സാംസ്‌കാരികമന്ത്രി പി.സി. വിഷ്ണുനാഥിനൊപ്പം തന്റെ ഗാനം പാടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് സംഗീതസംവിധായകൻ ശരത്ത്. മന്ത്രി പി.സി. വിഷ്ണുനാഥ് പാടിത്തുടങ്ങിയ, ക്ഷണക്കത്ത് എന്ന ചിത്രത്തിലെ 'ആകാശദീപം എന്നുമുണരുമിടമായോ...' എന്ന ഗാനം പാടി പൂർത്തിയാക്കുന്ന വീഡിയോയാണ് പങ്കുവെച്ചത്. ‘ഒരു മന്ത്രിയുടെ കൂടെ ഡ്യുയെറ്റ് പാടണം എന്ന മോഹം പൂവണിഞ്ഞു, എന്ന കുറിപ്പോടെയാണ് വീഡിയോ. അസാധ്യമായി പാടിയെന്ന് മന്ത്രിയെ പ്രശംസിക്കാനും ശരത്ത് മറന്നില്ല.

To advertise here,

'ഒരു മന്ത്രിയുടെ കൂടെ ഡ്യുവെറ്റ് പാടണം എന്ന മോഹം പൂവണിഞ്ഞു. ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി, സഹോദര തുല്യനായ പ്രിയപ്പെട്ട വിഷ്ണുനാഥ് നല്ല ഗായകൻ കൂടിയാണെന്ന് തിരച്ചറിഞ്ഞ നിമിഷം', എന്നായിരുന്നു വീഡിയോയ്ക്ക് ക്യാപ്ഷനായി ശരത്ത് പങ്കുവെച്ചത്.

മഹാപഥം: ദ ഡാൻസിങ് ലെജൻഡ് ഓഡിയോ ലോഞ്ചിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. ബുധനാഴ്ച തിരുവനന്തപുരം ഗുരു ഗോപിനാഥ് നടനഗ്രാമത്തിലെ ചിലമ്പൊലി ആംഫി തിയേറ്ററിലായിരുന്നു പരിപാടി. നടി മല്ലികാ സുകുമാരനും വേദിയിലുണ്ടായിരുന്നു.

'ഞാനങ്ങനെ പാട്ടുപാടുന്ന ആളൊന്നുമല്ല', എന്ന മുഖവുരയോടെയാണ് മന്ത്രി വിഷ്ണുനാഥ് സംസാരിച്ചുതുടങ്ങിയത്. 'നന്നായി പാടാൻ അറിയില്ല. മന്ത്രിയായി പാടി കുളമായാൽ, കൂടുതൽ പ്രശ്‌നമാണ്. നാട്ടിലൊക്കെയാണെങ്കിൽ സ്‌നേഹിക്കുന്നവർ അത് ക്ഷമിക്കും. എന്നാൽ, മന്ത്രിയുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു വീഴ്ചയുണ്ടാവാൻ പാടില്ല. മന്ത്രിയായ ശേഷം ചില സ്ഥലങ്ങളിൽ പോയപ്പോൾ ചിലർ ചോദിച്ചു. പക്ഷേ, ഞാൻ എവിടേയും പാടിയില്ല', മന്ത്രി പറഞ്ഞു.

'സത്യപ്രതിജ്ഞ ചെയ്തിട്ട് ഗവർണർ സംസാരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചോ എന്ന് ഞാൻ അവരോട് ചോദിച്ചു. ഇനി എവിടേയും പോയി പാടരുതെന്നാണ് ഗവർണർ പറഞ്ഞതെന്ന് ഞാൻ പറഞ്ഞു. ഗവർണർ പറഞ്ഞതായതുകൊണ്ട് അത് കേൾക്കാതിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറും', വിഷ്ണുനാഥ് തമാശരൂപേണ പറഞ്ഞു.

'റിയാലിറ്റി ഷോകളിൽ നന്നായി പാടുന്ന പിള്ളേരെ വരെ ഇദ്ദേഹം എടുത്ത് കൈകാര്യംചെയ്യുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ. എന്നിട്ട് ഈ സാഹസത്തിന് മുതിരുന്നത് കുട്ടികളുടെ ക്യാംപ് ആയതുകൊണ്ടുമാത്രമാണ്', എന്നുപറഞ്ഞാണ് പാട്ട് പാടിയത്. 'വെള്ളി വീഴുകയാണെങ്കിൽ വീഡിയോ പിടിക്കുന്നവർ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യണം', എന്നൊരു അഭ്യർഥനയും മന്ത്രി മുന്നോട്ടുവെച്ചു.

തുടർന്ന് ശരത്ത് സംഗീതം നൽകിയ ക്ഷണക്കത്ത് എന്ന ചിത്രത്തിലെ ആകാശദീപം എന്നുമുണരുമിടമായോ എന്ന ഗാനം മന്ത്രി പാടി. തലയാട്ടി ഗാനം ആസ്വദിക്കുന്ന ശരത്തിനെ വീഡിയോയിൽ കാണാം. രണ്ടുവരി പാടിയ മന്ത്രി, 'ബാക്കി പാടണമെങ്കിൽ ഞാൻ കുറച്ചുകൂടി പരിശീലനം നേടേണ്ടതുണ്ട്', എന്ന് പറഞ്ഞ് മൈക്ക് ശരത്തിന് കൈമാറി.

മന്ത്രി അസാധ്യമായി പാടിയെന്ന് ശരത്ത് പ്രശംസിച്ചു. നന്നായിട്ട് പാടി എന്നും കൂട്ടിച്ചേർത്ത് സംഗീതസംവിധായകൻ പാട്ടിന്റെ പല്ലവി പൂർത്തിയാക്കിയപ്പോൾ സദസ്സിൽനിന്ന് വൻ കൈയടിയാണ് ലഭിച്ചത്. ശരത്തിനൊപ്പം ഒരു വരികൂടി മന്ത്രിയും ചേർന്ന് പാടി.