റിലീസിന് തയ്യാറെടുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'കൊറഗജ്ജ'യിലെ 'ഗുളിക, ഗുളിക' എന്ന ട്രാക്കിലെ സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് ഹോളിവുഡ്- ബോളിവുഡ് നൃത്തസംവിധായകന്‍ സന്ദീപ് സോപാര്‍ക്കര്‍. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'കാന്താര' സിനിമകളിലൂടെ തുളുനാടിനപ്പുറം പ്രചാരത്തിലായ, കടലോര ദേവനായ ഗുളികയെ സ്തുതിക്കുന്ന ഗാനമാണിത്. മാറാളി മറേയാഗി എന്ന ഗാനത്തിലൂടെ പ്രശസ്തനായ ഗാനരചയിതാവും ചിത്രത്തിന്റെ സംവിധായകനുമായ സുധീര്‍ അട്ടാവറായാണ് റാപ്പ് ശൈലിയിലുള്ള പാട്ട് എഴുതിയിരിക്കുന്നത്. ഗോപി സുന്ദര്‍ ഈണം നല്‍കി ബോളിവുഡ് ഗായകന്‍ ജാവേദ് അലിയും ഗോപി സുന്ദറും സുധീര്‍ അട്ടാവറും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.

To advertise here,

ചിത്രത്തില്‍ ഗുളിക പഞ്ചുരുളിയുമായി കൊറഗജ്ജയെ കണ്ടുമുട്ടുന്ന ഒരു പ്രധാന രംഗമുണ്ട്. ഈ ഗാനവും സോപാര്‍ക്കറുടെ പ്രകടനവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന്. സോപാര്‍ക്കര്‍ തന്നെ ഉഗ്രമായ ഗുളിക നൃത്തം അവതരിപ്പിക്കുക മാത്രമല്ല, രംഗം നൃത്തസംവിധാനം ചെയ്യുകയും ചെയ്തു. നടന്‍ സര്‍ദാര്‍ സത്യ പഞ്ചുരുളിയായി പ്രത്യക്ഷപ്പെടുന്നു.

മംഗലാപുരത്തെ സോമേശ്വര ബീച്ചില്‍ 100 അടി നീളമുള്ള രണ്ട് ക്രെയിനുകളും അഞ്ച് ക്യാമറകളും ഉപയോഗിച്ചാണ് രംഗം ചിത്രീകരിച്ചത്. ഗാനത്തിന്റെ ചിത്രീകരണത്തിനിടെ നിരവധി വെല്ലുവിളികള്‍ നേരിട്ടു. പോലീസ് സംരക്ഷണത്തോടെയാണ് ചിത്രീകരിച്ചത്.

സക്‌സസ് ഫിലിംസും ത്രിവിക്രമ സിനിമാസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 2026 ജനുവരിയില്‍ റിലീസ് ചെയ്യും. പിആര്‍ഒ: മഞ്ജു ഗോപിനാഥ്.