ചന്തമുള്ളൊരു 'ചന്തക്കാരി' പാട്ടിന് പിന്നാലെ അടിമുടി ക്രിസ്മസ് ആഘോഷ മേളങ്ങളുമായി ആന്റണി വര്‍ഗീസ് നായകനാകുന്ന പൂവനിലെ പുതിയ പാട്ട് പുറത്ത്. ലോകകപ്പ് ആവേശത്തില്‍നിന്ന് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്ക് കടക്കുന്ന മാലോകര്‍ക്ക് മതിമറന്ന് ചുവടുവയ്ക്കാനായാണ് പള്ളിമേടയില്‍ എന്നുതുടങ്ങുന്ന പാട്ട്. ഡിസംബറിലെ മഞ്ഞുപെയ്യും രാവുകളിലെ നക്ഷത്ര വിളക്കുകളുടെയും പല നിറങ്ങളിലെ കുഞ്ഞു വെട്ടങ്ങളുടെയും മനോഹാരിതയും ലാത്തിരി പൂത്തിരി രസങ്ങളും ചുവപ്പ് വേഷമിട്ട് പഞ്ഞി താടിയുമായെത്തുന്ന സാന്താക്ലോസിന്റെ കൗതുകമൂറുന്ന ദൃശ്യവിരുന്നുമാണ് ഗാനരംഗത്തിലുള്ളത്.

To advertise here,

വീട്ടില്‍ കൊണ്ടുവരുന്ന ഒരു കോഴിക്കുഞ്ഞ് പതിയെ പതിയെ ആ വീട്ടിലുള്ളവരുടെ ഓമനയായി മാറുന്നതും ലക്ഷണമൊത്തൊരു വെളുവെളുത്ത പൂവന്‍ കോഴിയായി വളരുന്നതുമൊക്കെയുള്ള ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ചതായിരുന്നു ചന്തക്കാരി പാട്ടെങ്കില്‍ അതില്‍നിന്ന് വ്യത്യസ്തമായി ക്രിസ്മസ് രാവിന്റെ മനോഹാരിതയുമായാണ് പുതിയ പാട്ട്. തനി നാട്ടിന്‍പുറത്തെ ക്രിസ്മസ് ആഘോഷങ്ങളും അതിനിടയിലെ പ്രണയവും രസങ്ങളുമൊക്കെ പാട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റസ് മാത്യു എഴുതി സംഗീതം ചെയ്ത ഗാനം പാടിയിരിക്കുന്നത് ഡിസംബര്‍ വോയ്‌സ് ബാന്‍ഡിലെ ഗായകരാണ്.

'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്സ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മിച്ച്, ആന്റണി വര്‍ഗീസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'പൂവന്‍'. ജനുവരി ആറിനാണ് സിനിമയുടെ റിലീസ്. സമീപകാല ആക്ഷന്‍ കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ് പൂവനില്‍ ആന്റണി വര്‍ഗീസ് അവതരിപ്പിക്കുന്നത്. 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലെ കാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധനേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 'സൂപ്പര്‍ ശരണ്യ'യില്‍ ആന്റണി വര്‍ഗീസും അതിഥിവേഷത്തില്‍ അഭിനയിച്ചിരുന്നു. 

സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സ്' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത് വാസുദേവന്‍, അഖില ഭാര്‍ഗവന്‍ എന്നിവര്‍ പൂവനില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. കൂടാതെ മണിയന്‍പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിര്‍മാതാവുമായ ഗിരീഷ് എഡി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സജിത്ത് പുരുഷന്‍ ആണ്. രചന: വരുണ്‍ ധാര, ചിത്രസംയോജനം: ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം: സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം, അസോസിയേറ്റ് ഡയറക്ടേര്‍സ്: വിഷ്ണു ദേവന്‍, സനത്ത് ശിവരാജ്; സംവിധാന സഹായികള്‍: റിസ് തോമസ്, അര്‍ജുന്‍ കെ. കിരണ്‍ ജോസി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ഇ. കുര്യന്‍, സ്റ്റില്‍സ്: ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, ഫൈനല്‍ മിക്‌സ്: വിഷ്ണു സുജാതന്‍, അസോസിയേറ്റ് ക്യാമറാമാന്‍: ക്ലിന്റോ ആന്റണി, വിഎഫ്എക്‌സ് പ്രോമിസ്, ഡിഐ കളറിസ്റ്റ്: ശ്രീക് വാര്യര്‍, ടൈറ്റില്‍ ഡിസൈന്‍: അമല്‍ ജോസ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, വാര്‍ത്താ പ്രചാരണം : സ്‌നേക്ക് പ്ലാന്റ്.