
വെണ്ണിലാ ചന്ദനക്കിണ്ണത്തിന്റെ നൈർമല്യംനിറഞ്ഞ ഒരു പാട്ട്. ആ ഒരൊറ്റ ഗാനത്തിലൂടെത്തന്നെ വിദ്യാസാഗർ എന്ന മാന്ത്രികൻ മലയാളി സംഗീതപ്രേമികളുടെ മനസ്സു കീഴടക്കി. മലയാളിമനസ്സിലെ ഗൃഹാതുരമായ ബാല്യകാല ഓർമ്മകൾക്ക് അനുയോജ്യമായ ഈണങ്ങൾ പകർന്നാണ് വിദ്യാസാഗർ മലയാളചലച്ചിത്രസംഗീതരംഗത്തേക്ക് കടന്നുവന്നത്. ഈ പാട്ടുകേട്ട് പലരും അന്യനാട്ടിലെ ജോലി രാജിവെച്ച് കേരളത്തിലേക്ക് തിരിച്ചുപോന്നിരുന്നുവെന്ന് അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
1963 മാർച്ച് രണ്ടിന് ആന്ധ്രപ്രദേശിലെ അമലപുരത്താണ് വിദ്യാസാഗറിന്റെ ജനനം. സംഗീതജ്ഞനായിരുന്ന യു. രാമചന്ദറിന്റെയും സൂര്യകാന്തത്തിന്റെയും മകന് സംഗീതം ആത്മാവിന്റെ മിടിപ്പായിരുന്നു. നാലുവയസ്സുമുതൽത്തന്നെ അച്ഛനിൽനിന്ന് സംഗീതം അഭ്യസിച്ചുതുടങ്ങി. എട്ടുവയസ്സുള്ളപ്പോൾ തുടങ്ങി നാലുവർഷത്തോളം ഗിത്താറും പിയാനോയും അഭ്യസിച്ചു. ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽനിന്ന് പാശ്ചാത്യസംഗീതവും പഠിച്ചു. പതിനൊന്നു വയസ്സായപ്പോഴേക്കും പന്ത്രണ്ടോളം സംഗീതോപകരണങ്ങളിൽ വിദഗ്ധനായി.
മലയാളമടക്കമുള്ള സിനിമകളിലെ പല സംഗീതസംവിധായകരുടെയും സഹായിയായി പ്രവർത്തിക്കാനുള്ള അവസരം വിദ്യാസാഗറിന് ലഭിച്ചു. പതിനൊന്നാം വയസ്സിൽ ദേവരാജൻ മാസ്റ്ററുടെ ഓർക്കസ്ട്ര അംഗമായതോടെ മലയാള ഗാനങ്ങളുമായുള്ള ബന്ധം തുടങ്ങി. അർജുനൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, സലിൽ ചൗധരി, ആർ.ഡി. ബർമൻ തുടങ്ങിയ പ്രതിഭാധനരായ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ച പരിചയമായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള സംഗീതയാത്രയുടെ അടിത്തറ.
കാലാതീതമായ ഈണങ്ങൾ
ക്ലാസിക്കൽ, ഇന്ത്യൻ, പാശ്ചാത്യ, നാടോടി സംഗീതശൈലികളെ മനോഹരമായി സംയോജിപ്പിച്ചാണ് ശ്രോതാക്കളുടെ ഹൃദയംതൊടുന്ന ആത്മാവുള്ള ഗാനങ്ങൾ വിദ്യാസാഗർ ഒരുക്കിയത്. ഓരോ ഗാനവും മറ്റൊന്നിൽനിന്ന് വ്യത്യസ്തമായിരുന്നു. ഓരോ ഗാനത്തിനും അതിന്റേതുമാത്രമായ, ഒരു സ്വത്വം ഉണ്ടായിരുന്നു. ശ്രോതാക്കളുടെ മനസ്സിലെ ഏറ്റവും ലോലമായ വികാരതന്തുക്കളെ അദ്ദേഹം തന്റെ ഈണങ്ങളാൽ സ്പർശിച്ചു. കേരളത്തിന്റെ തനത് വാദ്യോപകരണങ്ങളായ ഇടയ്ക്കയും ചെണ്ടയുമൊക്കെ സന്ദർഭോചിതമായി അദ്ദേഹം പാട്ടുകളിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രണയവർണങ്ങൾ എന്ന ചിത്രത്തിലെ ‘വരമഞ്ഞളാടിയ...’ എന്ന ഗാനം നോക്കൂ. ചിലമ്പണിഞ്ഞ് ഉറഞ്ഞുവരുന്ന വെളിച്ചപ്പാടിനെക്കണ്ട് പേടിക്കുന്ന അന്തർമുഖിയായ നായികയുടെ ഭയവിഹ്വലതകൾ പ്രേക്ഷകരെ അനുഭവിപ്പിക്കാൻ ചെണ്ടയുടെ പ്രയോഗത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ടിൽ തിരുവാതിരക്കളി ചിത്രീകരിച്ചിരിക്കുന്ന സീനിലും പശ്ചാത്തലമായി ഇടയ്ക്കയും ചെണ്ടയും വരുന്നുണ്ട്. മീശമാധവൻ എന്ന ചിത്രത്തിലെ പത്തിരി ചുട്ടു വിളമ്പി വിളിച്ചത്..., എലവത്തൂർ കായലിന്റെ... തുടങ്ങിയ നാടൻപാട്ടുകൾ വിദ്യാസാഗറിന്റെ സംഗീതസംവിധാനത്തിൽ നവീകരിക്കപ്പെടുകയും പുതുമയുള്ള നാടൻശീലുകളായി മാറുകയുംചെയ്തു.
അനുവാചകന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന, എളുപ്പത്തിൽ ഓർമ്മിക്കാനും മൂളിനടക്കാനും കഴിയുന്ന ഈണങ്ങളാണ് വിദ്യാസാഗറിന്റേത്. മൃദുലവും ശ്രുതിമധുരവുമായ സംഗീതത്തിന് ശ്വാശ്വതമായ നിലനിൽപ്പുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ഇത്, ക്ഷണികമായ സംഗീതപ്രവണതകളുടെ ഒരു യുഗത്തിൽ അദ്ദേഹത്തെ വേറിട്ടുനിർത്തി. മേന്മയുള്ളതും സമ്പന്നമായതുമായ ഓർക്കസ്‌ട്രേഷനാണ് അദ്ദേഹം ഉപയോഗിച്ചത്. പൂർണമായും ഇലക്‌ട്രോണിക് എന്നതിനെക്കാൾ പലപ്പോഴും അക്കൗസ്റ്റിക് ഓർക്കസ്ട്രയാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. വരികളുടെയും സംഗീതത്തിന്റെയും ഒഴുക്കിനെ തടസ്സപ്പെടുത്താതെയും അതിൽ വിട്ടുവീഴ്ചചെയ്യാതെയും ക്ലാസിക്കൽ കർണാടക, വെസ്റ്റേൺ, പോപ്പ്, ദക്ഷിണേന്ത്യൻ നാടോടിബീറ്റുകൾ തുടങ്ങിയ വ്യത്യസ്ത സംഗീതവിഭാഗങ്ങളെ ഒരൊറ്റഗാനത്തിൽ ഇഴചേർക്കുന്നതിൽ അദ്ദേഹത്തിന് അതുല്യമായ കഴിവുണ്ടായിരുന്നു. ഗാനത്തിന്റെ വ്യത്യസ്തചരണങ്ങളിൽ അല്പം വ്യത്യസ്തമായ ബാസ് ലൈനുകളോ ഇൻസ്ട്രുമെന്റേഷനോ ഉപയോഗിച്ചുള്ള അതിസൂക്ഷ്മമായ വ്യതിയാനങ്ങൾ, പാട്ടിലെ ഓരോ ആവർത്തനത്തെയും ആകർഷകമാക്കി. തെലുങ്ക് സംഗീതസംവിധായകനായിരുന്നിട്ടും തന്റെ മലയാളഗാനങ്ങളിൽ മലയാളിത്തം സന്നിവേശിപ്പിക്കുന്നതിൽ അദ്ദേഹം വിദഗ്ധനായിരുന്നു. ഇത് മലയാളി പ്രേഷകർക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. ‘വിദ്യാസംഗീത’ത്തിന്റെ മുപ്പതാം വർഷത്തിൽ ഇനി വരാനിരിക്കുന്നത് Adobe Abode എന്ന മ്യൂസിക്കൽ ആൽബമാണ്. ജസിം ജമാലിന്റെയും രക്ഷിത സുരേഷിന്റെയും ആലാപനത്തിൽ ഒരുങ്ങുന്ന ഈ ഗാനം മെലഡിയുടെ വിദ്യാപ്രഭാവംകൊണ്ട് വീണ്ടും പ്രേക്ഷകരെ കീഴടക്കുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Vidyasagar's Three Decades of Melodies: From Devarajan Master's Orchestra to Musical Maestro
Published: 14 Dec 2025, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented