപാത്രത്തിന്റെ വികാരവും നടന്റെ വാക്കും വിചാരവുമായ പാട്ടുകാരനും വേണമെന്നായിരുന്നു ഹൈദരാലിയുടെ അരങ്ങുമതം. ‘‘പാടുമ്പോൾ എന്റെ മുന്നിലുള്ള വേഷക്കാരുടെ ഗരിമയും എന്നെ ഉണർത്തിയിട്ടുണ്ട്, ചേങ്ങിലവർണനായ എന്റെ ശാരീരം വേഷക്കാരുടെ അംഗോപാംഗങ്ങളിലൂടെ ബഹിർസ്ഫുരിക്കുന്നത് നിർവചിക്കാനാവാത്ത ഒരു വിസ്മയമായി എനിക്കുതന്നെ ബോധ്യപ്പെടും’’ -ഇതായിരുന്നു അലിയുടെ സ്വാനുഭവങ്ങളിലെ മറ്റൊരേട്.

ഒരു ഘട്ടത്തിൽ നൃത്തത്തിനും പാടി ഹൈദരാലി; വർണവുമൊക്കെ എഴുതി ചിട്ടപ്പെടുത്തുകയും ചെയ്തു. അപ്പോൾ ഹൈദരാലി നേരിട്ട ആഢ്യമലയാളി സംസ്കാരനസ്യം മറ്റൊന്നായിരുന്നു -കഥകളിസംഗീതം ഡാൻസ് പാട്ടാക്കി മാറ്റി! ഇക്കൂട്ടരിൽ ചിലരൊക്കെ പിൽക്കാലത്ത് മക്കളുടെ യൂത്ത്‌ഫെസ്റ്റിവൽ മത്സരം വന്നപ്പോൾ കഥകളിക്കും നൃത്തത്തിനുമൊക്കെ പാടാൻ ഹൈദരാലിയെ സമീപിക്കുകയും ഉണ്ടായത്രേ.

ഹൈദരാലിയുടെ അരങ്ങേറ്റം (1960) പൊന്നാനിയായിട്ടായിരുന്നു; എമ്പ്രാന്തിരി ശിങ്കിടിയും. പിൽക്കാലത്ത് കുറെ അരങ്ങിൽ ഹൈദരാലി എമ്പ്രാന്തിരിക്ക് ശിങ്കിടിയായി. ഇരുവരും ഫാക്ട് കളിയോഗത്തിൽ സഹപ്രവർത്തകർ. എമ്പ്രാന്തിരി സംഗീതത്തിൽ ശിങ്കിടിപരിമിതനായി വരുന്നു എന്ന തിരിച്ചറിവിൽ, എമ്പ്രാന്തിരിയുടെ പ്രയോഗരീതിയിൽ വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ട് അപ്പോഴേക്കും പരിണതപ്രജ്ഞനായ ഹൈദരാലി ഈ ബാന്ധവം വേഗം അവസാനിപ്പിച്ചു. എന്നാൽ, പിൽക്കാലത്ത് കേരളസംഗീതനാടക അക്കാദമി അവാർഡിൽ എമ്പ്രാന്തിരിയെ തഴഞ്ഞപ്പോൾ ഹൈദരാലി അക്കാദമി പ്രവർത്തകസമിതി അംഗത്വം തന്നെ രാജിവെച്ചു പ്രതിഷേധിച്ചു; മാതൃഭൂമിയിലും മറ്റുമായി സംഗീതസംബന്ധിയായ ലേഖനങ്ങളും എഴുതിയിരുന്ന ഹൈദരാലി നല്ലൊരു ചിത്രകാരൻ കൂടിയായിരുന്നു.

2005 ഡിസംബർ ഒടുവിലെ ഒരു സായാഹ്നം അപ്രതീക്ഷിതമായി ഹൈദരാലി വീട്ടിലേക്ക് വന്നു, രാത്രി പത്തുമണിയോളം സംസാരിച്ചിരുന്നു. എത്ര നിർബന്ധിച്ചിട്ടും വിശപ്പില്ല എന്നുപറഞ്ഞു അത്താഴം കഴിച്ചില്ല. വ്യക്തിപരമായി അലട്ടിയിരുന്ന ചില പ്രശ്നങ്ങളാൽ ആകുലനുമായിരുന്നു ഹൈദരാലി അപ്പോൾ. അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച. 2006 ജനുവരി അഞ്ചാം തീയതി തൃശ്ശൂർ വടക്കാഞ്ചേരിയിലെ വീട്ടിൽനിന്നു കലാമണ്ഡലത്തിലേക്കുള്ള യാത്രാമധ്യേ കാറപകടത്തിൽ ആയിരുന്നു ഹൈദരാലിയുടെ അന്ത്യം. തലേന്നാൾ കീഴാറ്റൂർ (പെരിന്തൽമണ്ണ) ആയിരുന്നു കളി; അറംപറ്റിയപോലെയായി അവസാനം പാടിയ (നളചരിതം മൂന്നാംദിവസം) ബാഹുകന്റെ പദങ്ങൾ, ‘സ്വൈരവചനം സ്വകൃതരചനം...കണ്ടവരാർ വിധി ദുശ്ശീലം?.’

Kathakali Dance Theatre: A Visual Narrative of Sacred Indian Mime എന്ന ഗ്രന്ഥ രചയിതാവും കലാചരിത്രകാരനും ടാഗോർ നാഷണൽ റിസർച്ച്‌ സ്കോളറുമാണ് ലേഖകൻ

 

Content Highlights: Write Up on Kalamandalam Hyderali