അന്തരിച്ച പാപ്പുകുട്ടി ഭാ​ഗവതരുടെ നൂറാം ജൻമദിനത്തിൽ അദ്ദേഹവുമായി നടത്തിയ അഭിമുഖം മാതൃഭൂമി വായനക്കാർക്കായി വീണ്ടും പ്രസിദ്ധീകരിക്കുന്നു

ലയാള സിനിമയ്ക്ക് ശതാബ്ദി ആഘോഷിക്കാന്‍ സമയമായിട്ടില്ലെങ്കിലും നൂറു വയസിലേക്ക് കടന്ന ഒരാള്‍ വീണ്ടും തിരശീലയ്ക്കു മുന്നിലെത്തുന്നു.നാടകത്തിലും സിനിമയിലും ഏറെക്കാലം തിളങ്ങിനിന്ന പാപ്പുക്കുട്ടി ഭാഗവതരാണ് നൂറാംവയസ്സില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമയായ ബോംബെ പോലീസില്‍ വേഷമിടുന്നത്. ഒക്ടോബര്‍ 10 ന് സിനിമയുടെ ചിത്രീകരണം തുടങ്ങും. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് നൂറാം വയസിലേക്കു കടന്ന പാപ്പുക്കുട്ടി ഭാഗവതര്‍ കെ.ആര്‍.എല്‍.സി.സി. സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ തനിക്കൊപ്പം പങ്കെടുത്ത റോഷന്‍ ആന്‍ഡ്രൂസിനോട് വീണ്ടും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നു പറയുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം 2010ല്‍ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ദിലീപ്ഭാവന സിനിമയിലെ പ്രശസ്തമായ 'എന്റടുക്കവരും' എന്ന പാട്ടു പാടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയില്‍ ആദ്യഗാനം പാടി 60 വര്‍ഷത്തിനു ശേഷമായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഭാഗവതരുടെ ഗാനം.

പ്രസന്ന എന്ന സിനിമയില്‍ 37ാം വയസ്സില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പാട്ടു പാടി അഭിനയിക്കാന്‍ തുടങ്ങിയത്. വൈസ് ചാന്‍സലര്‍ എന്ന അവസാന സിനിമ പുറത്തിറങ്ങിയത് 1988ല്‍. പാപ്പുക്കുട്ടി ഭാഗവതരുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്.

എങ്ങനെയാണ് ഈ പ്രായത്തിലും പാടാനാവുന്നത് ?

ചെറുപ്പത്തിലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. പിന്നീട് നാടകങ്ങളിലും സിനിമകളിലും ഏറെ പാടി. 1999ല്‍ സൂര്യ ഫെസ്റ്റിവലില്‍ തിരുവനന്തപുരത്ത് കച്ചേരി അവതരിപ്പിച്ചിരുന്നു. രണ്ടു മണിക്കൂര്‍ നിര്‍ത്താതെ പാടി. അന്നു പ്രായം 86. ഈ പ്രായത്തില്‍ ഒരു സംഗീതജ്ഞന്‍ കച്ചേരി നടത്തിയതായി കേട്ടുകേള്‍വി പോലുമില്ല. ഇതെങ്ങനെ സാധിച്ചുവെന്നാണ് പലരും ചോദിച്ചത്. ഇനി ഓഗസ്റ്റ് 12ന് ചെന്നെയില്‍ സംഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്.

പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു
 
 

നാടകവേദിയിലെ അനുഭവങ്ങളെ കുറിച്ച് ?

ഏഴാമത്തെ വയസ്സില്‍ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. പിന്നീട് പതിനേഴു വയസ്സുള്ളപ്പോഴാണ് ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ 'മിശിഹാചരിത്ര'ത്തില്‍ മശഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രൊഫഷണല്‍ നടനാവുന്നത്. ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫും മിശിഹാചരിത്രത്തില്‍ അഭിനയിച്ചിരുന്നു. സ്ത്രീവേഷം കെട്ടാന്‍ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു. പിന്നീട് ചങ്ങനാശേരിയിലുള്ള നാടകട്രൂപ്പുകളുടെ കൂടെയായി. തിക്കുറിശ്ശിയുടെ മായ എന്ന നാടകത്തില്‍ ഞാന്‍ നായകനും അദ്ദേഹം വില്ലനുമായിരുന്നു. കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു മായ. ഒരു വര്‍ഷം 290 സ്‌റ്റേജുമഖളിലാണ് മായ അവതരിപ്പിച്ചത്. സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്‍, പത്തൊമ്പതാം നൂറ്റാണ്ട്.... തുടങ്ങി അനവധി നാടകങ്ങള്‍.15,000 വേദികളിലെങ്കിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.

നാടകവേദിയിലെ മറക്കാനാവാത്ത അനുഭവമെന്തായിരുന്നു ?

ഒരിക്കല്‍ നാടകം കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഭാഗവതര്‍ സാര്‍ ഒരു കീര്‍ത്തനം പാടണമെന്ന് കാണികള്‍ അഭ്യര്‍ത്ഥിച്ചു. അക്കാലത്ത് കര്‍ണാടക സംഗീതം കൂടുതല്‍ ജനപ്രിയമായിരുന്നു. അന്നു മൈക്ക് ഇല്ല. വൈദ്യുതി ഇല്ല. ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റംവരെ ഇരിക്കുന്ന ആള്‍ക്കുവരെ കേള്‍ക്കുംവിധം, ചെവി തുളക്കുമാറു വിളിച്ചുപാടണം. കൊലവിളി വിളിക്കണം. എന്നാലേ കേള്‍ക്കൂ. പക്കാല എന്ന ത്യാഗരാജ കീര്‍ത്തനമാണ് പാടിയത്. പാടിക്കഴിഞ്ഞപ്പോള്‍ ഭയങ്കര കയ്യടി. പിന്നീട് പക്കാല പാടിയില്ലെങ്കില്‍ നാടകം കളിക്കാന്‍ പറ്റാത്ത അവസ്ഥയായി.

കേരള സൈഗാള്‍ എന്ന പേര് എങ്ങനെയാണു കിട്ടിയത് ?

ആറ്റിങ്ങലില്‍ നാടകം നടക്കുമ്പോഴും പക്കാല പാടണമെന്ന പതിവുണ്ടായി. കീര്‍ത്തനം പാടിക്കഴിഞ്ഞപ്പോള്‍ ഭാഗവതര്‍ സാര്‍ ഹിന്ദിഗാനം പാടണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. അക്കാലത്ത് ആരും വേദിയില്‍ ഹിന്ദിപ്പാട്ട് പാടാറില്ല. അങ്ങനെ ഞാന്‍ സൈഗാളിന്റെ സോജാ രാജകുമാരി... പാടി. പാടിത്തീര്‍ന്നപ്പോള്‍ വണ്‍സ് മോര്‍ വണ്‍സ് മോര്‍ എന്ന് സദസ്സ് ആര്‍ത്തലച്ചു. വീണ്ടും പാടി. എന്നിട്ടു ജനങ്ങള്‍ക്കു മതിയായില്ല. വീണ്ടും വണ്‍സ് മോര്‍ എ്‌നായി. നിങ്ങള്‍ ഇത്രയും ദയ ഇല്ലാത്തവരാണോ എന്നു ചോദിച്ചപ്പോഴാണ് ജനം അടങ്ങിയത്. പിന്നീട് കേരളത്തില്‍ എവിടെ നാടകം അവതരിപ്പിക്കണമെങ്കിലും സോജാ രാജകുമാരി പാടേണ്ട സ്ഥിതിയായി. അങ്ങനെ ആസ്വാദകര്‍ നല്‍കിയ പേരാണ് കേരള സൈഗാള്‍. പതിനയ്യായിരത്തിലധികം വേദികളില്‍ ഞാന്‍ സോജാ രാജകുമാരി പാടിയിട്ടുണ്ട്.

സിനിമാ അനുഭവങ്ങള്‍ ?

കോയമ്പത്തൂര്‍ പക്ഷിരാജ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച പ്രസന്നയാണ് ആദ്യ സിനിമ. അതില്‍ പാടുകയും ചെയ്തു. പിന്നീട് ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ഗുരുവായൂരപ്പന്‍, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യര്‍, പഠിച്ച കള്ളന്‍, അഞ്ചു സുന്ദരികള്‍... തുടങ്ങിയവ. സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി പാടി.

റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയില്‍ എങ്ങനെയാണ് വേഷം ലഭിച്ചത് ?

നൂറാം വയസ്സിലെത്തിയതിന്റെ ഭാഗമായി നടന്ന ആഘോഷച്ചടങ്ങില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അതിഥിയായിരുന്നു. വീണ്ടും ക്യാമറയ്ക്കു മുന്നിലെത്താന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞു. തീര്‍ച്ചയായും വേഷം തരാമെന്ന് അദ്ദേഹം മറുപടിയും തന്നു. സിനിമയില്‍ അഭിനയിക്കാനും പാടാനും ഇനിയും അവസരം കിട്ടുമെന്നാണു പ്രതീക്ഷ.

Content Highlights: Pappukutty Bhagavathar Malayalam singer passed away, his interview, when asked Roshan Andrews for a Role in Mumbai Police