നിന്നെ പുണരാൻ നീട്ടിയ കൈകളിൽ..
----------------------
വെള്ളനാട് നാരായണൻ എന്ന പേര് കേട്ടിട്ടില്ലാത്തവർ ഉണ്ടായിരിക്കാം. പക്ഷെ അദ്ദേഹമെഴുതിയ ഹിറ്റ് ഗാനത്തിന്റെ ശീലുകൾ മനസ്സിലെങ്കിലും മൂളാത്തവർ കുറവായിരിക്കും മലയാളികൾക്കിടയിൽ: ``നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ, നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ...''

To advertise here,

നൊമ്പരമുണർത്തുന്ന ഓർമ്മയാണ് എനിക്ക് നാരായണേട്ടൻ. പതിറ്റാണ്ടിലേറെക്കാലം മുൻപ് മാതൃഭൂമിയുടെ ഓണപ്പതിപ്പിൽ തന്നെക്കുറിച്ചെഴുതിയ ലേഖനത്തിന് നന്ദി പറയാൻ വഞ്ചിയൂരിലെ ഓഫീസിൽ കയറിവന്ന സൗമ്യനും വിനയാന്വിതനുമായ മനുഷ്യന്റെ രൂപം ഓർമ്മയിലുണ്ട്. ``ആദ്യമായാണ് എന്നെപ്പറ്റി ഇത്രയും വിശദമായി ഒരാൾ എഴുതുന്നത്.'' --എന്റെ കൈകൾ ചേർത്തുപിടിച്ച് വികാരഭരിതനായി അദ്ദേഹം പറഞ്ഞു. ``നമ്മുടെ ജീവിതം വ്യർത്ഥമായില്ലല്ലോ എന്ന് തോന്നി അത് വായിച്ചപ്പോൾ. ഇത്രയൊക്കെ അർഹിക്കുന്നുണ്ടോ ഞാൻ?'' കണ്ണീരിനിടയിലൂടെ ചിരിച്ചുകൊണ്ട് നാരായണേട്ടന്റെ ചോദ്യം. ``ആ പാട്ട് അത്രയ്ക്കും ഇഷ്ടപ്പെട്ടുപോയില്ലേ, പിന്നെന്തു ചെയ്യും'' എന്ന് എന്റെ മറുപടി.

 

പിന്നെയും ആ പാട്ടിനെ കുറിച്ച് ലേഖനങ്ങൾ വന്നു; ടെലിവിഷൻ പരിപാടികൾ വരെ. ഓരോ തവണയും സന്തോഷം പങ്കുവയ്ക്കാൻ വിളിക്കും അദ്ദേഹം. ഇടയ്ക്കെപ്പോഴോ ആ വിളികൾ നിലച്ചു. ചികിൽസിച്ചു ഭേദമാക്കാനാവാത്ത ഏതോ അജ്ഞാതരോഗത്തിന്റെ പിടിയിലാണ് നാരായണേട്ടൻ എന്നറിഞ്ഞത് പത്രവാർത്തകളിൽ നിന്നാണ്. ടെലിവിഷൻ സ്ക്രീനിൽ മിന്നിമറഞ്ഞ ക്ഷീണിതനായ രോഗിയുടെ ദൃശ്യങ്ങളിൽ നിന്ന് ഞാനറിയുന്ന വെള്ളനാട് നാരായണന്റെ രൂപം വേർതിരിച്ചെടുക്കുക പ്രയാസമായിരുന്നു. നാരായണേട്ടൻ തന്നെ എഴുതി, മലയാളികൾ ഏറ്റുപാടിയ ``മാധവമെത്തിയ ജീവിതവാടിയിൽ മൂകവിഷാദതുഷാരമോ നീ...ഏതോ മൃദുലദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ'' എന്ന വരികൾക്ക് അറം പറ്റിയപോലെ.

2015 ആഗസ്റ്റ് 8 ന് നാരായണേട്ടൻ ഓർമ്മയായി. അർബുദബാധ എന്നാണ് വാർത്തകളിൽ കണ്ടത്. യാത്രാമൊഴിയായി പറഞ്ഞ വാക്കുകളായിരുന്നു ഓർമ്മയിൽ: ``ഞാൻ തിരിച്ചുവരും, ഇനിയും സിനിമക്ക് പാട്ടെഴുതും. രവിമേനോൻ ഇനിയും എന്നെക്കുറിച്ച് എഴുതും; എഴുതണം. ഉള്ളിലെ മോഹം മരിക്കുന്നില്ലല്ലോ..''

പ്രിയ നാരായണേട്ടന്റെ ഓർമ്മയിൽ ആ പഴയ ലേഖനം വീണ്ടും....
-----------------------
ഭാര്യയെ അല്ലാതെ മറ്റാരെയും പ്രേമിച്ചിട്ടില്ല വെള്ളനാട് നാരായണൻ‍. ``അതിനുള്ള സാഹചര്യവും സമയവും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ബാല്യ- കൗമാര കാലങ്ങളിൽ ദാരിദ്ര്യമായിരുന്നു സന്തതസഹചാരി; യൗവനത്തിൽ രാഷ്ട്രീയവും. ഇതിനിടയിൽ ആർക്കുണ്ട് പ്രണയിക്കാൻ സമയം?'' -- ചിരിച്ചുകൊണ്ട് നാരായണൻ ചോദിക്കുന്നു.

പക്ഷേ, നാരായണൻ ‍ എഴുതിയ ഒരു ഗാനം നിരാശാകാമുകരായ മലയാളികളുടെ ആത്മഗീതമാണിന്നും.-- ``നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ, നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ....'' സരസ്വതീയാമം (1980) എന്ന ചിത്രത്തിന് വേണ്ടി എ ടി ഉമ്മറിന്റെ ഈണത്തിൽ യേശുദാസ് ഹൃദയം നൽകി പാടിയ ഈ വിഷാദഗാനം എപ്പോൾ കേട്ടാലും കണ്ണ് നിറയുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. ``എന്റെ ജീവിതമുണ്ട് ആ പാട്ടിൽ ..'' --ഓടുന്ന തീവണ്ടിയിൽ നിന്ന് വീണു മരിച്ച ആ കൂട്ടുകാരൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു.

മോഹൻ കുമാർ സംവിധാനം ചെയ്ത ``സരസ്വതീയാമ''ത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയതും വെള്ളനാട് നാരായണൻ ‍ തന്നെ. ``തിരുവനന്തപുരത്ത് തമ്പാനൂർ ഓവർ ബ്രിഡ്ജിനടുത്തുണ്ടായിരുന്ന എം ജി എം ലോഡ്ജിനു മുന്നിൽ നിൽക്കുമ്പോഴാണ് അതുവഴി നടന്നു വന്ന മോഹൻ കുമാറിനെ ഒരു സുഹൃത്ത് പരിചയപ്പെടുത്തുന്നത്. ആ ബന്ധം ഒരു സിനിമയോളം വളരുമെന്ന് അന്ന് സങ്കല്പിച്ചിരുന്നില്ല''- നാരായണൻ പറയുന്നു.

വെള്ളനാട്ടെ വീട്ടിലിരുന്ന് സരസ്വതീയാമത്തിനു വേണ്ടി നാരായണൻ നാല് പാട്ടുകൾ എഴുതി -- നിന്നെ പുണരാൻ , ശ്രീരഞ്ജിനീ സ്വരരാഗിണീ, പ്രകൃതീ നീയൊരു പ്രേമനികുഞ്ജം (യേശുദാസ്) , കുളിരിളം കാറ്റത്ത് (ജാനകി). ``പശ്ചാത്തലഗാനമായാണ് നിന്നെ പുണരാൻ ഉപയോഗിച്ചത്. ഇഷ്ടപ്പെട്ട പുരുഷന് പകരം മറ്റൊരാളെ വരിക്കേണ്ടി വരുന്ന യുവതിയുടെ ഹൃദയവേദനയായിരുന്നു ആ പാട്ടിൽ . ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത് എം ജി സോമനും രാഘവനുമൊക്കെയാണെന്നാണ് ഓർമ്മ.''

ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും കാലമായിരുന്നു ബാല്യം-- നാരായണൻ ‍ ഓർക്കുന്നു. ``വെള്ളനാട് പബ്ലിക് ലൈബ്രറിയും മിത്രനികേതൻ ബാലസമാജവും ആയിരുന്നു അക്കാലത്തെ എന്റെ താവളങ്ങൾ. അടുത്ത കൂട്ടുകാർ പുസ്തകങ്ങളും. ചെറുപ്പത്തിൽ തന്നെ വില്ലടിച്ചാൻപാട്ടും കഥാപ്രസംഗവും എഴുതിത്തുടങ്ങി. ക്ലാസ്സിക് നോവലുകളും സുന്ദരയ്യയുടെ തെലുങ്കാന സമരവുമൊക്കെ ഇതിവൃത്തമാക്കി കഥാപ്രസംഗങ്ങൾ എഴുതിയിട്ടുണ്ട് . സഹൃദയകലാസമിതിക്ക് വേണ്ടി അമേച്വർ നാടകങ്ങൾ എഴുതിയതും ആ കാലത്ത് തന്നെ. ഞാൻ എഴുതിയ പല നാടകങ്ങൾക്കും പാട്ടെഴുതിയത് കോന്നിയൂർ ഭാസ് ആയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ട് വലയുകയായിരുന്ന ഭാസിനെ സഹായിക്കുക എന്നൊരു ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു അതിനു പിന്നിൽ. അതിനിടെ വാട്ടർ അതോറിറ്റിയിൽ ചെറിയൊരു ജോലിയും കിട്ടി. നാടകങ്ങളുടെ ജനപ്രീതി കുറഞ്ഞു വന്ന ഘട്ടത്തിലാണ് സരസ്വതീയാമത്തിന്റെ തിരക്കഥയും ഗാനങ്ങളും എഴുതാനുള്ള ക്ഷണം ലഭിച്ചത്. പടം വിജയിച്ചില്ലെങ്കിലും പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. സംവിധായകനായ മോഹൻ‍കുമാർ എവിടെ പോയോ ആവോ. പിന്നെ കണ്ടിട്ടേയില്ല.''

സരസ്വതീയാമത്തിനു പിന്നാലെ കുറച്ചു പടങ്ങൾക്ക് കൂടി പാട്ടെഴുതി നാരായണൻ. ``പൗരുഷ''ത്തിൽ എ ടി ഉമ്മർ തന്നെ സംഗീതം നൽകി യേശുദാസ് -- ജാനകിമാർ പാടിയ ``ഇനിയും ഇതൾ ചൂടിയുണരും മധുരവികാരങ്ങൾ'' എന്ന ഗാനമായിരുന്നു കൂട്ടത്തിൽ‍ ശ്രദ്ധേയം. ``ശുദ്ധഹൃദയനാണ് ഉമ്മർ. എന്റെ മനസ്സിലെ ഗ്രാമീണനെ അദേഹത്തിന് എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.''

വെളിച്ചമില്ലാത്ത വീഥി (സംഗീതം: ഉദയഭാനു) ഉൾപ്പെടെ പിന്നീട് പാട്ടെഴുതിയ പടങ്ങൾ മിക്കതും വെളിച്ചം കണ്ടില്ല. അവസാനമെഴുതിയത് `മൂക്കുത്തി' എന്ന പടത്തിനു വേണ്ടിയാണ്. രമേശ് നാരായണന്റെ സംഗീതത്തിൽ. മിനിസ്ക്രീനിൽ ഏറെ പ്രേക്ഷകരുള്ള ദേവീമാഹാത്മ്യം എന്ന ടെലിവിഷൻ പരമ്പരയുടെ തിരക്കഥയും പാട്ടുകളും എഴുതി വരികയാണ് നാരായണൻ‍ ഇപ്പോൾ.

``എല്ലാം ഒത്തുവന്നാൽ‍ ഇനിയും സിനിമക്ക് പാട്ടെഴുതണം; അതൊരു മോഹമായി മനസ്സിൽ കിടക്കുന്നു''-- നാരായണന്റെ വാക്കുകൾ.

--രവിമേനോൻ (അതിശയരാഗം)

നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ...
നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ...
നിൻ മന്ദഹാസവും നിൻ മുഗ്ദ്ധരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ...

ചുംബിച്ചുണർ‍ത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നുപോയോ....
അംഗുലിയാൽ മൃദുസ്പന്ദമുണർന്നിട്ടും സംഗീതമെല്ലാം മറന്നുപോയോ...

മാധവമെത്തിയ ജീവിതവാടിയിൽ മൂകവിഷാദതുഷാരമോ നീ...
ഏതോ മൃദുലദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ....

Content Highlights :Vellanad Narayanan Ravi Menon paattuvazhiyorathu