എണ്‍പതുകളിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് മഹേഷ് ഭട്ടിന്റെ 'നാം'. ഭട്ടിന്റെയും സഞ്ജയ് ദത്തിന്റെയും പരേഷ് റാവലിന്റെയും സിനിമാജീവിതത്തിലെ നാഴികക്കല്ല്. എണ്‍പതുകളില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ എട്ട് പടങ്ങളില്‍ ഒന്ന്. തിയേറ്ററുകളില്‍ ഒരു വര്‍ഷത്തോളമാണ് കുമാര്‍ ഗൗരവ് നിര്‍മിച്ച ഈ പടം ഓടിയത്. നാമിന്റെ ഈ വിജയത്തിന് പിന്നില്‍ അമ്മയുടെയും രണ്ട് മക്കളുടെയും കഥയോ മഹേഷ് ഭട്ടിന്റെ സംവിധായക മികവോ മാത്രമായിരുന്നില്ല. ആനന്ദ് ബക്ഷി രചിച്ച് ലക്ഷ്മികാന്ത് പ്യാരിലാല്‍ ഈണമിട്ട് പങ്കജ് ഉധാസ് ആലപിച്ച ചിട്ടി ആയി ഹൈ എന്ന ഒരൊറ്റ ഗാനമാണ് നാമിനെ ബോക്‌സ് ഓഫീസിലെ ആഘോഷമാക്കി മാറ്റിയതെന്ന് സമ്മതിക്കാത്തവര്‍ കുറവായിരിക്കും.
കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തിലെ 100 മികച്ച ഗാനങ്ങളിലാണ് ചിട്ടി ആയി ഹൈയെ ബി.ബി.സി റേഡിയോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പടം ഇറങ്ങി മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും നമ്മള്‍ നാമിനെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഈയൊരു ഗാനം തന്നെ. ചിട്ടി ആയി ഹൈ നാമിന്റെ വിജയത്തില്‍ മാത്രമല്ല, പങ്കജ് ഉധാസ് എന്ന ഗായകന്റെ ജീവിതത്തിലും വലിയൊരു വഴിത്തിരിവായിമാറുകയായിരുന്നു.
Also Read
പിന്നെ ഘയാലില്‍ ലതാ മങ്കേഷ്‌കര്‍ക്കൊപ്പം മാഹിയ തേരി കസം, മോറയില്‍ സാധന സര്‍ഗത്തിനൊപ്പം നാ കാജ്‌രെ കി ധര്‍ എന്നീ ഹിറ്റുകള്‍ സമ്മാനിച്ച പങ്കജ് സാജനിലും യേ ദില്ലജിയിലുമെല്ലാം ഗായകനായി തന്നെ വേഷമിടുകയും ചെയ്തു.
1986-ല്‍ പുറത്തിറങ്ങിയ 'നാം' എന്ന ചിത്രം മുതലാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ പങ്കജ് ഉധാസ് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് സമാന്തരമായൊരു പാത തന്നെ തുറന്നെങ്കിലും പങ്കജ് ഉധാസിന്റെ പ്രണയം എന്നും പ്രണയവും ലഹരിയും ഇഴചേര്‍ന്ന, നിലാവിന്റെ നനവുള്ള ഗസലിനോടായിരുന്നു.
ഗുജറാത്തിലെ ചര്‍ഖ്ഡി എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച പങ്കജിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു പാട്ടിനോടുള്ള പ്രണയം. മൂത്ത് സഹോദരന്‍ മന്‍ഹര്‍ ഉധാസ് നേരത്തെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചയാളാണ്. കല്ല്യാണ്‍ജി ആനന്ദ്ജിമാരുടെ സഹായിയായി മുകേഷിനുവേണ്ടി ട്രാക്ക് പാടിയിരുന്ന മന്‍ഹറിന് ഗുജറാത്തിയിലും ഹിന്ദിയിലും പഞ്ചാബിയിലും ബംഗാളിയിലുമായി മുന്നൂറിലേറെ ഗാനങ്ങള്‍ ആലപിച്ചെങ്കിലും അര്‍ഹിക്കുന്ന പ്രശസ്തി നേടിയെടുക്കാനായില്ല.
അതുകൊണ്ടു തന്നെ ചേട്ടന്റെ പാത പിന്തുടര്‍ന്നുവന്ന പങ്കജ് പിന്നണി ഗാനരംഗത്തേക്കാള്‍ ഗസലുകള്‍ക്ക് പ്രാധാന്യം കൊടുത്തു. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസല്‍ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്.
മുംബൈയില്‍ സെന്റ് സേവിയേഴ്‌സ് കോളേജില്‍ പഠിക്കാനെത്തിയതോടെയാണ് ആ പ്രതിഭയ്ക്ക് വളരാനുള്ള വളക്കൂറുളള മണ്ണായത്. രാജകോട്ട് സംഗീത നാടക അക്കാദമിയില്‍ നിന്ന് തബല അഭ്യസിച്ചു. പിന്നീട് മാസ്റ്റര്‍ നവരംഗിന്റെ കീഴില്‍ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഉഷ ഖന്ന ഈണമിട്ട കാംനയിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്. ചിത്രം പരാജയമായതോടെ ഗസലാണ് തന്റെ ലോകമെന്ന് പങ്കജ് തിരിച്ചറിഞ്ഞു. ഗസലിനെ ജീവിതവഴിയായി തിരഞ്ഞെടുക്കുന്നതും കാംനയുടെ പരാജയത്തോടെയാണ്.
ഗസല്‍ ജീവിതവഴിയായി തിരഞ്ഞെടുത്ത പങ്കജ് ആദ്യം ചെയ്തത് ഉറുദു പഠിക്കുകയാണ്. പിന്നീട് കാനഡയിലേയ്ക്ക് പറന്നു. പത്ത് മാസം കാനഡയിലും യു. എസിലും ഗസലുമായി അലഞ്ഞശേഷമാണ് പിന്നീട് ഇന്ത്യയിലേയ്ക്ക് തിരിച്ചുവരുന്നത്. 1980ല്‍ ആഹത് എന്ന ആദ്യ ഗസല്‍ ആല്‍ബത്തോടെയാണ് പങ്കജ് തന്റെ വരവ് അറിയിച്ചത്. പിന്നീട് ഒരു തിരിഞ്ഞുനോട്ടമുണ്ടായില്ല പങ്കജ് ഉധാസിന്. സൈഗളിനും ജഗജിത്ത് സിങ്ങിനും തലത്ത് മുഹമ്മദിനുമെല്ലാം ഒപ്പം സമാനതകളില്ലാത്ത ആലാപനശൈലി ഇന്ത്യന്‍ ഗസലിന്റെ മുഖം തന്നെയായി മാറി പങ്കജ്.
ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു തുടങ്ങിയ ഇന്നും ഗസല്‍പ്രേമികള്‍ക്ക് ഒരു ഗാനമെന്നതിലേറെ ഒരു വികാരമാണ്.
Content Highlights: life of gazal singer pankaj udhas
Published: 26 Feb 2024, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented