
തമിഴിലെ യുവ സംഗീതസംവിധായകനും ഗായകനുമായ സായ് അഭ്യങ്കർ തന്റെ അഞ്ചാമത്തെ ഇൻഡിപെൻഡന്റ് മ്യൂസിക് സിംഗിൾ പുറത്തിറക്കി. 'പവഴ മല്ലി' എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായ് തന്നെയാണ്. നടിയും സംഗീതസംവിധായികയും ഗായികയുമായ ശ്രുതി ഹാസനാണ് ഇത്തവണ സായ്‌ക്കൊപ്പം പാടിയിരിക്കുന്നത്. സായ്‌യുടെ സഹോദരി സായ് സ്മൃതിയാണ് നേരത്തെ നാലിൽ രണ്ട് ഗാനങ്ങളിലും ഫീമെയിൽ വോയ്‌സ് പാടിയത്.
തിങ്ക് മ്യൂസിക് ഇന്ത്യയുടെ തിങ്ക് ഇൻഡി പരമ്പരയുടെ ഭാഗമാണ് 'പവഴ മല്ലി'യും. സായ്‌യുടെ ആദ്യ ഇൻഡിപെൻഡന്റ് സിംഗിളായ 'കച്ചി സേറ'യിൽ സംയുക്ത വിശ്വനാഥനായിരുന്നു സ്‌ക്രീനിൽ ഒപ്പമുണ്ടായിരുന്നത്. സായ്‌യെ സെൻസേഷണൽ ഗായകനും സംഗീതസംവിധായകനുമായി ഉയർത്തിയ 'ആസ കൂട' എന്ന ഗാനത്തിൽ പ്രീതി മുകുന്ദനായിരുന്നു ഒപ്പം. ഇതേഗാനത്തിലെ ചുവടുകൾ നിവിൻ പോളി ചിത്രം 'സർവ്വം മായ'യിൽ പ്രീതി പുനരാവിഷ്‌കരിച്ചിരുന്നു. ‘സിത്തിര പുത്തിരി’യിൽ മീനാക്ഷി ചൗധരിക്കും ‘വിഴി വീക്കുര’യിൽ സാൻവി മേഘ്‌നയ്ക്കും പിന്നാലെ പുതിയ മ്യൂസിക് വീഡിയോയിൽ കയാദു ലോഹറാണ് സായ്‌ക്കൊപ്പം ചുവടുകൾവെക്കുന്നത്.
'ആസ കൂട'യ്ക്കുശേഷം സംവിധായകൻ തേജു ഭരദ്വാജിനൊപ്പം സായ് ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 'പവഴ മല്ലി'ക്കുണ്ട്. 'സിത്തിര പുത്തിരി'ക്ക് വരികളെഴുതിയ വിവേക് തന്നെയാണ് പുതിയ സിംഗിളിന്റേയും ഗാനരചയിതാവ്. യൂട്യൂബിലെ കാഴ്ചാകണക്കുകളിൽ റെക്കോർഡുകൾ പുതുക്കിയെഴുതിയ മ്യൂസിക് വീഡിയോകളായിരുന്നു 'കച്ചി സേറ'യും 'ആസ കൂട'യും. കഴിഞ്ഞദിവസം സ്‌പോട്ടിഫൈയിലാണ് 'പവിഴ മല്ലി' പുറത്തിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ടോടെ മ്യൂസിക് വീഡിയോയുമെത്തി. ഒരുമണിക്കൂറിൽ രണ്ടുലക്ഷത്തിലേറെപ്പേരാണ് വീഡിയോ കണ്ടത്.
നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. വിക്കി പപ് എഡിറ്റിങ്ങും വിഎഫ്എക്‌സും നിർവഹിച്ചിരിക്കുന്നു. മലയാളത്തിലേയും തമിഴിയിലേയും ശ്രദ്ധേയ കോറിയോഗ്രാഫർ എം. ഷെരിഫ് ആണ് മ്യൂസിക് വീഡിയോയ്ക്ക് ചുവടുകൾ ഒരുക്കിയിരിക്കുന്നത്.
ഷെയിൻ നിഗത്തിന്റെ മലയാളചിത്രം ബൾട്ടിയാണ് സായ് സ്വതന്ത്രസംഗീത സംവിധായകനായി പുറത്തിറങ്ങിയ ആദ്യസിനിമ. ചിത്രത്തിന് പാട്ടൊരുക്കാൻ സായ്‌യ്ക്ക് രണ്ടുകോടി രൂപയാണ് പ്രതിഫലം നൽകിയതെന്ന നിർമാതാവിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'ഡ്യൂഡി'ലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ 'ഊരും ബ്ലെഡ്' അടുത്തകാലത്തെ ഏറ്റവും വലിയ ഹിറ്റാണ്.
രാഘവ ലോറൻസും നിവിൻ പോളിയും പ്രധാനവേഷത്തിലെത്തുന്ന 'ബെൻസ്', സൂര്യയുടെ 'കറുപ്പ്', അല്ലു അർജുൻ- അറ്റ്‌ലീ ചിത്രം, കാർത്തിയുടെ 'മാർഷൽ' എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നവ. ധനുഷ് നായകനാവുന്ന, മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന രാജ്കുമാർ പെരിയസ്വാമി ചിത്രത്തിലും സായ് സംഗീതസംവിധായകന്റെ വേഷമണിയും. സിബി ചക്രവർത്തി സംവിധാനംചെയ്യുന്ന രജനീകാന്ത് ചിത്രത്തിനും സംഗീതമൊരുക്കുന്നത് സായ് ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്.
Content Highlights: Sai Abhyankkar releases his fifth independent single titled 'Pavazha Malli'. The song features vocals by acclaimed actress and singer Shruti Haasan. The music video stars actress Kayadu Lohar alongside Sai Abhyankkar. This track follows the massive viral success of his previous hits 'Katchi Sera' and 'Aasa Kooda'.
Published: 05 Mar 2026, 09:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented