ഗുലാം അലിയല്ല, ഒരു കോഴിക്കോട്ടുകാരന്‍ പാടിയാണ് 'ചുപ്‌കേ ചുപ്‌കേ' ആദ്യം കേട്ടത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ബിരുദവിദ്യാഭ്യാസകാലത്ത് ഒരു വൈകുന്നേരം മാനാഞ്ചിറയുടെ ഓരത്തുകൂടി അലസമായി നടന്നുപോകവേ യാദൃച്ഛികമായി കാതില്‍ ഒഴുകിയെത്തുകയായിരുന്നു ഹസ്രത് മൊഹാനി എഴുതിയ ആ കാവ്യഗീതത്തിന്റെ ശീലുകള്‍.

To advertise here,

സാധാരണ മലയാളികള്‍ ഗസല്‍ പാടുന്നത് പോലെയല്ല; നല്ല ഉച്ചാരണശുദ്ധിയോടെ. ഉര്‍ദു അറിയുന്ന ഒരാള്‍ക്കേ അത്രയും ഭാവമധുരമായി പാടാന്‍ കഴിയൂ. ടൗണ്‍ ഹാളില്‍നിന്നാണ് ഗാനപ്രവാഹമെന്ന് മനസ്സിലായി. ചെന്നുനോക്കുമ്പോള്‍ മുഴുക്കയ്യന്‍ കുപ്പായമണിഞ്ഞ വെളുത്തു മെലിഞ്ഞ ഒരാള്‍ സ്റ്റേജില്‍ ചമ്രം പടിഞ്ഞിരുന്ന് പാടുന്നു. അകമ്പടിക്ക് ഒരു തബലയും ഗിറ്റാറും മാത്രം. കാഴ്ചയില്‍ ഉത്തരേന്ത്യക്കാരനെ പോലെ തോന്നിച്ച സുമുഖനായ ആ ചെറുപ്പക്കാരന്റെ പേര് കെ.ആര്‍. വേണു എന്നാണെന്ന് പിന്നീടറിഞ്ഞു. ബാബുരാജിന്റെ സ്റ്റേജ് പരിപാടികളില്‍ ഒരുകാലത്ത് സ്ഥിരം സാന്നിധ്യമായിരുന്ന ഗായകന്‍. ബാബുരാജിന്റെ ഈണത്തില്‍ സിനിമയിലും പാടിയിട്ടുണ്ട് വേണു.

പിന്നീട് വേണുവിനെ കണ്ടത് കോഴിക്കോട് ചാലപ്പുറത്തെ ഒരു ചെറുകിട പരസ്യ ഏജന്‍സിയില്‍ ഡിസൈന്‍ ആര്‍ട്ടിസ്റ്റ് ആയാണ്. കോപ്പി റൈറ്ററുടെ പാര്‍ട്ട്‌ടൈം ജോലിയുമായി ആ സ്ഥാപനത്തില്‍ കടന്നുചെന്ന അന്നത്തെ തുടക്കക്കാരനായ പത്രപ്രവര്‍ത്തകനെ ഹൃദയപൂര്‍വം സ്വീകരിച്ചു വേണു. സംഗീതസാന്ദ്രമായ ഒരുസൗഹൃദത്തിന്റെ തുടക്കം. ടൗണ്‍ഹാളിലെ ആ ആദ്യസമാഗമകഥ സംഭാഷണത്തിനിടെ ഓര്‍ത്തെടുത്തപ്പോള്‍ ചിരിച്ചുകൊണ്ടുവേണു പറഞ്ഞതോര്‍മ്മയുണ്ട്: 'ചുപ്‌കേ ചുപ്‌കേ അന്നാദ്യം പാടുകയായിരുന്നു കോഴിക്കോട്ടെ വേദിയില്‍. നിക്കാഹ് പുറത്തിറങ്ങിയിരുന്നെങ്കിലും അധികമാരും ആ സിനിമ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ പുതിയൊരു പാട്ട് കേള്‍ക്കുന്ന അനുഭൂതിയായിരുന്നു എല്ലാവരുടെയും മുഖത്ത്. പാടിക്കഴിഞ്ഞപ്പോള്‍ ആരുടെതാണ് ഈ പാട്ട് എന്നന്വേഷിച്ച് നിരവധി പേര്‍ സ്റ്റേജില്‍ കയറിവന്നു. ചിലരൊക്കെ കറന്‍സി നോട്ടുകള്‍ എറിഞ്ഞു തന്നു. കാലത്തെ അതിജീവിക്കാന്‍ പോകുന്ന പാട്ടാണതെന്ന് അന്നേ മനസിലാക്കിയിരുന്നു'.

ഗുലാം അലിയുടെ ഗാനങ്ങള്‍ മാത്രമല്ല, ജഗ്ജിത് സിംഗിന്റെയും പങ്കജ് ഉധാസിന്റെയും തലത്ത് അസീസിന്റെയും ഒക്കെ ഗസലുകള്‍ കോഴിക്കോട്ടുകാരെ പാടിക്കേള്‍പ്പിച്ച വേണുവേട്ടന്‍ ഇന്ന് ഓര്‍മയാണ്. സംഗീതത്തെ മതിമറന്നു സ്‌നേഹിച്ചു ഒടുവില്‍ ജീവിക്കാന്‍ പോലും മറന്നുപോയവരുടെ തലമുറയിലെ അവസാന കണ്ണി.

'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന വീറുറ്റ വിപ്ലവമുദ്രാവാക്യത്തില്‍നിന്ന് 'ചുപ്‌കേ ചുപ്‌കേ രാത് ദിന്‍ ആംസൂ ബഹാനാ യാദ് ഹേ' എന്ന അനശ്വര പ്രണയഗീതത്തിലേക്ക് അധിക ദൂരമില്ല എന്നറിയുക. രണ്ടിന്റേയും സ്രഷ്ടാവ് ഒരാള്‍ തന്നെ: മൗലാനാ ഹസ്രത് മൊഹാനി. പ്രണയത്തിന്റെ ആര്‍ദ്രതയും വിപ്ലവത്തിന്റെ തീക്ഷ്ണ ജ്വാലകളും ഒരേസമയം ഉള്ളിന്റെയുള്ളില്‍ കെടാതെ സൂക്ഷിച്ച കവി.

പ്രണയഭംഗത്തിന്റെ വേദന അതിന്റെ എല്ലാ തീവ്രതയോടെയും നമ്മെ അനുഭവപ്പെടുത്തുന്ന 'ചുപ്‌കേ ചുപ്‌കേ' ഇന്ത്യയിലെ സാധാരണക്കാര്‍പോലും ആസ്വദിച്ചു തുടങ്ങിയതും ഏറ്റുപാടിത്തുടങ്ങിയതും 1980-കളുടെ തുടക്കത്തോടെയാവണം; 'നിക്കാഹ്' (1982) എന്ന ബി.ആര്‍. ചോപ്ര ചിത്രത്തില്‍ ഗുലാം അലി ആ വരികള്‍ ഈണമിട്ടു പാടി അനശ്വരമാക്കിയതോടെ. പക്ഷേ, അതിനും പതിറ്റാണ്ടുകള്‍ മുന്‍പേ ഇന്ത്യയിലെ തൊഴിലാളി വര്‍ഗം ആവേശപൂര്‍വ്വം നെഞ്ചോടു ചേര്‍ത്തിരുന്നു ഹസ്രത് മൊഹാനിയുടെ 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന വാക്കുകള്‍. 1921-ല്‍ കൊല്‍ക്കത്തയിലെ ട്രാം തൊഴിലാളികളുടെ പണിമുടക്കിന് വീര്യം പകരാന്‍ മൊഹാനി മിനഞ്ഞെടുത്ത മുദ്രാവാക്യമാണത്. വിപ്ലവം നീണാള്‍ വാഴട്ടെ എന്നര്‍ഥം വരുന്ന 'ലോങ് ലിവ് ദി റെവല്യൂഷന്‍' എന്ന പാശ്ചാത്യആശയത്തില്‍നിന്ന് കടംകൊണ്ട പ്രയോഗം. എങ്കിലും മൊഹാനിയുടെ ഭാഷാന്തരത്തിനു പോലുമുണ്ടായിരുന്നു സവിശേഷമായ കാവ്യഭംഗി. 'ഇങ്ക്വിലാബ് സിന്ദാബാദ്' ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇടംനേടുന്നത് പിന്നേയും എട്ടുവര്‍ഷം കൂടി കഴിഞ്ഞ് ഒരു ഏപ്രില്‍ എട്ടിനാണ്. സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് ബോംബെറിഞ്ഞശേഷം ശഹീദ് ഭഗത് സിങ് മുഷ്ടിചുരുട്ടി വീറോടെ വിളിച്ചു പറഞ്ഞ ആ മുദ്രാവാക്യം ഇന്ത്യക്കാര്‍ കോരിത്തരിപ്പോടെ കേട്ടു; ബ്രിട്ടീഷുകാര്‍ തെല്ലൊരു ഉള്‍ക്കിടിലത്തോടെയും.

പില്‍ക്കാലത്ത് അനീതിക്കും അവകാശനിഷേധത്തിനുമെതിരായ എല്ലാബഹുജന മുന്നേറ്റങ്ങള്‍ക്കും 'ഇങ്ക്വിലാബ് സിന്ദാബാദ്' ഊര്‍ജമായി. ആവശ്യത്തിനും അനാവശ്യത്തിനുമെടുത്തു പ്രയോഗിക്കാവുന്ന ആയുധമായി അത് ഇന്ത്യയുടെ രാഷ്ട്രീയപാരമ്പര്യത്തില്‍ അലിഞ്ഞുചേര്‍ന്നു. മൗലാനാ ഹസ്രത് മൊഹാനിയുടെ ആത്മാവ് പൊറുക്കട്ടെ.

'ചുപ്‌കേ ചുപ്‌കേ'യുടേത് വ്യത്യസ്തമായ മറ്റൊരു `വിപ്ലവ'കഥ. പ്രണയവും വിരഹവും നഷ്ടബോധവും ഗൃഹാതുരത്വവും നിറഞ്ഞുതുളുമ്പുന്നു ആ കഥയില്‍. ബ്രിട്ടീഷ് ഇന്ത്യയിലെ ഫൈസാബാദ് ജയിലിന്റെ ഏകാന്ത നിശബ്ദതയിലിരുന്ന് മൊഹാനി രചിച്ച ഗസലാണത് എന്നാണ് ഐതിഹ്യം. 'ചുപ്‌കേ ചുപ്‌കേ' മാത്രമല്ല, മൊഹാനിയുടെ കാല്‍പനിക കവിതകളില്‍ ഭൂരിഭാഗവും പിറന്നത് ഉത്തര്‍പ്രദേശിലെ (അന്ന് യുനൈറ്റഡ് പ്രൊവിന്‍സ്) തടവറകളിലാണ്. 'ഭുലാത്താ ലാഖ് ഹൂം ലേകിന്‍ ബരാബര്‍ യാദ് ആത്തേ ഹേ', 'കൈസേ ചുപാവൂം രാസ്-എ-ഗം', 'മസ്തി കേ ഫിര്‍ ആ ഗയേ സമാനേ', 'രോഷന്‍ ജമാല്‍- എ- യാര്‍ സേ', ലോകമെങ്ങുമുള്ള ഗസല്‍ വേദികളില്‍ ഇന്നും മുഴങ്ങിക്കേള്‍ക്കുന്ന ഗാനങ്ങള്‍. ഉറ്റസുഹൃത്ത് കൂടിയായ കവി സയദ് നസീര്‍ റാസാ കാസ്മിയുടെ ആഗ്രഹപ്രകാരമാണ് ഗുലാം അലി റേഡിയോ പാകിസ്ഥാന് വേണ്ടി 'ചുപ്‌കേ ചുപ്‌കേ' ആദ്യം പാടി റെക്കോര്‍ഡ് ചെയ്തത് 1976- ല്‍. പാക് റേഡിയോയില്‍ സ്റ്റാഫ് എഡിറ്റര്‍ ആയിരുന്നു അക്കാലത്ത് കാസ്മി. സിനിമാ ഗാനങ്ങളെപ്പോലും ജനപ്രീതിയില്‍ അതിശയിച്ച ആ ഭാവഗീതത്തിന്റെ പ്രശസ്തി താമസിയാതെ പാകിസ്താന്റെ അതിരുകള്‍ കടന്ന് ഇന്ത്യയിലുമെത്തി.

മൊഹാനിയുടെ വിഖ്യാതഗസല്‍ പടത്തില്‍ ഉപയോഗിക്കണമെന്ന് ഉദ്ദേശിച്ചതല്ല 'നിക്കാഹി'ന്റെ സംവിധായകന്‍ ബി.ആര്‍. ചോപ്ര. ഹസന്‍ കമാല്‍- രവി കൂട്ടുകെട്ടിനായിരുന്നു 'നിക്കാഹി'ന്റെ ഗാനസൃഷ്ടിയുടെ ചുമതല. ഗായകരായി മഹേന്ദ്ര കപൂറും പടത്തിലെ നായികകൂടിയായ സല്‍മാ ആഗയും. പാട്ടുകള്‍ ഒന്നും മോശമായിരുന്നില്ല (ദില്‍ കേ അര്‍മാന്‍ ആംസുവോ മേ ബഹ് ഗയേ, ബീത്തേ ഹുവേ ലംഹോം കി, ദില്‍ കി യേ ആര്‍സൂ ഥി). പക്ഷേ, ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ സിനിമയിലെ വികാരദീപ്തമായ ഒരു രംഗത്ത് പശ്ചാത്തലഗാനം നന്നായിരിക്കും എന്നൊരു തോന്നല്‍ ചോപ്രക്ക്. നായികയായ നിലോഫറിനെ (സല്‍മ) മൊഴി ചൊല്ലിയ ശേഷം വിഷാദത്തിന് അടിപ്പെട്ട് ഏകാന്തതയുടെ ലോകത്തേക്ക് ഉള്‍വലിയുകയാണ് നവാബ് വസീം (ദീപക് പരാശര്‍). നിലോഫര്‍ ആകട്ടെ മുന്‍കാമുകനായ ഹൈദറില്‍ (രാജ് ബബ്ബര്‍) അഭയം കണ്ടെത്തുന്നു. ദാമ്പത്യബന്ധം അകാരണമായി അവസാനിപ്പിക്കേണ്ടി വന്നതില്‍ ഖിന്നനാണ് നവാബ് വസീം. ആയിടക്കൊരിക്കല്‍ നിലോഫറിനെ യാദൃച്ഛികമായി വഴിയില്‍ കണ്ടുമുട്ടുന്ന നവാബ് മുന്‍ഭാര്യയെ വിരുന്നില്‍ പങ്കെടുക്കാന്‍ വീട്ടിലേക്കു ക്ഷണിക്കുന്നു. ഇരുവരുടെയും വിവാഹവാര്‍ഷിക ദിനമാണ് അന്ന്. ആദ്യം ക്ഷണം നിരസിച്ചെങ്കിലും വൈകുന്നേരം വിരുന്നിനായി നവാബിന്റെ വീട്ടില്‍ എത്തിച്ചേരുന്ന നിലോഫര്‍ അവിടെ കണ്ടത് മദ്യചഷകവുമായി ഗ്രാമഫോണിലെ പാട്ടില്‍ മുഴുകിയിരിക്കുന്ന നവാബിനെയാണ്. പശ്ചാത്താപവിവശനായി പാട്ടിന്റെ വരികളില്‍ അലിഞ്ഞൊഴുകവെ, പ്രിയപ്പെട്ട നിലുവിനൊപ്പം ചെലവഴിച്ച ഓരോ നിമിഷവും തിരശീലയില്‍ എന്നവണ്ണം നവാബിന്റെ ഓര്‍മയില്‍ തെളിയുന്നു.

അത്യന്തം വികാരനിര്‍ഭരമായ ആ രംഗത്ത് കേള്‍പ്പിക്കാന്‍ ഒരു ഗസല്‍ വേണം. പെട്ടെന്ന് ഓര്‍മവന്നത് ഏറെ പ്രിയപ്പെട്ട ഹസ്രത് മൊഹാനിയുടെ പ്രണയം വഴിഞ്ഞൊഴുകുന്ന വരികളാണ്- ചുപ്‌കേ ചുപ്‌കേ രാത് ദിന്‍ ആംസൂ ബഹാനാ യാദ് ഹേ. കാമുകിയുമായുള്ള വേര്‍പാടില്‍ കാമുകന്‍ മനംനൊന്തു പാടുന്ന പാട്ട്. ഒരുമിച്ചു ചെലവഴിച്ച ദിനങ്ങള്‍ മനസില്‍ അവശേഷിപ്പിക്കുന്ന വികാരങ്ങളാണ് വരികളില്‍ ഉടനീളം. രാത്രിയുടെ അന്ത്യയാമങ്ങളിലെ രഹസ്യകൂടിക്കാഴ്ചക്കിടെ മൂടുപടം മെല്ലെ വലിച്ചു നീക്കിയപ്പോള്‍ ലജ്ജാവിവശയായി മുഖം തിരിക്കുന്ന കാമുകിയെ എത്ര പ്രണയാര്‍ദ്രമായാണ് മൊഹാനി വാക്കുകളാല്‍ വരച്ചിട്ടിരിക്കുന്നത്. 'നിക്കാഹി'ലെ ഭാര്യാഭര്‍തൃസമാഗമരംഗത്തിനും ആ വരികള്‍ യോജിക്കുമല്ലോ എന്ന് തോന്നി ചോപ്രക്ക്. പിന്നെ കാത്തുനിന്നില്ല. സിനിമയില്‍ ആ ഗസല്‍ ഉപയോഗിക്കാനുള്ള ആഗ്രഹം 'നിക്കാഹി'ലെ നായികയായ സല്‍മാ ആഗ വഴി ചോപ്ര ഗുലാം അലിയെ അറിയിക്കുന്നു, ലണ്ടനില്‍ വെച്ചുള്ള പരിചയമാണ് ഗുലാം അലിയും സല്‍മയും തമ്മില്‍. `നിക്കാഹ്' പോലെ സമൂഹത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുറന്നുകാട്ടുന്ന ഒരു ചലച്ചിത്രത്തിന് വേണ്ടി പാടാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ഗുലാം അലിക്ക്. ഒരൊറ്റ ഉപാധി മാത്രം: 'ഹസ്രത് മൊഹാനിയുടെ കവിതയെ നോവിക്കുന്ന തരത്തിലാകരുത് അതിന്റെ ചിത്രീകരണം'. ഗുലാം അലിയുടെ നിര്‍ദേശം ബി.ആര്‍. ചോപ്ര അക്ഷരംപ്രതി പാലിച്ചിട്ടുണ്ടെന്നറിയാന്‍ ആ ഗാനരംഗം ഒന്ന് കണ്ടുനോക്കുകയേ വേണ്ടൂ.

ജഗ്ജിത് സിങ് ഉള്‍പ്പെടെ നിരവധി ഗായകര്‍ സ്വതഃസിദ്ധമായ ശൈലിയില്‍ പാടി അവതരിപ്പിച്ച ഗസല്‍ ആണെങ്കിലും, സാധാരണക്കാരനായ സംഗീത പ്രേമിക്ക് ഇന്നും 'ചുപ്‌കേ ചുപ്‌കേ' എന്നാല്‍ ഗുലാം അലി തന്നെ. കഴിഞ്ഞ നാലര പതിറ്റാണ്ടിനിടക്ക് ഹസ്രത് മൊഹാനിയുടെ ഗസല്‍ പാടാത്ത ഒരൊറ്റ വേദി പോലും ഉണ്ടാവില്ല ഗുലാം അലിയുടെ സംഗീത ജീവിതത്തില്‍. ഒരേവേദിയില്‍ ആ ഗാനം രണ്ടുംമൂന്നും തവണ ആവര്‍ത്തിച്ചു പാടിയ ചരിത്രം വരെയുണ്ട്. ഒരിക്കലും കേട്ടു മടുക്കാത്ത ശ്രവ്യാനുഭവമായി ആ ഗസലിനെ മാറ്റിയത് ഗുലാം അലിയുടെ വിഷാദമധുരമായ ആലാപനം തന്നെ. പക്ഷേ, സ്വന്തം രചന ഒരു തലമുറ മുഴുവന്‍ ഏറ്റുപാടുന്നത് കേള്‍ക്കാന്‍ ഹസ്രത് മൊഹാനിക്ക് ഭാഗ്യമുണ്ടായില്ല. 'നിക്കാഹ്' പുറത്തിറങ്ങുന്നതിന് മുപ്പതുവര്‍ഷം മുന്‍പേ കഥാവശേഷനായിരുന്നു അദ്ദേഹം- 1951 മേയ് 13-ന്. വിപ്ലവവീര്യം നിറഞ്ഞ ദേശഭക്തി ഗീതങ്ങളും പ്രണയം തുളുമ്പുന്ന ഭാവഗീതങ്ങളും ഒരു പോലെ വഴങ്ങിയിരുന്ന ആ അനുഗൃഹീത തൂലികയുടെ ഉടമയെ ഇന്ന് ആരോര്‍ക്കുന്നു?

സ്‌നേഹമാണ് ഏറ്റവും വലിയ മതമെന്ന് വിശ്വസിച്ചു ഹസ്രത് മൊഹാനി. ഓര്‍മവരുന്നത് മൊഹാനിക്ക് ഏറെ പ്രിയപ്പെട്ട ഉര്‍ദു കവി അല്ലാമാ ഇക്ബാലിന്റെ വരികളാണ്: 'ഇസ് ചമന്‍ മേ ഹോംഗേ പൈദാ ബുല്‍ബുല്‍- എ- ഷിറാസ് ഭി, സൈക്കഡോം സാഹിര്‍ ഭി ഹോംഗേ സാഹിബ്- എ- ഐജാസ് ഭി, ഹൂ ബഹൂ ഖീഞ്ചേഗാ ലേകിന്‍, ഇഷ്‌ക് കി തസവീര്‍ കോന്‍? ഉഡ് ഗയാ നവാക് ഫാഗന്‍, മരേഗാ ദില്‍ പര്‍ തീന്‍ കോന്‍', (ഈ ഉദ്യാനത്തില്‍ ഇനിയും വാനമ്പാടികള്‍ പിറന്നേക്കാം, ആയിരക്കണക്കിന് ഐന്ദ്രജാലികര്‍ മാന്ത്രിക വിദ്യകള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിച്ചേക്കാം. പക്ഷേ, സ്‌നേഹത്തിന്റെ വര്‍ണചിത്രങ്ങള്‍ വരക്കാനും ഹൃദയത്തെ രോമാഞ്ചമണിയിക്കാനും ഇനിയാരുണ്ട്?)