4കെ ദൃശ്യമികവോടെ റീ-റിലീസിന് ഒരുങ്ങുന്ന ദേവദൂതനിലെ സൂപ്പർ ഹിറ്റ് ​ഗാനം റിലീസ് ചെയ്തു. 'എന്തരോ മഹാനുഭാവുലു..', എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിദ്യാസാ​ഗർ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയത് കൈതപ്രം ആണ്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതൻ. റിലീസ് വേളയിൽ പരാജയം നേരിട്ടുവെങ്കിലും ചിത്രത്തിലെ ​ഗാനങ്ങൾ എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. 

To advertise here,

ചിത്രത്തിന്റെ 4കെ പതിപ്പ് ജൂലായ് 26-ന് തിയേറ്ററുകളിൽ എത്തും. ജയപ്രദ, ജനാർദ്ദനൻ, മുരളി, ജ​ഗതി ശ്രീകുമാർ, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാണ് തിയേറ്ററുകളിൽ എത്തുന്നത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ്‌ സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ഈ ചിത്രം കരസ്ഥമാക്കിയിരുന്നു. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിൻറെ രണ്ടാം വരവിൽ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.

പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്മേനോൻ, കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവൻ, സലീം, കൊറിയോഗ്രാഫി: കുമാർ ശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യൻ, ഗിരീഷ്.കെ.മാരാർ, അറ്റ്മോസ് മിക്സ്‌: ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ്‌ സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, വി എഫ് എക്സ്: മാഗസിൻ മീഡിയ, കളറിസ്റ്റ്: സെൽവിൻ വർഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ:കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, ടൈറ്റിൽസ് : ഷാൻ ആഷിഫ് (ഹൈസ്റ്റുഡിയോസ്), മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: എം.കെ. മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെൻറ്സ്, റീഗെയ്ൽ, ലൈനോജ് റെഡ്‌ഡിസൈൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.