
തെല്ലും നിനച്ചിരിക്കാതെ മധുരോദാരമായ ഒരീണം വന്ന് വാതിൽക്കൽ പുഞ്ചിരിച്ചുനിന്ന നിമിഷം. ഒരേ സമയം സ്നേഹാർദ്രവും വിഷാദാർദ്രവുമായ ഓർമ്മയാണ് ഡേവിഡ് കാച്ചപ്പിള്ളിക്ക് ആ സുന്ദര മുഹൂർത്തം; പതിറ്റാണ്ടുകൾക്കിപ്പുറവും.
"ചിത്രവർണ്ണങ്ങൾ" എന്ന പുസ്തകത്തിന്റെ ആസ്വാദനം പത്രത്തിൽ വായിച്ചു വികാരാധീനനായി വിളിച്ചതായിരുന്നു ഡേവിഡ്. താൻ കൂടി നിർമാണപങ്കാളിയായ "ഒരു കഥ ഒരു നുണക്കഥ" (1986) യിലെ "അറിയാതെ അറിയാതെ" എന്ന പാട്ടിനെ കുറിച്ചെഴുതിയ വാക്കുകളാണ് അദ്ദേഹത്തെ സ്പർശിച്ചത്. ആ ഗാനത്തിന്റെ പിറവിയിലെ നിർണ്ണായക സാന്നിധ്യമായിരുന്നു ഡേവിഡിന്റെ ഭാര്യ സുജാത. മൂന്നര പതിറ്റാണ്ടിലേറെക്കാലം മുൻപ് ഒരു ജൂലൈ 19-ന് യാത്രപോലും പറയാതെ പിരിഞ്ഞ ഭാര്യയുടെ ഓർമദിനം തന്നെ ആകസ്മികമായി ആ അനുഭവം വായിക്കേണ്ടി വന്നു എന്നത് വിധിനിയോഗമാകാം. ചിത്ര ഹൃദയം നൽകി പാടിയ ആ കാവ്യഗീതം സുജാതയുടെ മാത്രമല്ല പ്രിയസുഹൃത്തായ സംഗീത സംവിധായകൻ ജോൺസന്റെയും മരിക്കാത്ത ഓർമയാണ് ഡേവിഡിന്.
ഒന്നും മറന്നിട്ടില്ല ഡേവിഡ്. ചെന്നൈയിലെ ഹോട്ടൽ മുറിയിൽ "ഒരു കഥ ഒരു നുണക്കഥ"യുടെ ഗാനസൃഷ്ടി നടക്കുന്നു. ജോൺസണും ഗാനരചയിതാവ് എം ഡി രാജേന്ദ്രനും സംവിധായകൻ മോഹനുമുണ്ട് സ്ഥലത്ത്. പടത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യമുള്ള പാട്ടാണ്. ഗസൽ പോലെ ആർദ്രമായ ഒരു ഭാവഗീതം വേണം അവിടെ എന്ന് മോഹന് നിർബന്ധം. ജോൺസൺ വഴിക്കുവഴിയായി ഹാർമോണിയത്തിൽ ഈണങ്ങൾ വായിക്കുന്നു. നിർഭാഗ്യവശാൽ സംവിധായകന്റെയും നിർമാതാവിന്റെയും പ്രതീക്ഷകളോട് ചേർന്നുനിൽക്കുന്നില്ല ഒന്നും.
"മൂന്ന് ദിവസത്തോളമാണ് ജോൺസൺ ആ ഈണത്തിന് വേണ്ടി യത്നിച്ചത്." -- ഡേവിഡിന്റെ ഓർമ്മ. മൂന്നാം ദിവസം ഉച്ചയോടെ കംപോസിംഗ് താൽക്കാലികമായി നിർത്തിവെച്ച് എല്ലാവരും ഉച്ചഭക്ഷണത്തിന് പിരിയുന്നു. "വീട്ടിലേക്കുള്ള യാത്രയിൽ ആകെ അസ്വസ്ഥമായിരുന്നു മനസ്സ്. ഒരു പാട്ടിന് വേണ്ടി ഇത്രയും സമയം ചെലവഴിക്കേണ്ടി വന്നിട്ടില്ല ഒരിക്കലും. നല്ലൊരു ട്യൂൺ കിട്ടിയില്ലെങ്കിൽ പാട്ടിന്റെ സിറ്റ്വേഷൻ തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് നില." -- ഡേവിഡിന്റെ ഓർമ്മ.
വീട്ടിന് മുന്നിലെത്തി കോളിങ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് സുജാത. മനോഹരമായ ഒരു മൂളിപ്പാട്ടുണ്ടായിരുന്നു അപ്പോൾ ഭാര്യയുടെ ചുണ്ടിൽ. "ഞങ്ങൾ രണ്ടു പേരും സംഗീത പ്രിയരായത് കൊണ്ട് പാട്ട് എളുപ്പം പിടികിട്ടി. ഗുൽസാറിന്റെ പരിചയ് എന്ന പടത്തിൽ ആർ ഡി ബർമ്മന്റെ ഈണത്തിൽ ലതാജിയും ഭുപീന്ദറും ചേർന്ന് പാടിയതാണ്: ബീത്തി നാ ബിതായീ രെയ്‌നാ. എനിക്കും അവൾക്കും ഏറെ ഇഷ്ടപ്പെട്ട ഗാനം." ലതാ മങ്കേഷ്ക്കർക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പാട്ടു കൂടിയാണത്.
ഇഷ്ടഗാനത്തിന്റെ സൗന്ദര്യത്തിൽ മുഴുകിനിൽക്കേ ഡേവിഡിന് മനസ്സിൽ തോന്നി ഈ ഈണം തന്റെ പടത്തിലെ സന്ദർഭത്തിന് ഇണങ്ങുമല്ലോ എന്ന്. പിന്നെ ഒരു നിമിഷം പോലും പാഴാക്കിയില്ല. നേരെ ജോൺസണെ ഫോണിൽ വിളിച്ചു. ഭാര്യയുടെ ശബ്ദത്തിൽ ഹിന്ദി ഗാനം അദ്ദേഹത്തെ കേൾപ്പിച്ചു. ഈ ഈണത്തിന്റെ മാതൃകയിൽ ഒരു മലയാള ഗാനം സൃഷ്ടിക്കാമോ എന്നൊരു ചോദ്യവും.
ഈണമോഷണത്തോട് പണ്ടേ താൽപ്പര്യമില്ല ജോൺസണ്. കോപ്പിയടിക്കാനുള്ള പ്രലോഭനവുമായി മറുഭാഷാഗാനങ്ങളുടെ ഡിസ്കുകൾ സംഘടിപ്പിച്ചു വന്നെത്തുന്ന സിനിമാക്കാരെ ഓടിച്ചു വിടുന്നതാണ് അദ്ദേഹത്തിന്റെ രീതി. "ഹിന്ദിയിലെ ഈണം പകർത്തണം എന്ന് പറയരുത്,''-- മാസ്റ്ററുടെ മറുപടി. "വേണമെങ്കിൽ അതിന്റെ മൂഡിൽ വേറൊരു പാട്ട് ഉണ്ടാക്കാൻ ശ്രമിക്കാം. പൂർണമായും എന്റെതായിരിക്കും ആ ഈണം.'' വിരോധമില്ല ആർക്കും.
ഇനിയുള്ള കഥ ജോൺസനൊപ്പം ഉണ്ടായിരുന്ന എം ഡി രാജേന്ദ്രന്റെ വാക്കുകളിൽ: "പാട്ട് ഒരു തവണ കേൾക്കേണ്ടി വന്നതേയുള്ളൂ ജോൺസണ്. ഹാർമോണിയം മുന്നിലേക്ക് നീക്കിവെച്ച് ആദ്യവരിയുടെ ഈണം വായിച്ചു കേൾപ്പിക്കുന്നു അദ്ദേഹം. അത് കേൾക്കേണ്ട താമസം, അറിയാതെ അറിയാതെ എന്നിലെ എന്നിൽ നീ കവിതയായ് വന്നു തുളുമ്പീ എന്ന വരി പാടിക്കേൾപ്പിക്കുന്നു ഞാൻ. ജോൺസൺ ഹാപ്പി. അടുത്ത വരികളും പിന്നാലെ വന്നു. തികച്ചും സ്വതന്ത്രമായ ഒരീണം. "ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം, ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിക്കുന്ന യാമം...'' ആദ്യം ഈണമിട്ട് എഴുതിയതാണെന്ന് തോന്നില്ല ആ വരികൾ.
ഏതാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ പാട്ട് പൂർത്തിയാകാൻ. ഊണ് കഴിച്ചു തിരിച്ചെത്തിയ മോഹന് ആദ്യ കേൾവിയിൽ തന്നെ പാട്ട് ഓക്കേ. മൂന്ന് ദിവസം നീണ്ട പാട്ടുണ്ടാക്കൽ യജ്ഞത്തിന് അങ്ങനെ വിജയകരമായ പരിസമാപ്തി. ചിത്രയുടെ ശബ്ദത്തിൽ പിറ്റേന്ന് എ വി എം സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡ് ചെയ്യപ്പെടുന്നു. ഗായകനും ജോൺസന്റെ ഓർക്കസ്ട്ര സഹായിയുമായ മനോഹരന്റെ ശബ്ദസാന്നിധ്യം കൂടിയുണ്ട് ആ ഗാനത്തിന്റെ പശ്ചാത്തലത്തിൽ.
"സുജാതയുടെ മൂളിപ്പാട്ടില്ലായിരുന്നെങ്കിൽ അറിയാതെ എന്ന പാട്ടും ഉണ്ടാവില്ലായിരുന്നു എന്നതാണ് സത്യം." - ഡേവിഡ് പറയുന്നു. "ഇന്നും ആ പാട്ടിനെ ഹൃദയത്തോട് ചേർത്തുവെക്കുന്നവരെ കണ്ടു മുട്ടാറുണ്ട്. അപ്പോഴൊക്കെ ഞാൻ സുജാതയെ ഓർക്കും." മമ്മൂട്ടിക്കും ഏറെ പ്രിയപ്പെട്ട പാട്ടാണ് "അറിയാതെ." തമ്മിൽ കാണുമ്പോഴെല്ലാം ആ പാട്ടിന്റെ സൗന്ദര്യത്തെ കുറിച്ച് വാചാലനാകാറുണ്ട് മമ്മൂട്ടി എന്ന് എം ഡി രാജേന്ദ്രൻ.
ഇന്നസെന്റിനൊപ്പം "ഒരു കഥ ഒരു നുണക്കഥ"യുടെ നിർമ്മാണ പങ്കാളിയായിരുന്ന ഡേവിഡ് പിന്നീട് നിരവധി സിനിമകൾ നിർമ്മിച്ചു. പലതും മലയാളസിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായ പടങ്ങൾ: വിടപറയും മുൻപേ, ഓർമ്മക്കായ്, ഇളക്കങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഇഷ്ടം, നമ്മൾ, പൊറിഞ്ചു മറിയം ജോസ്, പാപ്പൻ... എല്ലാ ജനുസ്സിലും പെട്ട ചിത്രങ്ങൾ. ഡേവിഡ് --സുജാത ദമ്പതികളുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി മലയാളത്തിലെ തിരക്കേറിയ ഛായാഗ്രാഹകനാണിപ്പോൾ. ആദ്യഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പുനർവിവാഹിതനായ ഡേവിഡ് പുതിയൊരു ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ സജീവം.
Content Highlights: ravimenon about oru kadha oru nunakkadha movie song ariyathe ariyathe
Published: 24 Jul 2024, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented