തേജാലി ഖാനേക്കർ എന്ന പേര് ഒരുപക്ഷേ മലയാളികൾക്ക് അത്ര പരിചിതമാകില്ല. എന്നാൽ മീനത്തിൽ താലികെട്ടിലെ ഓമനക്കുട്ടന്റെ, മൂത്താപ്പയുടെ സ്വന്തം മാലുവെന്ന് പറഞ്ഞാൽ ഓർക്കാത്തവരും കാണില്ല. കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം കൂടാൻ പോയ ഓമനക്കുട്ടൻ എന്ന സ്കൂൾ പയ്യന് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ആ പെൺകുട്ടിയെ താലി കെട്ടേണ്ടി വരുന്നു. പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ചിത്രം പറഞ്ഞത്.  

തേജാലി എന്ന മഹാരാഷ്ട്രക്കാരി സിനിമയിലെത്തിയത് സുലേഖയെന്ന പേരിലാണ്. രണ്ടേ രണ്ട് മലയാള ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും തേജാലിയെ മലയാളികൾ ഇന്നും മറന്നിട്ടില്ല. ഭർത്താവിനും മക്കൾക്കുമൊപ്പം സിം​ഗപ്പൂരിലാണ് തേജാലി ഇപ്പോൾ. ഒരു ഫുഡ് ബ്ലോ​ഗർ കൂടിയാണ് താരം ഇന്ന്. അഭിമുഖത്തിനിരിക്കുമ്പോഴും തേജാലി പറഞ്ഞ് തുടങ്ങിയത് ഇത്ര വർഷം കഴിഞ്ഞും ആരാധകർ നൽകുന്ന സ്നേഹത്തെക്കുറിച്ചാണ്.  

എവിടെയായിരുന്നു ഇത്രയും നാൾ ???

ഇരുപത് വർഷമായി ഞാൻ മലയാള സിനിമ വിട്ടിട്ട്... ബിരുദ പഠനത്തിന് ശേഷം ഒരു നാലര വർഷത്തോളം മുംബൈയിലെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തു. അതിന് ശേഷം വിവാഹിതയായി ഭർത്താവിനൊപ്പം സിം​ഗപ്പൂരെത്തി. അദ്ദേഹം ബാങ്കിങ്ങ് മേഖലയിലാണ്  ജോലി ചെയ്യുന്നത്. ഇവിടെ എത്തിയ ശേഷം നൻയാം​ഗ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നിന്നും ഞാൻ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം എടുത്തു. പിന്നീട് ഒരു നാല് വർഷം കൂടി ജോലി ചെയ്തു. എനിക്ക് രണ്ട് മക്കളാണ്. അവരെ നോക്കാനായി ജോലി വിട്ടു. മൂത്തയാൾ മൃൺമയി അവൾക്ക് പതിനഞ്ച് വയസായി. രണ്ടാമത്തെയാൾ വേദാന്തിന്  ഏഴു വയസ്സും

സിനിമായാത്ര

ഞാൻ നാല് വയസ് മുതൽ ഹിന്ദുസ്ഥാനി ക്ലാസിക് കഥക് നൃത്തം അഭ്യസിക്കുന്നുണ്ട്. അഞ്ച് വയസു മുതലേ വേദികളിൽ നൃത്തം അവതരിപ്പിക്കാൻ തുടങ്ങി. അതോടൊപ്പം തന്നെ അമ്മയുടെയും മറ്റും ​ഗുരുക്കന്മാരുടെയും പക്കൽ നിന്ന് ശാസ്ത്രീയ സം​ഗീതവും അഭ്യസിച്ചു. വേദികളിലും ടി.വിയിലും എന്റെ നൃത്തവും അഭിനയവും കണ്ടാണ് സിനിമയിലേക്ക് ഓഡിഷനായി വിളിക്കുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഹിന്ദി സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് ചെന്നൈയിലും കൊച്ചിയിലും ഓഡിഷനെത്തി. സിനിമകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 97 ൽ പുറത്തിറങ്ങിയ ആഹാ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. രഘുവരൻ, വിജയകുമാർ, ഭാനുപ്രിയ, ശ്രീവിദ്യ എന്നിങ്ങനെ വവിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ആഹായിലെ കഥാപാത്രം ശ്രദ്ധിക്കപ്പെതോടെ നിരവധി അവസരങ്ങൾ വന്നു.

Tejali
തേജാലി ഖാനേക്കർ

മലയാളത്തോടുള്ള സ്നേഹം

മലയാളത്തിൽ രണ്ട് ചിത്രങ്ങളാണ് ചെയ്തത്. മീനത്തിൽ താലികെട്ടും ചന്ദാമാമയും. രണ്ട് ചിത്രങ്ങളിലെയും എന്റെ നായകന്മാർ ദിലീപേട്ടനും ചാക്കോച്ചനും അഭിനയത്തിൽ എന്നെ നല്ലപോലെ സഹായിച്ചിട്ടുണ്ട്. ഇത്രയും സീനിയറായ താരങ്ങൾക്കും സംവിധായകർക്കുമൊപ്പം പ്രവർത്തിക്കാനായത് വളരെ വലിയൊരു അനുഭവമായിരുന്നു. ചിത്രീകരണ സമയത്ത് ഞാൻ മലയാളം പഠിച്ചിരുന്നു. ആ ഓർമകളൊക്കെ ഏറെ മധുരിക്കുന്നതാണ്. 

Tejali
 മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിൽ ദിലീപിനൊപ്പം തേജാലി

തേജാലി സുലേഖയായപ്പോൾ

ഹിന്ദി സീരിയലുകൾ കണ്ടാണ് എന്നെ എന്റെ ആദ്യ ചിത്രമായ ആഹായിലേക്ക് വിളിച്ചതെന്ന് പറഞ്ഞല്ലോ. ഓഡിഷൻ വഴിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകൻ സുരേഷ് കൃഷ്ണ സാറിന് ജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമായിരുന്നു. അതെന്റെ അരങ്ങേറ്റ ചിത്രമായത് കൊണ്ട് തന്നെ ന്യൂമറോളജി അനുസരിച്ച് അദ്ദേഹമാണ് എന്നെ സുലേഖയായി അവതരിപ്പിച്ചത്. 

ആരാധകരുടെ സ്നേഹം സന്തോഷിപ്പിക്കുന്നു

സിനിമ വിട്ട ശേഷവും ആളുകൾ എന്നെ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയിലും അതേ സിം​ഗപ്പൂരും അതേ.. അവരെന്റെ ചിത്രങ്ങൾ, കഥാപാത്രങ്ങൾ ഓർത്തിരിക്കുന്നു. പുറത്ത് പോവുമ്പോൾ തിരിച്ചറിയപ്പെടുന്നു, അടുത്ത് വന്ന് പരിചയപ്പെടുന്നു...ഇരുപത് വർഷങ്ങൾക്കിപ്പുറവും അതേ സ്നേഹം ലഭിക്കുന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.. ഒരുപാട് പേർ നിത്യവും എനിക്ക് ഫെയ്സ്ബുക്കിൽ സന്ദേശങ്ങളും ഫ്രണ്ട് റിക്വസ്റ്റുകളും അയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എന്റെ ആരാധകർക്കായി സുലേഖ എന്ന ഒരു പേജ് സോഷ്യൽ മീഡിയയിൽ തുടങ്ങിയിട്ടുണ്ട്. എല്ലാവരോടും ഒരുപാട് സ്നേഹം....

tejali
ചന്ദാമാമ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, സുധീഷ്, ജ​ഗതി എന്നിവർക്കൊപ്പം തേജാലി

താരത്തിൽ നിന്ന് ഫുഡ് ബ്ലോ​ഗറിലേക്ക്

മുത്തശ്ശിമാർക്കൊപ്പമായിരുന്നു എന്റെ ബാല്യകാലം. രണ്ട് പേരും രണ്ട് സ്ഥലത്ത് നിന്നുള്ളവരാണ്. ഒരാൾ മഹാരാഷ്ട്രയും, മറ്റേയാൾ കർണാടകയും. അസാധ്യ കൈപ്പുണ്യമായിരുന്നു ഇരുവർക്കും. ഇടയ്ക്ക് ഞാനും ഇവരെ അടുക്കളയിൽ സഹായിക്കാൻ കൂടും. അങ്ങനെ കുറേ പരമ്പരാ​ഗത വിഭവങ്ങൾ ഉണ്ടാക്കാൻ പഠിച്ചു. ഇന്ത്യൻ സ്നാക്ക്സ്, അച്ചാറുകൾ, പപ്പടം എന്നിവയൊക്കെ അവർ തന്നെ വീട്ടിൽ ഉണ്ടാക്കുമായിരുന്നു. അങ്ങനെയാണ് ഭക്ഷണത്തോടും പാചകത്തോടും ഞാൻ ഇഷ്ടം കൂടുന്നത്. ഇന്ന് എനിക്ക് സഹായി ഉണ്ടെങ്കിലും കുടുംബത്തിന് വേണ്ടി സ്വന്തമായി പാചകം ചെയ്യാനാണ് ഞാനേറെ ഇഷ്ടപ്പെടുന്നത്.  2012 ൽ സിം​ഗപ്പൂരിലെ വളരെ പ്രശസ്തമായ ഒരു കുക്കിങ്ങ് സ്കൂളിൽ നിന്ന് ബേക്കറി & പേസ്ട്രിയിൽ എനിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു.

2020ൽ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ‍ഡിപ്ലോമയെടുക്കുന്ന സമയത്ത് എനിക്ക് ഞാനേറെ ഇഷ്ടപ്പെടുന്ന എന്തിനെയെങ്കിലും കുറിച്ച് ഒരു ബ്ലോ​ഗ് എഴുതണമായിരുന്നു. അങ്ങനെയാണ് എന്റെ ഫുഡ് ബ്ലോ​ഗിലൂടെ കുട്ടിക്കാല, ഭക്ഷണ ഓർമകൾ സോഷ്യൽ മീഡിയയുമായി പങ്കുവയ്ക്കാമെന്ന് ചിന്തിക്കുന്നത്. അങ്ങനെ 2020 ഏപ്രിലിൽ നട്ട്മ​ഗ് നോട്സ് എന്ന എന്റെ ഫുഡ് ബ്ലോ​ഗിനും തുടക്കമായി.

Tejali
തേജാലി ഖാനേക്കർ

തിരിച്ചുവരവ്
 
മുകളിലിരിക്കുന്ന സർവശക്തനാണ് എല്ലാം തീരുമാനിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നല്ലൊരു കഥാപാത്രം ലഭിച്ചാൽ ഞാൻ തീർച്ചയായും അത് ചെയ്യും. ഒരുപാട് ആരാധകർ ഇതേ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് തിരിച്ചുവരാൻ തന്നെയാണ് ഞാനും ആ​ഗ്രഹിക്കുന്നത്. 

Content Highlights : Tejali Ghanekar Sulekha Interview Meenathil Thalikettu Chandamama movie Actress