ഉയിരേ... ഉയിരേ... വന്ത് എന്നോട് കലന്ത് വിട്…
ബോംബെ എന്ന ചിത്രത്തിനുവേണ്ടി എ.ആര്‍. റഹ്‌മാന്‍ ഈണത്തില്‍ വൈരമുത്തു എഴുതി ഹരിഹരനും ചിത്രയും ചേര്‍ന്ന് ആലപിച്ച ഗാനം. കാലങ്ങള്‍ കടന്നും തലമുറകളിലൂടെ സഞ്ചരിക്കുന്ന പാട്ടിന് ഇന്നും ആരാധകരുണ്ട്. ഒരുപാട് ഹൃദയങ്ങളെ ഉരുക്കിയ ഗാനമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തമിഴിന് പുറമേ, തുഹി രേ എന്ന വരികളോടെ പാട്ട് ഹിന്ദിയിലുമെത്തി. ദേശങ്ങള്‍ കടന്നും പാട്ട് ജനപ്രിയമായി. ഈ പാട്ട് ഉണ്ടായ കഥപറയുകയാണ് ഇപ്പോള്‍ എ.ആര്‍. റഹ്‌മാന്‍.

To advertise here,

താന്‍ ഒരുക്കിയ ഈണം ആലപിക്കാന്‍ ആദ്യ പരിഗണനയില്‍ ഉണ്ടായിരുന്നത് ഇന്ന് കേള്‍ക്കുന്ന ഹരിഹരന്റെ ശബ്ദമായിരുന്നില്ലെന്നാണ് റഹ്‌മാന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഹരിഹരന്‍ അത്തരമൊരു പാട്ടിന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഗായകനാണെന്ന് റഹ്‌മാന്‍ പറഞ്ഞു. ഹരിഹരന്റെ ആലാപനശൈലി അനുകരിച്ചായിരുന്നു റഹ്‌മാന്‍ ഇക്കാര്യം പറഞ്ഞത്.

'മണിരത്‌നത്തിന് ഒരു പ്രണയഗാനം ആയിരുന്നുവേണ്ടത്. മനസിലേക്ക് വന്ന ട്യൂണ്‍ ഒരു മിനി കാസറ്റില്‍ റെക്കോര്‍ഡ് ചെയ്ത് മണിരത്‌നത്തെ കേള്‍പ്പിച്ചു. റെക്കോര്‍ഡ് ചെയ്‌തോളാന്‍ അദ്ദേഹം പറഞ്ഞു. പാടാന്‍ എസ്പിബി അല്ലെങ്കില്‍ യേശുദാസിനെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഞാന്‍ ഹരിഹരന്റെ പേരും വെച്ചു, അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മൂന്നുപേരുകള്‍ വെച്ച് പ്രാര്‍ഥിച്ച് അതില്‍നിന്ന് ഒരുപേരെടുത്തപ്പോള്‍, അതില്‍ ഹരിഹരന്റെ പേരായിരുന്നു ഉള്ളത്', റഹ്‌മാന്‍ പറഞ്ഞു.

'ആ പാട്ടിന് അസ്വാഭാവികമായ ഗായകനാണ് ഹരിഹരന്‍. കാരണം അദ്ദേഹം ഒരു ഗസല്‍ ഗായകനാണ്. ഇപ്പോള്‍പ്പോലും അദ്ദേഹം സംഗീതപരിപാടികളില്‍ പാടുമ്പോള്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ ഇംപ്രൊവൈസ് ചെയ്യുന്നു(ഹരിഹരനെ അനുകരിച്ച് കാണിക്കുന്നു). അദ്ദേഹം ഒരിക്കലും ഒരു നോട്ടില്‍ നിര്‍ത്തില്ല. അത് അദ്ദേഹത്തിന്റെ രീതിയാണ്', റഹ്‌മാന്‍ അഭിപ്രായപ്പെട്ടു.