റോളിങ് സ്റ്റോണ്‍ ഇന്ത്യ മാസികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അറിവിന് പിന്തുണയുമായി കനേഡിയന്‍ റാപ്പറും 'നീയേ ഒലി'യുടെ ഗായകനുമായ ഷാന്‍ വിന്‍സന്റ് ഡീ പോള്‍. അറിവിന് താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് വ്യക്തമാക്കിയ ഡീ പോള്‍, മാധ്യമ വാര്‍ത്തകള്‍ക്കും, ചിലരുടെ രാഷ്ട്രീയങ്ങള്‍ക്കും തങ്ങളെ ഭിന്നിപ്പിക്കാനാകില്ലെന്നും കുറിച്ചു. പാ.രഞ്ജിത്തിന്റെ പരാമര്‍ശം ഭിന്നതയുണ്ടാക്കിയെന്നും ഡീ പോള്‍ കൂട്ടിച്ചേര്‍ത്തു.

To advertise here,

അറിവിന്റെ പേര് അദ്ദേഹത്തിന്റെ പാട്ടുകളുടെ റീമിക്സികളില്‍ നിന്നും പാട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംവിധായകന്‍ പാ രഞ്ജിത്ത് അടക്കമുള്ളവര്‍ മ്യൂസിക് മാഗസിനായ റോളിംഗ് സ്റ്റോണ്‍ ഇന്ത്യ, എ.ആര്‍ റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്ഫോം മാജാ എന്നിവയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി.

'നീയേ ഒലി' രചിച്ചതും 'എന്‍ജോയ് എന്‍ജാമി'യുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും അറിവാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്ല. ഇത്തരം ഒഴിവാക്കലുകളെയാണ് അദ്ദേഹത്തിന്റെ വരികള്‍ പ്രതിനിധാനം ചെയ്യുന്നതെന്നും പാ രഞ്ജിത്ത് പറയുന്നു.

ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഷാന്‍ വിന്‍സന്റ് ഡി പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അറിവിന് തന്റെ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

'നിരവധി പേര്‍ക്ക് പ്രചോദനമാണ് അറിവ് എന്ന കാലാകാരന്‍. ഞങ്ങള്‍ രണ്ടു പേരും പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ ഒന്നാണ്. ഈ സൃഷ്ടികള്‍ക്കു പിന്നില്‍ നിങ്ങളുടെ സംഭാവന എത്രത്തോളം വലുതാണെന്നതില്‍ യാതൊരു സംശയവുമില്ല. നിങ്ങളുടെ നേട്ടങ്ങള്‍ തട്ടിപ്പറിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിക്കില്ല. ഇവിടെ ഇത്രത്തോളം എത്തുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഒരുക്കമാണ്'- ഷാന്‍ വിന്‍സന്റ് വ്യക്തമാക്കി.

പാ.രഞ്ജിത്തിന്റെ ട്വീറ്റ് ഭിന്നിപ്പിന് തീകൊളുത്തിയെന്നും ഡി പോള്‍ ആരോപിച്ചു.

'സത്യം എന്തെന്നറിയാതെ അദ്ദേഹത്തിന്റെ ട്വീറ്റ് ലക്ഷങ്ങളിലേക്കെത്തി. നീയേ ഒലി എന്ന ഗാനം രചിച്ചത് അറിവാണ് എന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും, എന്റെ സംഭാവനകളെ കുറിച്ച് പരാമര്‍ശിച്ചില്ല. ഗാനത്തിലെ എന്റെ ഭാഗങ്ങള്‍ ഞാന്‍ തന്നെയാണ് എഴുതിയത്, എഡിറ്റ് ചെയ്തതും ഞാനാണ്. തമിഴ് വരികള്‍ അറിവും എഴുതി. അതൊരു കൂട്ടായ പ്രയത്‌നമായിരുന്നു- ഡീ പോള്‍ കുറിച്ചു.

Content Highlights: Rolling Stone controversy, Canadian rapper Shan Vincent De Paul supports Arivu, criticises Pa Ranjith, neeyae oli song