ആവേശത്തോടെ ആടിപ്പാടാന്‍ 'വിലായത്ത് ബുദ്ധ'യിലെ പ്രൊമോ ഗാനം പുറത്ത്. ജേക്‌സ് ബിജോയ്, അഖില്‍ ചന്ദ്, റിമി ടോമി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഭാഷാഭേദമന്യേ ലോകമാകെ ആരാധകരെ സൃഷ്ടിച്ച 'എന്‍ജോയ് എന്‍ജാമി'യുടെ അണിയറപ്രവര്‍ത്തകരാണ് പ്രൊമോ ഗാനത്തിന് പിന്നിലും ഒന്നിച്ചിരിക്കുന്നത്.

To advertise here,

പ്രൊമോ ഗാനത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഏറെ പേരുകേട്ട മോക്ക സ്റ്റുഡിയോയിലെ അമിത്ത് കൃഷ്ണനാണ്. 'എന്‍ജോയ് എന്‍ജാമി' ഉള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങളും കോക്ക് സ്റ്റുഡിയോയുടെ കീഴില്‍ ഇറങ്ങിയിട്ടുള്ള ശ്രദ്ധേയ ഗാനങ്ങളുടേയും സംവിധാനം നിര്‍വഹിച്ച് ഏറെ പ്രശംസ നേടിയയാളാണ് അമിത്ത് കൃഷ്ണന്‍. 'എന്‍ജോയ് എന്‍ജാമി'യുടെ ക്യാമറ ചലിപ്പിച്ച അഭിമന്യൂ സദാനന്ദനാണ് ക്യാമറ. രാജ് ബി. ഷെട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളായ 'കരാവലി', 'ജുഗാരി ക്രോസ്' എന്നീ സിനിമകള്‍ക്കും ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിമന്യൂ സദാനന്ദനാണ്. റിയ സൂദാണ് കോറിയോ ഗ്രാഫര്‍. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് വിനായക് ശശികുമാര്‍.

'വിലായത്ത് ബുദ്ധ'യുടെ തിയേറ്റര്‍ റിലീസിന് പിന്നാലെയാണ് സിനിമയുടെ പ്രൊമോ സോങ് തരംഗം സൃഷ്ടിക്കാനായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പൃഥ്വിരാജും ഷമ്മി തിലകനും മത്സരിച്ചഭിനയിച്ചിരിക്കുന്ന 'വിലായത്ത് ബുദ്ധ' തിയേറ്ററുകളില്‍ മികച്ച ജനപിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരില്‍ തന്നെയാണ് ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ ഒരുക്കിയിരിക്കുന്ന ബ്രഹ്‌മാണ്ഡ സിനിമയാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷന്‍സിനുവേണ്ടി എ.വി. അനൂപുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപും രണദിവേയും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്ന ഗാനങ്ങളും പശ്ചാത്തലസംഗീതവു മികവ് പുലര്‍ത്തിയിട്ടുണ്ട്.