ച്ഛന്‍ മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ .. ചെറുപ്പം മുതലേ സിനിമാക്കഥകള്‍ കേട്ട് വളര്‍ന്ന ആ അച്ഛന്റെ മകള്‍ സ്വാഭാവികമായും തിരഞ്ഞെടുത്ത തട്ടകവും സിനിമ തന്നെ. അച്ഛനെ പോലെ സംവിധായക കുപ്പായമാണ്  ആ മകളെയും ആകര്‍ഷിച്ചത്. മകളുടെ പേര് കാവ്യാ പ്രകാശ്, ജോണറുകള്‍ക്ക് അതീതമായി ഹിറ്റ് സിനിമകള്‍ ഒരുക്കിയ വി.കെ പ്രകാശിന്റെ മകള്‍. കാവ്യയുടെ കന്നി സംവിധാനത്തില്‍ ഒരുങ്ങിയ വാങ്ക് എന്ന ചിത്രം റിലീസിനെത്തിയിരിക്കുകയാണ്‌. സ്വന്തം പാഷന്‍ തുടരാനായതിന്റെ മുഴുവന്‍ ആഹ്‌ളാദവും വാക്കുകളില്‍ നിറച്ചാണ് വാങ്കിന്റെ വിശേഷങ്ങളുമായി കാവ്യ മാതൃഭൂമി ഡോട്ട് കോമിനോപ്പം ചേര്‍ന്നത് ..

ഉണ്ണി ആറിന്റെ കഥ സിനിമയായപ്പോള്‍

യാദൃശ്ചികമായാണ് വാങ്ക് എന്റെ ആദ്യ സംവിധാന സംരംഭത്തിന് വിഷയമായി വന്നത്. ഉണ്ണി സാര്‍ ഒരിക്കല്‍ ഒരു പ്രോജക്ടിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്ക് അച്ഛനെ കാണാന്‍ ബെംഗളൂരുവില്‍ വന്നിരുന്നു. അന്നാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നതും  സംസാരിക്കുന്നതും. സാര്‍ ഓരോ കഥകള്‍ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒന്ന് ഈ വാങ്കിന്റെ കഥയാണ്. അത് കേട്ടുകൊണ്ടിരുന്ന എന്റെ മുഖഭാവവും മറ്റും കണ്ടിട്ടാകാം  ഉണ്ണി സാറിന് മനസിലായി എനിക്ക് ഈ കഥയില്‍  താത്പര്യം ഉണ്ടെന്ന്. അങ്ങനെയാണ് ഉണ്ണി സാര്‍ എന്നോട് ചോദിക്കുന്നത് കാവ്യയ്ക്ക് എന്തുകൊണ്ട് ഈ കഥ ഒരു സിനിമയാക്കിക്കൂടാ എന്ന്. അതെനിക്ക് ഒരുപാട് സന്തോഷം തന്ന കാര്യമായിരുന്നു. അന്ന് സാറിനോട് ഈ കഥ തരുമോയെന്ന് ചോദിച്ചു സര്‍ സന്തോഷത്തോടെ തന്നു.

പിന്നെ ഈ കഥയ്ക്ക് പുറകില്‍ വലിയ ഒരു സന്ദേശമുണ്ട്.  അതിലെ ഏറ്റവും പ്രധാന കാര്യം എന്താണെന്നു വച്ചാല്‍ ഏതൊരു വ്യക്തിക്കും എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ അത് വേറൊരാളെയും ഉപദ്രവിക്കാത്തതാണെങ്കില്‍, മുന്‍പില്‍ എന്ത് പ്രതിബദ്ധങ്ങള്‍ ഉണ്ടെങ്കിലും അത് സാമൂഹിക, ജാതീയ, വര്‍ണ, ലിംഗ, വിവേചനകള്‍ ആവാം. അവയ്ക്ക് അതീതമായി നിങ്ങള്‍ക്ക്  ദൃഢനിശ്ചയമുണ്ടെങ്കില്‍ നിങ്ങളുടെ ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കും എന്നുള്ളതാണ് കഥ പറഞ്ഞു വയ്ക്കുന്നത്.

ടെന്‍ഷനല്ല, നീതി പുലര്‍ത്തണമെന്ന ആശങ്കയാണ്

വാങ്ക് നോവല്‍ സിനിമയാക്കുന്നതില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. പക്ഷെ ആശങ്ക ഉണ്ടായിരുന്നു. ഉണ്ണി സാറിന്റെ ഈ കഥ രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധ നേടിയ ഒന്നാണ്. ആ നോവലിനോട്, ഉണ്ണി സാറിനോട്, ഉണ്ണി സാറിന്റെ കാഴ്ച്ചപ്പാടിനോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നതാവണം എന്റെ ചിത്രവും എന്നുണ്ടായിരുന്നു. 

പിന്നണിയിലെ രണ്ട് വനിതകള്‍

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷബ്‌നത്തിനെ എനിക്ക് മുന്‍പേ അറിയാമായിരുന്നു. അച്ഛന്റെയും ഉണ്ണി സാറിന്റെയും ഒക്കെ സുഹൃത്താണ്. ഉണ്ണി സാറിന്റെ ഐഡിയ ആയിരുന്നു ഈ ഒരു കഥ ഒരു സ്ത്രീ എഴുതിയാല്‍ നന്നായിരിക്കുമെന്നുള്ളത്. അതുപോലെ രണ്ടു വനിതകള്‍ തമ്മിലുള്ള, ഒരു വനിത സംവിധായികയും വനിത തിരക്കഥാകൃത്തും തമ്മിലുള്ള കെമിസ്ട്രി ഈ സിനിമയ്ക്ക് വളരെ പ്രാധാന്യമുള്ളതുമാണ്. അതെനിക്കും തോന്നിയിരുന്നു. 

നാല് പെണ്‍കുട്ടികളാണ് താരം

നാല് പെണ്‍കുട്ടികളുടെ കാഴ്ചപ്പാടിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. തിരക്കഥയുടെ അവസാന ഘട്ടത്തില്‍ തന്നെ റസിയയെ അവതരിപ്പിക്കേണ്ടത് അനശ്വര തന്നെയാകണമെന്ന് തീരുമാനിച്ചിരുന്നു. അതുപോലെ തന്നെ നന്ദനയുടെ കഥാപാത്രവും. ഗോപിക രമേശ് തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. അവളില്‍ ഒരു സ്പാര്‍ക്ക് ഉണ്ടായിരുന്നു, അതാണ് ഞാന്‍ ശ്രദ്ധിച്ചത്. മീനാക്ഷിയെ തിരഞ്ഞെടുത്തത് സ്‌ക്രീന്‍ ടെസ്റ്റും ലുക്ക് ടെസ്റ്റും നടത്തിയാണ്. തിരക്കഥാകൃത്ത് ഷബ്ന തന്നെയാണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിക്കുന്ന റസിയയുടെ അമ്മ വേഷത്തില്‍ എത്തുന്നത്. പിന്നെ വിനീത്, മാസ്റ്റര്‍ ദര്‍ശന്‍, സരസ ബാലുശേരി, തെസ്‌നി ഖാന്‍ , ശ്രീകാന്ത് മുരളി, പ്രകാശ് ബാരെ, മേജര്‍ രവി, ജോയ് മാത്യു തുടങ്ങിയാക്കിവരും ചിത്രത്തില്‍ വേഷമിടുന്നു.

എന്റെ പാഷന്‍, അച്ഛന്റെ പിന്തുണ

സിനിമ തന്നെയായിരുന്നു ചെറുപ്പം മുതലേ പാഷന്‍. മണിപ്പാലില്‍ നിന്ന് ബി.എസ്.സി വിഷ്വല്‍ കമ്യുണിക്കേഷന്‍ ആണ് ഞാന്‍ ചെയ്തത്. സിനിമയിലേക്ക് വരുന്നുവെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ഉപദേശങ്ങള്‍ ഒന്നും തന്നിരുന്നില്ല. പക്ഷേ ഒരു മുന്നറിയിപ്പ് തന്നിരുന്നു. ബുദ്ധിമുട്ടുള്ള മേഖലയാണ്, നൂറ്റൊന്ന് ശതമാനവും പ്രതിബദ്ധതതയും പാഷനും വേണം, ഒരു സ്ത്രീ ആയതിനാലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരും വിശ്രമം ഉണ്ടാകില്ല എന്നെല്ലാം പറഞ്ഞു തന്നിരുന്നു. പക്ഷെ ചെറുപ്പം മുതലേ ഇത് തന്നെ ആണ് എന്റെ ആഗ്രഹം എന്നറിയാവുന്നത് കൊണ്ട് തന്നെ അച്ഛന് അത് ഒരു അത്ഭുതമായിരുന്നില്ല. എല്ലാത്തിലുമപരി തന്റെ പാത തന്നെയാണ് മകളും പിന്തുടരുന്നത് എന്നൊരു സന്തോഷം ഉണ്ടല്ലോ, ആ സന്തോഷത്തിലാണ് അച്ഛനിപ്പോള്‍. 

അച്ഛന്‍ എക്‌സ്പിരിമെന്റല്‍

ട്രിവാന്‍ഡ്രം ലോഡ്ജ്, നിര്‍ണായകം, ബ്യൂട്ടിഫുള്‍, മുല്ലവള്ളിയും തേന്മാവും, പോസിറ്റീവ്, പ്രാണ, ഗുലുമാല്‍, തുടങ്ങി അച്ഛന്റെ  എല്ലാ ചിത്രങ്ങളും എനിക്കിഷ്ടമാണ്. അച്ഛന് പരീക്ഷണങ്ങള്‍ ഭയങ്കര ഇഷ്ടമാണ്. എല്ലാ ജോണറുകളും ട്രൈ ചെയ്തിട്ടുള്ള ആളാണ് അച്ഛന്‍. ത്രീ കിങ്സ് ചെയ്ത ആളാണ് നിര്‍ണായകവും ചെയ്തത്, പ്രാണ ചെയ്ത ആളാണ് മുല്ലവള്ളിയും തേന്മാവും ചെയ്തത്. അങ്ങനെ ഒരു വ്യത്യസ്ത കൊണ്ടുവരാന്‍ അച്ഛന്‍ ശ്രമിച്ചിട്ടുണ്ട്. 

അച്ഛനെ ഈ ചിത്രത്തില്‍ അഭിനയിപ്പിക്കണമെന്നുണ്ടായിരുന്നു. വിജയന്‍ സാര്‍ ചെയ്ത കഥാപാത്രത്തിനായി അച്ഛനെ വിളിച്ചതുമാണ്. പക്ഷേ ഡേറ്റിന്റെ പ്രശ്‌നം കാരണം അച്ഛന് അത് ചെയ്യാന്‍ സാധിച്ചില്ല. ഞാന്‍ ചെയ്യുന്ന അടുത്ത പടത്തില്‍ അച്ഛന് വേഷം ഉണ്ടാകുമോ എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല. ഒരാളെ നോക്കിയല്ലല്ലോ, തിരക്കഥ നോക്കിയല്ലേ കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്യുന്നത്.  ഭാവിയില്‍ അച്ഛനെ അഭിനയിപ്പിക്കാന്‍ അച്ഛന് പറ്റിയ ഒരു വേഷം നല്കാന്‍ എനിക്ക് സാധിച്ചാല്‍ അതെനിക്ക് ഏറെ അഭിമാനമുള്ള കാര്യമാണ്,. 

സിനിമയില്‍ സ്ത്രീ സാന്നിധ്യം ഇനിയും ഉണ്ടാവണം

സിനിമയോടുള്ള പാഷന്‍, കമ്മിറ്റ്‌മെന്റ് അത് നൂറു ശതമാനം ആത്മാര്‍ത്ഥമാണെങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ എത്താനാകും. അത് സിനിമയില്‍ എന്നല്ല, ഏത് മേഖലയിലാണെങ്കിലും അങ്ങനെ തന്നെ. പാഷന്‍ എന്താണെങ്കിലും അത് പിന്തുടരുക, ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അവിടെ ലിംഗ വ്യത്യാസം എന്നൊന്നില്ല. കുടുംബവും കരിയറും തമ്മിലുള്ള ബാലന്‍സ് നന്നായി നോക്കിയാല്‍ മതി. 

അഞ്ജലി മാം, ഗീതു മാം ഒക്കെ ഞങ്ങളെ പോലുള്ള ചെറുപ്പക്കാര്‍ക്ക് വഴികാട്ടികളായവരാണ്. എനിക്ക് ഭയങ്കര പ്രചോദനമായി തോന്നിയവരാണ് ഇവര്‍. കൂടുതല്‍ പെണ്‍കുട്ടികള്‍ സിനിമയിലേക്ക് വരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. അത് സംവിധാനത്തില്‍ മാത്രമല്ല സിനിമയ്ക്ക് പുറകിലെ മറ്റ് ടെക്‌നിക്കല്‍ മേഖലയില്‍, എഴുത്തില്‍, ഛായാഗ്രഹണത്തില്‍, ആര്‍ട്ട്, വസ്ത്രാലങ്കാരം, സംഗീത സംവിധാനം, സൗണ്ട് മിക്‌സിങ് തുടങ്ങി എല്ലാത്തിലും  സ്ത്രീ സാന്നിധ്യം ഇനിയും ഉണ്ടാകണം. ആ മാറ്റങ്ങള്‍ ഇപ്പോഴേ കണ്ടു തുടങ്ങിയിട്ടുണ്ട്. നിരവധി പെണ്‍കുട്ടികള്‍ ഇന്ന് സിനിമയ്ക്ക് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലും ലോക സിനിമയിലും പിന്നണിയില്‍ ഇന്ന് സ്ത്രീ സാന്നിധ്യം ഏറി വരുന്നു. വളരെ വലിയ മാറ്റമാണത്. 

Content Highlights : VK Prakash's daughter Kavya Prakash About Her debut Vaanku Movie Anaswara Rajan in lead role