'ടോക്‌സിക്' എന്ന ചിത്രത്തിലെ 'തബാഹി' എന്ന ഗാനത്തിൽ കന്നഡ താരം യാഷുമൊത്തുള്ള രംഗങ്ങളുടെ പേരിൽ നടി കിയാര അദ്വാനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ഹുമ ഖുറേഷി. ചിത്രം പുറത്തിറങ്ങുമ്പോൾ അവസാന ചിരി പിന്നിൽ പ്രവർത്തിച്ച സ്ത്രീകളുടേതായിരിക്കുമെന്ന് ഹുമ അഭിപ്രായപ്പെട്ടു. ആളുകളുടെ മനോഭാവം മാറ്റാൻ കഴിയില്ലെന്നും അതിനാൽ ഇത്തരം അനാവശ്യകാര്യങ്ങളിൽ പ്രതികരിക്കുന്നതിൽ അർഥമില്ലെന്നും ഹുമ വ്യക്തമാക്കി.

To advertise here,

ഒരു യൂട്യൂബ് ചാനലിൽ അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ. 'ഈ മനോഭാവം രോഗാതുരവും അറപ്പുളവാക്കുന്നതുമാണ്. എന്നാൽ ഈ സിനിമ പുറത്തിറങ്ങുമ്പോൾ, ഇതിൽ പ്രവർത്തിച്ച നടിമാരും സംവിധായികയുമടക്കമുള്ള സ്ത്രീകൾ ആയിരിക്കും അഭിമാനത്തോടെ ചിരിക്കാൻ പോകുന്നത്. വാക്കുകൾ കൊണ്ട് ഇത്തരം ആളുകളുടെ മനോഭാവം മാറ്റാൻ കഴിയില്ല. അതിനാൽ ഇതിലൊന്നും പ്രതികരിക്കാൻ നിൽക്കുന്നതിൽ അർഥമില്ല. സിനിമ സ്വയം സംസാരിക്കട്ടെ,' ഹുമ വ്യക്തമാക്കി.

യഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'തബാഹി' പുറത്തിറങ്ങിയത് മുതൽ കിയാരയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. കിയാരയുടെ ഭർത്താവും നടനുമായ സിദ്ധാർഥ് മൽഹോത്രയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെയും സമാനമായ കമന്റുകൾ ഇടുന്ന രീതിയിലേക്ക് ട്രോളുകൾ നീണ്ടു.

വിവാഹിതയായ കിയാരയുടെ അഭിനയത്തെയും തീരുമാനങ്ങളെയും ചോദ്യം ചെയ്താണ് സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള അധിക്ഷേപം ഉയരുന്നത്. എന്നാൽ ഇതേ രംഗങ്ങളിൽ അഭിനയിച്ച വിവാഹിതനായ നടൻ യഷിന് ഇത്തരം വിമർശനങ്ങൾ നേരിടേണ്ടി വരുന്നില്ലെന്ന് മറുവാദമുണ്ട്. ഇതിനിടെയാണ് ഹുമ ഖുറേഷിയുടെ പ്രതികരണം.

നേരത്തെ, ചിത്രത്തിൽ അഭിനയിക്കുന്ന ബ്രിട്ടീഷ് നടൻ ബെനഡിക്റ്റ് ഗാരറ്റും കിയാരയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. 'യഷും വിവാഹിതനാണ്, കുട്ടികളുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് സ്ത്രീകൾ മാത്രം അധിക്ഷേപിക്കപ്പെടുകയും പുരുഷന്മാർ കൈയടി നേടുകയും ചെയ്യുന്നത്? അവർ അഭിനേതാക്കളാണ്, കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് വിശ്വസനീയമാംവിധം അവതരിപ്പിക്കുകയാണ് അവരുടെ ജോലി. മനുഷ്യാനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന കഥകൾ പറയുക എന്നതാണ് അവരുടെ ധർമം. പാട്ടിന് ലഭിക്കുന്ന മോശം പ്രതികരണങ്ങൾ നമ്മുടെ സമൂഹത്തെക്കുറിച്ചാണ് വ്യക്തമാക്കുന്നത്,' എന്ന് അദ്ദേഹം കുറിച്ചു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' എന്ന ആക്ഷൻ ചിത്രത്തിലൂടെ കെ.ജി.എഫിന് ശേഷം യഷ് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. കിയാര അദ്വാനി, നയൻതാര, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് നായികമാരായി ചിത്രത്തിൽ അണിനിരക്കുന്നത്. ഓഗസ്റ്റ് 26-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.