1999-ൽ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ റീമിക്‌സ് ഉപയോഗിച്ചതോടെയാണ് പാട്ട് വീണ്ടും തരംഗമായത്.

മുംബൈ: ഏകദേശം മൂന്ന് പതിറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ തന്റെ ജനപ്രിയ ഗാനമായ 'സാജൻ സാജൻ' സമൂഹമാധ്യമങ്ങളിൽ വൈറലായത് 'അവിശ്വസനീയമായ' അനുഭവമാണെന്ന് സംഗീത സംവിധായകൻ അനു മാലിക്. ഇന്ത്യൻ ഗ്രാമപശ്ചാത്തലത്തിൽ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന 'ദേശി ബാറ്റ്മാൻ' റീലുകളിൽ 1999-ൽ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ റീമിക്‌സ് ഉപയോഗിച്ചതോടെയാണ് പാട്ട് വീണ്ടും തരംഗമായത്.
സ്‌നേഹം മാത്രം മനസ്സിൽ വെച്ചാണ് താൻ ഈ ഗാനം റെക്കോഡ് ചെയ്തതെന്നും പുതിയ തലമുറയ്ക്കിടയിൽ ഇത് ഇത്രയധികം സ്വീകാര്യത നേടുമെന്ന് സംഗീതജ്ഞർക്കോ ഗായകർക്കോ പ്രവചിക്കാൻ കഴിയുമായിരുന്നില്ലെന്നും അനു മാലിക് പറഞ്ഞു. 1999-ൽ പുറത്തിറങ്ങിയ 'ആർസൂ' എന്ന ചിത്രത്തിൽ മാധുരി ദീക്ഷിത് അഭിനയിച്ച ഈ റൊമാന്റിക് ഗാനം ആലപിച്ചത് അൽക യാഗ്‌നിക്കാണ്. അക്ഷയ് കുമാറും മാധുരി ദീക്ഷിതും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന് വരികൾ എഴുതിയത് ആനന്ദ് ബക്ഷിയാണ്.
ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുൻപാണ് ഞാൻ ഈ ഗാനം ചിട്ടപ്പെടുത്താനിരുന്നത്. അന്ന് ലഭ്യമായ സൗകര്യങ്ങളും കഴിവുറ്റ തത്സമയ സംഗീതജ്ഞരെയും ഉപയോഗിച്ച് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം സംഗീതത്തിലേക്ക് പകർത്തുകയായിരുന്നു. ജീവിതമോ ആ ഈണമോ എവിടെ എത്തുമെന്ന് ഒരു ധാരണയുമില്ലായിരുന്നു-അനു മാലിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'അത്രയധികം സ്‌നേഹത്തോടെ ഞാൻ ചിട്ടപ്പെടുത്തിയ ആ ഗാനത്തിന്റെ റീമിക്‌സ് ഇന്ന് 'ബാറ്റ്മാൻ റിട്ടേൺസ്' പശ്ചാത്തലത്തിൽ വൈറലാകുന്നത് കാണുമ്പോൾ ശരിക്കും അവിശ്വസനീയമായി തോന്നുന്നു.'
'സംഗീതത്തിന് അതിന്റേതായ സമയക്രമമുണ്ട്. നിങ്ങൾ ആത്മാവ് സമർപ്പിച്ച് എന്തെങ്കിലും സൃഷ്ടിച്ച് ലോകത്തിന് മുന്നിൽ വെക്കുന്നു; മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം അതിനൊരു രണ്ടാം ജന്മം ഉണ്ടായിരിക്കുകയാണ്. അതൊരു പുതിയ തലമുറയെ കണ്ടെത്തുകയും ചെയ്തു. ഇത് വാക്കുകൾക്കതീതമായൊരു വികാരമാണ്്,' അദ്ദേഹം വ്യക്തമാക്കി.
'ഈ പുതിയ പതിപ്പ് കേൾക്കുകയും ഷെയർ ചെയ്യുകയും ഒപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി. നല്ലൊരു പാട്ടിന് ഒരിക്കലും പ്രായമാകില്ല, അത് അതിന്റെ സമയത്തിനായി കാത്തിരിക്കുക മാത്രമേയുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്,' അനു മാലിക് കൂട്ടിച്ചേർത്തു.
ബെംഗളൂരു ആസ്ഥാനമായുള്ള എ.ഐ ക്രിയേറ്റർ സുജൽ ജയ്‌സ്വാറാണ് ബാറ്റ്മാൻ വീഡിയോകൾ തയ്യാറാക്കിയത്. അനു മാലിക്കിന്റെ ഗാനത്തിന്റെ അകമ്പടിയിൽ ഗോഥത്തിലെ പ്രശസ്ത ഡി.സി സൂപ്പർഹീറോയായ ബാറ്റ്മാന് തികച്ചും വ്യത്യസ്തമായ ഒരു 'ഇന്ത്യൻ മേക്ക്ഓവർ' ആണ് ജയ്‌സ്വാർ നൽകിയത്. ഇരുണ്ട തെരുവുകളിൽ കുറ്റവാളികളെ പിന്തുടരുന്നതിന് പകരം, ഗ്രാമീണ ചന്തകൾ, റെയിൽവേ ട്രാക്കുകൾ, ഓട്ടോറിക്ഷകൾ, വഴിയോര ചായക്കടകൾ എന്നിങ്ങനെ പരിചിതമായ പശ്ചാത്തലങ്ങളിലാണ് അദ്ദേഹത്തിന്റെ ബാറ്റ്മാൻ പ്രത്യക്ഷപ്പെടുന്നത്.
'ദേശി ബാറ്റ്മാൻ' വീഡിയോകളുടെ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം ഓരോ ക്ലിപ്പിലെയും പശ്ചാത്തല ഗാനമാണ്. റോബർട്ട് പാറ്റിൻസണിന്റെ ബാറ്റ്മാനെ ഉൾപ്പെടുത്തി ഇതേ ഓഡിയോ ഉപയോഗിച്ചുള്ള ആരാധകരുടെ എഡിറ്റുകളും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയിട്ടുണ്ട്.
Content Highlights: Anu Malik expressed disbelief over his 1999 song 'Sajan Sajan' going viral on social media., The song gained massive popularity through 'Desi Batman' reels created by AI creator Sujal Jaiswar., The original romantic track from the movie 'Aarzoo' was sung by Alka Yagnik and starred Madhuri Dixit and Akshay Kumar.
Published: 28 Nov 2026, 01:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented