എട്ടു പതിറ്റാണ്ടുകൾ നീണ്ട സംഗീതജീവിതത്തിൽ 20-ലധികം ഭാഷകളിലായി 12,000-ലധികം ഗാനങ്ങൾ ആലപിച്ച ഇതിഹാസ ഗായികയാണ് അന്തരിച്ച ആശാ ഭോസ്ലെ. ലോകത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ 2011- ൽ അവർ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു.

To advertise here,

എന്തും വഴങ്ങുന്ന ആശ

പ്രശസ്ത സംഗീതജ്ഞൻ ദീനനാഥ് മങ്കേഷ്‌കറുടെ മകളായി 1933-ലാണ് ആശ ജനിച്ചത്. പിതാവിന്റെ മരണശേഷം തന്റെ പത്താം വയസിൽ ഒരു മറാഠി ചിത്രത്തിലൂടെയാണ് അവർ സംഗീതരംഗത്തേക്ക് വരുന്നത്. തന്റെ മൂത്ത സഹോദരി ലതാ മങ്കേഷ്‌കർ സിനിമാരംഗത്ത് തിളങ്ങിനിൽക്കുന്ന സമയത്താണ് ആശയുടേയും കടന്നുവരവ്. തുടക്കത്തിൽ ലതയുടെ ശൈലിയിൽനിന്ന് വ്യത്യസ്തമായ വഴി വെട്ടിത്തെളിക്കാൻ അവർ ഇംഗ്ലീഷ് സിനിമകൾ കണ്ടും പാശ്ചാത്യസംഗീതം നിരീക്ഷിച്ചും ശബ്ദത്തിൽ മാറ്റങ്ങൾ വരുത്തിയും കഠിനാധ്വാനം ചെയ്തു.

ഏതു തരം പാട്ടുകളും വഴങ്ങുന്ന ശബ്ദമായിരുന്നു അവരുടേത്. തുടക്കത്തിൽ കാബറേ ഗാനങ്ങൾക്കും ഡാൻസ് നമ്പറുകൾക്കുമാണ് അവസരം ലഭിച്ചത്. പിൽക്കാലത്ത് ഗസലുകൾ, പ്രണയഗാനങ്ങൾ, ഭജനുകൾ, പോപ്പ് ഗാനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും അവർ തന്റെ വൈഭവം തെളിയിച്ചു.

'ഉമ്രാവോ ജാൻ' എന്ന ചിത്രത്തിലെ ഗസലുകളിലൂടെ താൻ ഒരു മികച്ച ക്ലാസിക്കൽ ഗായികയാണെന്ന് അവർ തെളിയിക്കുകയും തന്റെ ആദ്യത്തെ ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. 'ഇജാസത്ത്' എന്ന ചിത്രത്തിലെ 'മേരാ കുച്ച് സാമാൻ' എന്ന ഗാനത്തിലൂടെ രണ്ടാമത്തെ ദേശീയ അവാർഡും അവർ സ്വന്തമാക്കി. ഒ.പി. നയ്യാർ, എസ്.ഡി. ബർമൻ, എ.ആർ. റഹ്‌മാൻ തുടങ്ങിയ പ്രമുഖസംഗീത സംവിധായകർക്കൊപ്പം അവർ നിരവധി ഹിറ്റുകൾ സമ്മാനിച്ചു. തന്റെ രണ്ടാമത്തെ ഭർത്താവായിരുന്ന ആർ.ഡി. ബർമനുമൊത്തുള്ള കൂട്ടുകെട്ട് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ചവയിലൊന്നായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്നിവ നൽകി രാജ്യം അവരെ ആദരിച്ചു.

ലത മങ്കേഷ്‌കറുടെ നിഴലിന് പുറത്തേക്ക്...

ആശാ ഭോസ്ലെയും ലത മങ്കേഷ്‌കറും തമ്മിലുള്ള ബന്ധം സഹോദരസ്നേഹത്തിന്റെയും ആരോഗ്യകരമായ മത്സരത്തിന്റെയും സങ്കീർണ്ണമായ കൂടിച്ചേരലായിരുന്നു. ആശയുടെ മുതിർന്ന സഹോദരിയായിരുന്നു 'മെലഡി ക്വീൻ' എന്നറിയപ്പെടുന്ന ലത മങ്കേഷ്‌കർ. ലത മങ്കേഷ്‌കർ നായികമാരുടെ പാട്ടുകൾക്കായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സംഗീത ജീവിതത്തിന്റെ തുടക്കത്തിൽ ആശയ്ക്ക് തന്റെ സ്ഥാനം കണ്ടെത്താൻ ഏറെ കഷ്ടപ്പെടേണ്ടി വന്നു. ലതയുടെ ശൈലിയിൽനിന്ന് വ്യത്യസ്തമായ വഴി സ്വീകരിച്ചില്ലെങ്കിൽ തനിക്ക് നിലനിൽപ്പില്ലെന്ന് മനസിലാക്കിയ ആശ, പാശ്ചാത്യസംഗീതം നിരീക്ഷിച്ചും ശബ്ദത്തിൽ മാറ്റങ്ങൾ വരുത്തിയും സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി.

ലത മങ്കേഷ്‌കർ പ്രധാനമായും കുടുംബചിത്രങ്ങളിലെ പാവം നായികമാർക്ക് വേണ്ടി പാടിയപ്പോൾ, ആശ നർത്തകർക്കും 'ഐറ്റം ഗേൾസിനും' വേണ്ടിയുള്ള ഗാനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സഹോദരിമാർക്കിടയിൽ കടുത്ത ശത്രുതയുണ്ടെന്ന് സിനിമാലോകത്ത് സംസാരമുണ്ടായിരുന്നു. സായി പരാഞ്ജ്പെയുടെ 'സാസ്' എന്ന സിനിമ പോലും ഇവരുടെ മത്സരത്തെ ആസ്പദമാക്കിയുള്ളതാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആശാ ഭോസ്ലെ ഇത് പൂർണ്ണമായും നിഷേധിച്ചു.

തന്റെ സഹോദരി ലത മങ്കേഷ്‌കറുടെ മരണശേഷം മുംബൈയിലെ ദീനനാഥ് മങ്കേഷ്‌കർ നാട്യമന്ദിർ ഹാളിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് ആശാ ഭോസ്ലെ വികാരാധീനയായി സംസാരിച്ചിരുന്നു. ലതയെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചും പറഞ്ഞ ആശ, സഹോദരിയുടെ മരണത്തോടെ തങ്ങളെല്ലാവരും അനാഥരായെന്നും ഇനി തന്റെ സങ്കടങ്ങൾ പറയുക എന്നും ആശ ചോദിച്ചിരുന്നു.

'ധുരന്ധറി'ലൂടെ വീണ്ടും

ആശാ ഭോസ്ലെ 1971-ൽ 'കാരവൻ' എന്ന ചിത്രത്തിന് വേണ്ടി പാടിയ 'പിയ തൂ അബ് തോ ആജാ' എന്ന പ്രശസ്തമായ ഗാനം 'ധുരന്ധർ' എന്ന സിനിമയിൽ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ചേസ് സീക്വൻസിലാണ് ഈ ഗാനം ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിൽ രൺവീർ സിങ് അവതരിപ്പിക്കുന്ന ഹംസ അലി മസാരി എന്ന കഥാപാത്രം സാറാ അർജുൻ അവതരിപ്പിക്കുന്ന യാലീനയെ പോലീസിൽനിന്ന് രക്ഷിക്കുന്ന ഉദ്വേഗജനകമായ രംഗങ്ങളിലാണ് പാട്ട് പശ്ചാത്തലമായി വരുന്നത്. 1971-ലെ ഈ ഗാനത്തിന് നിരവധി റീമിക്‌സുകൾ വന്നിട്ടുണ്ടെങ്കിലും 'ധുരന്ധർ' സിനിമയിലെ പതിപ്പ് വളരേയധികം സ്വീകരിക്കപ്പെട്ടു.

'പിയ തൂ അബ് തോ ആജാ' എന്ന ഗാനം ഗാനം പാടാൻ ആശ സമ്മതിച്ചുവെങ്കിലും, തനിക്ക് എപ്പോഴും ഇത്തരം 'ബോൾഡ്' ഗാനങ്ങളാണ് ആർ.ഡി. ബർമൻ നൽകുന്നതെന്ന് അവർക്ക് പരാതിയുണ്ടായിരുന്നു. എന്നാൽ പാട്ട് വലിയ ഹിറ്റായി മാറുമെന്ന് ബർമ്മന് ഉറപ്പായിരുന്നുവെന്നും ആശ ഒരിക്കൽ ഓർത്തുപറഞ്ഞിട്ടുണ്ട്. ആശാ ഭോസ്ലെയും ആർ.ഡി. ബർമ്മനും ചേർന്നാണ് പാട്ടുപാടിയിരിക്കുന്നത്. അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ഗാനം ഇന്നും തലമുറകൾ ഏറ്റുപാടുന്ന ഒരു സൂപ്പർഹിറ്റായി നിലനിൽക്കുന്നു.