ബോളിവുഡ് ഏറെ പ്രതീക്ഷയോടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് വിക്കി കൗശല്‍ ഇതിഹാസ മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവായി എത്തുന്ന 'ഛാവ'. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത്. ലക്ഷ്മണ്‍ ഉടേക്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ അരിജിത് സിങ് പാടിയ 'ജാനെ തു' എന്ന ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
സംഭാജി മഹാരാജാവിന്റെയും മഹാറാണി യേശുഭായിയുടെയും പ്രണയം ചിത്രീകരിച്ചിരിക്കുന്ന ഗാനം സോണി മ്യൂസിക് ഇന്ത്യയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി എത്തുന്നത് അക്ഷയ് ഖന്നയാണ്.
അശുതോഷ് റാണ, ദിവ്യ ദത്ത, വിനീത് കുമാര്‍, സന്തോഷ് ജുവേകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 14-നാണ് തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ ട്രെയിലറിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ ആദ്യഗാനത്തിനെയും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എ.ആര്‍. റഹ്മാന്‍-അരിജിത് സിങ് കോംബോ ഒരിക്കലും നിരാശപ്പെടുത്താറില്ലെന്നും അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് 'ജാനെ തു' എന്ന ഗാനമെന്നും ആരാധകര്‍ പറയുന്നു.
Content Highlights: rashmika mandanna vicky kaushal chhaava movie jaane tu song by arjit singh music ar rahman
Published: 31 Jan 2025, 10:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented