തിരുവനന്തപുരം: ‘മൈക്കിൾ ഈസ് സ്മൈലിങ് അറ്റ് യു’ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് ഒരു മലയാളിപ്പെൺകുട്ടിയുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ച സ്നേഹം. മൈക്കിൾ ജാക്‌സൻ തൊപ്പിയും കറുത്ത തിളക്കമുള്ള കോട്ടും ഭരതനാട്യം സ്റ്റൈൽ ഉടയാടയും ചേർന്ന വേഷം. വിരലുകളിൽ മുദ്രകളും കാലിൽ ചിലങ്കയ്ക്കൊപ്പം മൈക്കിൾ ജാക്‌സന്റെ ചുവടുകളും. മൈക്കിൾ ജാക്‌സന്റെ ‘ബില്ലീ ജീനി’ന് തിരുവനന്തപുരം സ്വദേശി സാരംഗി ശ്യാമും സുഹൃത്തുക്കളും ചുവടുവെച്ചപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ ലോകം അതേറ്റെടുത്തു. 1.2 മില്യൺ കാഴ്ചക്കാർ കടന്നു എം.ജെ. ഫ്യൂഷനെന്ന ആ വീഡിയോയ്ക്ക്. രാജ്യം കടന്ന് ട്രെൻഡിങ്ങിലാണ് മല്ലൂഗേൾസിന്റെ ‘മുദ്രാസ് ഇൻ മൈക്കിൾ ജാക്‌സൻസ് ബില്ലീ ജീൻ’ എന്ന എം.ജെ. ഫ്യൂഷൻ.

To advertise here,

‘‘പണ്ടുതൊട്ടേ മൈക്കിൾ ജാക്സനെ ഇഷ്ടമായിരുന്നു. പാട്ടും ഡാൻസുമെല്ലാം സ്ഥിരമായി കാണുകയും കേൾക്കുകയും ചെയ്യും. അങ്ങനെ മനസ്സിൽ പതിഞ്ഞ ഒന്നാണ് മൈക്കിൾ ജാക്‌സന്റെ ‘ബില്ലീ ജീൻ’. ആ പാട്ടിന് കൊറിയോഗ്രഫി ചെയ്യുകയെന്നത് സ്വപ്നമായിരുന്നു. മൈക്കിൾ ജാക്സന് ഒരു സമർപ്പണമായി ചെയ്ത കൊറിയോഗ്രഫിയായിരുന്നു ‘എം.ജെ. ഫ്യൂഷൻ’. പ്രതീക്ഷകൾക്കപ്പുറമായിരുന്നു ആ വീഡിയോയ്ക്ക് കിട്ടിയ പിന്തുണ. ഇന്ത്യയ്ക്ക് പുറത്തുനിന്നുപോലും പലരും അഭിനന്ദനസന്ദേശങ്ങൾ അയച്ചു” -സാരംഗി പറയുന്നു.

വീഡിയോയ്ക്കായി ഫ്യൂഷൻ കൊറിയോഗ്രഫി ചെയ്തത് സാരംഗിയാണ്. കൊറിയോഗ്രഫി, പരിശീലനം, വസ്ത്രാലങ്കാരം എന്നിവയെല്ലാം ചേർത്ത് രണ്ടുദിവസംകൊണ്ടാണ് വീഡിയോയ്ക്കായുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. മൂന്നുമണിക്കൂർകൊണ്ട് പരിശീലനം പൂർത്തിയാക്കി. വീഡിയോയ്ക്കായി ചെയ്ത വസ്ത്രധാരണത്തിൽപ്പോലും മൈക്കിൾ ജാക്‌സൻ ടച്ച് കൊണ്ടുവരാൻ ശ്രമിച്ചു. ശാസ്ത്രീയനൃത്തം ചേർത്തുള്ള അവതരണമായതിനാൽ ഷൂസ് ധരിച്ചില്ല. പകരം ഒറ്റനോട്ടത്തിൽ ഷൂസെന്ന് തോന്നിപ്പിക്കുന്ന ഷൂസിനു സമാനമായ കളർപാറ്റേണുള്ള സോക്‌സ് ധരിച്ചു. ലക്ഷ്മി ഷാജി, സമീക്ഷ, ചൈതന്യ, ഗൗതമി അരവിന്ദ്, ദിൽസാനാ സുനിൽ, മൃദുലാ മേനോൻ എന്നിവരാണ് സാരംഗിക്കൊപ്പം നൃത്തംചെയ്തവർ.

ആറുവയസ്സുമുതൽ സാരംഗി ശാസ്ത്രീയനൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നിവയ്ക്കുപുറമേ സ്ട്രീറ്റ് സ്റ്റൈൽ ഡാൻസിൽ ഹിപ് ഹോപ്, ലൈറ്റ് ഫീറ്റ്, ലോക്കിങ്, ഹൗസ് എന്നിവയും പരിശീലിച്ചിട്ടുണ്ട്. രണ്ടു ശൈലിയും വഴങ്ങുമെന്ന് മനസ്സിലായതോടെയാണ് ഫ്യൂഷൻ എന്ന ആശയത്തിലേക്ക് എത്തിയത്. ആ രീതിയിലാണ് സ്ട്രീറ്റ് ഓ ക്ലാസിക്കൽ സ്റ്റൈലിൽ കൊറിയോഗ്രഫി ചെയ്തുതുടങ്ങിയത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡാൻസ് വീഡിയോ ആളുകൾ സ്വീകരിച്ചു. അത്തരം വീഡിയോകൾ കൊറിയോഗ്രഫി ചെയ്യുന്നത് തുടർന്നു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ഡാൻസ് വീഡിയോ കണ്ടിട്ടാണ് സിനിമയിലേക്ക് ഓഡിഷൻ കോൾ വന്നത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന സിനിമയിലെ നായികയാണ് സാംരംഗി ശ്യാം. നൃത്തത്തോടൊപ്പം താത്പര്യമുള്ള മറ്റൊരു മേഖലയാണ് അഭിനയവും. നല്ല കൊറിയോഗ്രഫികൾ ചെയ്യാനും അതു മികച്ച രീതിയിൽ അവതരിപ്പിക്കാനും കഴിയണമെന്നാണ് സാംരംഗിയുടെ മോഹം; ഒപ്പം സിനിമകളും.

സെയ്‌ന്റ് തോമസ് റസിഡെൻഷ്യൽ സ്കൂളിലായിരുന്നു പ്ലസ്ടു വരെ പഠനം. അതിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബി.എസ്.സി. ഫിസിക്സിൽ ബിരുദം നേടി. വെള്ളയമ്പലം വി.ജെ. ലെയ്ൻ സ്വർഗീയംവീട്ടിൽ ഐ.എസ്.ആർ.ഒയിലെ റിട്ട. സയന്റിസ്റ്റായ എൻ.ശ്യാം മോഹന്റെയും സെയ്‌ന്റ് തോമസ് എൻജിനിയറിങ് കോളേജിലെ റിട്ട. പ്രൊഫസറായ സീമാ ശ്യാം മോഹന്റെയും മകളാണ്. സഹോദരൻ സംഗീത് ശ്യാം സോഫ്‌റ്റ്‌വേർ എൻജിനിയറാണ്.