
കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമൊക്കെയായ പി.എഫ്. മാത്യൂസിന്റെ രണ്ട് മക്കൾ ഇന്ന് മലയാളികളെ ചിരിയുടെ മറുകരയിലേക്ക് കൊണ്ടുപോവുകയാണ്. കരിക്ക് എന്ന ജനപ്രിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സുപരിചിതരായ ഉണ്ണിയും ആനന്ദുമാണ് ആ മക്കൾ. അച്ഛനും മക്കളും ചേരുമ്പോൾ വീട്ടിൽ സർഗാത്മകതയുടെ പല പല വർണപ്പൂത്തിരികൾ തിളങ്ങിച്ചിതറുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി അച്ഛനും മക്കളും ഒന്നിച്ചിരുന്നപ്പോൾ...
തിരശ്ശീലയിലെ ദൃശ്യങ്ങളുടെ ഭംഗിയും വർണപ്പകിട്ടും ഹൃദയത്തിൽ കൊണ്ടുനടന്ന് സ്വപ്നങ്ങൾ കാണുകയും കണ്ടവ യാഥാർഥ്യമാക്കുകയും ചെയ്ത തനി കൊച്ചിക്കാരനായ അച്ഛന്റെയും രണ്ടു മക്കളുടെയും കഥയാണിത്. ഇവരെ നിങ്ങളറിയും. മലയാളത്തിലെ മികച്ച നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസാണ് അച്ഛൻ. കരിക്ക് എന്ന ജനപ്രിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സുപരിചിതരായ ഉണ്ണിയും ആനന്ദും മക്കളും. വായിച്ച പുസ്തകങ്ങളെയും കണ്ട സിനിമകളെയും കുറിച്ച് പറഞ്ഞുകൊടുക്കുകയും വായിക്കാനും സിനിമ കാണാനും മക്കളെ പ്രേരിപ്പിക്കുകയും ചെയ്ത അച്ഛന്റെ പരിശ്രമം കൂടിയാണ് ഉണ്ണിയെയും ആനന്ദിനെയും ഇന്ന് ലോകമറിയുന്ന കലാകാരന്മാരാക്കി മാറ്റിയതെന്ന് അവർക്കൊപ്പം കുറച്ചുസമയം ചെലവഴിച്ചാൽ ബോധ്യംവരും. അച്ഛനാണ് ഹീറോയെന്ന് മക്കൾ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
എം.പി. നാരായണപ്പിള്ള എഴുതിയ നോവൽ ‘പരിണാമം’ വീട്ടിലെ സ്വീകരണമുറിയിലെ ടിപോയിൽ കിടക്കുന്നു. ‘‘കുറച്ചു പഴക്കമുള്ള നോവലാണല്ലോ. ആരാണിപ്പോൾ വായിക്കുന്നത്?’’ ആ ചോദ്യത്തിന് ആനന്ദാണ് മറുപടി പറഞ്ഞത്: ‘‘അച്ഛൻ പറഞ്ഞിട്ട് ഞാൻ വായിക്കാനെടുത്തതാണ്. പകുതിയായി. നല്ല രസമുള്ള നോവലാണ്. അച്ഛൻ നിർദേശിക്കുന്ന പുസ്തകങ്ങളിലും സിനിമകളിലുംനിന്ന് ഞങ്ങൾക്ക് ഉപയോഗമുള്ള എന്തെങ്കിലും കിട്ടാതിരിക്കില്ല.’’ കാൽ നൂറ്റാണ്ടുമുമ്പ് പ്രസിദ്ധീകരിച്ച ചാവുനിലം എന്ന നോവൽ. കുട്ടിസ്രാങ്ക്, ഈ മ യൗ തുടങ്ങിയ സിനിമകൾ. മേഘവും മിഖായലിന്റെ സന്തതികളും പോലുള്ള ടെലിവിഷൻ സിരിയലുകൾ. മൂന്നു പതിറ്റാണ്ടിലേറെയായി മലയാളത്തിലെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച എണ്ണംപറഞ്ഞ കഥകൾ. ഒപ്പം ഈ രണ്ടു മക്കളും മാത്യൂസിന്റെ പ്രതിഭയുടെ അടയാളങ്ങളാവുന്നു.
പത്തൊൻപതാം വയസ്സിലാണ് മാത്യൂസിന്റെ ആദ്യകഥ അച്ചടിച്ചു വരുന്നത്. കഥാകൃത്തായിരുന്ന സുഹൃത്ത് വി.പി. ശിവകുമാറിന്റെ പരിശ്രമത്തിലായിരുന്നു അത്. പിന്നീട് നിരന്തരം ആനുകാലികങ്ങളിൽ കഥകളെഴുതി. ചാവുനിലം എന്ന നോവലും പ്രസിദ്ധീകരിച്ചു. ‘‘എന്റെ തലമുറ ചാവുനിലം പാടേ തിരസ്കരിച്ചു. അസ്തിത്വവാദത്തിന്റെ ആഘോഷം തീർന്നിട്ടില്ലായിരുന്നു. സ്വാഭാവികമായും മലയാള സാഹിത്യത്തിൽ എനിക്ക് ഒന്നുംചെയ്യാനില്ലെന്നുതോന്നി. കുറേക്കാലത്തേക്ക് ഒന്നുമെഴുതാൻ തോന്നിയില്ല. എന്നാൽ, 2010-ൽ പുതിയ തലമുറ സോഷ്യൽ മീഡിയയിലൂടെ ആ നോവൽ ഏറ്റെടുത്തുവെന്ന് ഞാൻ കണ്ടു. അങ്ങനെയാണ് എഴുത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നത്. കഥകൾ മാത്രമല്ല 2015-ൽ ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന നോവലും മൂന്നുവർഷം കഴിഞ്ഞ് അടിയാളപ്രേതം എന്ന നോവലുംഎഴുതി. പണ്ട് എഴുതി പാതിയാക്കിയ കടലിന്റെ മണം കഴിഞ്ഞ വർഷം പൂർത്തിയാക്കി. മാതൃഭൂമിയിലൂടെ മുഴക്കം എന്ന കഥാസമാഹാരവും ഉടനെ ഇറങ്ങും. കഥകൾ എഴുതുന്നത് നമ്മളായിരിക്കാം. പക്ഷേ, സാഹിത്യസൃഷ്ടികൾ പൂർണത കൈവരിക്കുന്നത് വായനക്കാരിലൂടെയാണ്’’ - മാത്യൂസ് പറയുന്നു. കഥകളും നോവലുമെല്ലാം എഴുതുമ്പോഴും മാത്യൂസിന്റെ മനസ്സിനകത്ത് നിറയെ സിനിമയുണ്ടായിരുന്നു.
‘‘ചെറുപ്പം തൊട്ടേ വിഷ്വൽസിനോട് വലിയ താത്‌പര്യമായിരുന്നു. എഴുത്തിൽ വിഷ്വലൈസേഷൻ കൊണ്ടുവരുക എന്നൊരു താത്‌പര്യം. സിനിമകൾ ധാരാളം കാണും. അതുകൊണ്ടാവാം ആദ്യകാലത്ത് എഴുതിയ കഥകളിലേ ഒരു വിഷ്വൽ നറേറ്റീവ് ഉണ്ടായിരുന്നു. തിരക്കഥാകൃത്ത് ജൂഡ് അട്ടിപ്പേറ്റിക്കും(സിനിമാസംവിധായകൻ) കഥാകൃത്തായിരുന്ന വിക്ടർ ലീനസിനുമൊപ്പം എഴുപതുകളിൽ എറണാകുളത്തെ തിയേറ്ററുകളിൽ വരുന്ന ഹോളിവുഡ് സിനിമകളെല്ലാം ഫസ്റ്റ് ഷോ തന്നെ ഞാൻ കാണുമായിരുന്നു. ആ സിനിമകൾ നൽകിയ ആവേശത്തിൽനിന്ന് കോളേജിൽ പഠിക്കുന്ന കാലത്ത്് ഒരു ഡോക്യുമെന്ററി ചെയ്തു. ആ സമയത്തുതന്നെ യു.എസിൽ മീഡിയാ സ്റ്റഡീസ് അധ്യാപകനായിരുന്ന ജൂഡിന്റെ ജ്യേഷ്ഠൻ പീറ്റർ ലാൽ ഒരു സ്‌ക്രിപ്റ്റ് എഴുതാൻ പറഞ്ഞു. മാജിക്കൽ റിയലിസമൊക്കെയുള്ള ഒരു തിരക്കഥയായിരുന്നു എഴുതിയത്. നാട്ടുകാര്യം എന്ന ആ സ്‌ക്രിപ്റ്റിന് പിന്നീട് 1993-ൽ എൻ.എഫ്.ഡി.സി.യുടെ അവാർഡൊക്കെ കിട്ടിയിരുന്നു. പക്ഷേ, അത് സിനിമയായില്ല. കാരണം സ്‌ക്രിപ്റ്റ് ചെയ്യുക എന്നല്ലാതെ എനിക്കും പീറ്റർലാലിനും അത് എക്സിക്യൂട്ട് ചെയ്യാനുള്ള താത്‌പര്യം ഉണ്ടായിരുന്നില്ല.’’

സിനിമയോടും സാഹിത്യത്തോടുമുള്ള അച്ഛന്റെ അടുപ്പം മക്കളുടെ ഇഷ്ടങ്ങളെ സ്വാഭാവികമായും സ്വാധീനിച്ചു: ‘‘ചെറുപ്പം മുതലേ രാത്രിഭക്ഷണം ഒരുമിച്ചാണ് കഴിക്കുക. അതൊരു സദസ്സാണ്. അച്ഛൻ എഴുതിയ കഥകളെയും കണ്ട സിനിമകളെയും കുറിച്ച് സംസാരിക്കും. ദിവസവും ഒരോ കഥ പറഞ്ഞു തരും. പാട്ടുകൾ അച്ഛനൊപ്പം കേൾക്കും. അതിനെക്കുറിച്ച് സംസാരിക്കും. അങ്ങനെയൊരു അന്തരീക്ഷത്തിലാണ് ഞങ്ങൾ വളർന്നത്. അച്ഛൻ മിഖായേലിന്റെ സന്തതികൾ സീരിയലിനുവേണ്ടി എഴുതുന്നു. അപ്പോൾ സീരിയലിന്റെ കഥയെഴുത്തിനെ കുറിച്ചും മെയ്ക്കിങ്ങിനെ കുറിച്ചുമെല്ലാം സംസാരിക്കും. അങ്ങനെ അതിരില്ലാത്ത ഭാവനകളുടെയും കാഴ്ചകളുടെയും ലോകത്തേക്ക് പതുക്കെ ഞങ്ങളെയും കൊണ്ടുപോവുകയായിരുന്നു അച്ഛനെന്ന് തോന്നിയിട്ടുണ്ട്’’ -ഉണ്ണി പറയുന്നു.
പി.എഫ്. മാത്യൂസ്: ഞാൻ പറഞ്ഞുവല്ലോ, ആദ്യമായി എഴുതിയ തിരക്കഥ സിനിമയാക്കാൻ ശ്രമിച്ചില്ല എന്ന്. അങ്ങനെയൊരു കുഴപ്പം എനിക്കുണ്ടായിരുന്നു. എന്റെ സൃഷ്ടികൾ പ്രകാശിപ്പിക്കാനും മറ്റുള്ളവരുടെ മുന്നിലേക്ക് വെക്കാനുമുള്ള ഒരു മടി. അതുകാരണം എനിക്ക് പലതും നഷ്ടമാവുന്നുവെന്ന് തോന്നി. അതുകൊണ്ട് ഉണ്ണിയെ സ്കൂളിലെ പ്രസംഗ മത്സരത്തിലൊക്കെ ഞാൻ നിർബന്ധിച്ച് പങ്കെടുപ്പിക്കുമായിരുന്നു. എന്താണ് പ്രസംഗിക്കേണ്ടതെന്ന് അറിയില്ല എന്നു പറഞ്ഞാൽ ഞാൻ എഴുതിക്കൊടുക്കും. ഞാനുദ്ദേശിച്ചത് ഇത്രേയുള്ളൂ: മക്കൾ അവർ എന്നെപ്പോലെ ഉള്ളിലേക്ക് വലിയുന്നവരായി മാറരുത്. ഇവനാണങ്കിൽ ഭയങ്കര ചങ്കൂറ്റമാണ്. മുന്നിൽ നൂറ് പേരുണ്ടെങ്കിലും മനസ്സിൽ ഒന്നുമില്ലെങ്കിൽക്കൂടിയും കയറിനിന്ന് സംസാരിക്കും.
ആനന്ദ് മറിച്ച് എന്നെപ്പോലെ അല്പം ഉൾവലിയുന്നവനാണ്. പത്താംക്ലാസിലോ മറ്റോ പഠിക്കുമ്പോൾ വീഡിയോ ക്യാമറയുള്ള ഒരു ഫോൺ കൈയിൽ കിട്ടിയപ്പോഴാണ് അവന്റെ അഭിരുചികളെ കുറിച്ച് ഞങ്ങൾക്കൊരു സൂചന കിട്ടിയത്. അന്ന് ഞാനൊരു സീരിയൽ ചെയ്തു കൊണ്ടിരിക്കുന്നു. എന്റെ കൂടെ അതിന്റെ ഷൂട്ടിങ് കാണാൻ അവനും വരും. അതിൽ പാലക്കാടൻ സ്ലാങ് സംസാരിക്കുന്ന ഒരു കഥാപാത്രം ഉണ്ടായിരുന്നു. ആ കഥാപാത്രത്തെ ആനന്ദിന് വല്ലാതങ്ങ് ഇഷ്ടമായി. തിരിച്ച് വീട്ടിലെത്തിയപ്പോൾ വീഡിയോ ക്യാമറ മുന്നിൽവെച്ച് അവൻ ആ കഥാപാത്രമായി അഭിനയിക്കാൻ ഒരു സ്വകാര്യശ്രമം നടത്തി. അവന്റെ അമ്മ അത് കണ്ടുപിടിച്ചു. ഷൂട്ട് ചെയ്ത വീഡിയോ കണ്ടപ്പോൾ ഉണ്ണി പറഞ്ഞു, അവന്റെ ഉള്ളിൽ ഒരു നടൻ ഒളിഞ്ഞിരിപ്പുണ്ടെന്ന്. പക്ഷേ, ഉൾവലിയുന്ന സ്വഭാവം കാരണം അവൻ സ്കൂളിലെ നാടകങ്ങളിൽപ്പോലും അഭിനയിച്ചില്ല. നാടകമാവുമ്പോൾ ആളുകളുടെ മുന്നിലേക്ക് വരണ്ടേ? എനിക്ക് കുട്ടിസ്രാങ്കിന്റെ തിരക്കഥയ്ക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ സ്കൂളിൽ പോവാൻ മടി കാണിച്ച കക്ഷിയാണ്. മറ്റൊന്നുമല്ല അവാർഡ് നേടിയ ആളുടെ മകനെന്ന നിലയിൽ എല്ലാവരും ശ്രദ്ധിക്കുമോയെന്ന ഭയം.
ഉണ്ണി: ഇപ്പോഴും കരിക്കിന്റെ എപ്പിസോഡുകൾ റിലീസായാൽ കണ്ട് അഭിപ്രായം പറയുന്ന ആദ്യത്തെ പ്രേക്ഷകരിൽ ഒരാൾ അച്ഛനാണ്. കാണുമെന്ന് മാത്രമല്ല ഊണുമേശയിൽ വലിയ ചർച്ച നടക്കും.
പി.എഫ്. മാത്യൂസ്: മറിച്ചുമുണ്ട്. ഈ മ യൗവിന്റെ ത്രെഡ് ഇവരോടാണ് ആദ്യം ഞാൻ പറയുന്നത്. കേട്ടപടി ഇവർ പറഞ്ഞു: ഇത് കത്തും; ഇതാണ് അച്ഛന്റെ ശരിയായ വർക്ക് എന്നെല്ലാം.
ആനന്ദ്: അതിൽ മരണവുമുണ്ട്. നല്ല ഫസ്റ്റ്ക്ലാസ് കൊച്ചി ഭൂപ്രദേശവുമുണ്ട്. അതാണ് ആ കഥയുടെ കരുത്ത്. അച്ഛൻ എഴുതുന്നതിന്റെയെല്ലാം ആദ്യ വായനക്കാരും നിരൂപകരും ഇപ്പോൾ ഞങ്ങളാണ്.
പി.എഫ്. മാത്യൂസ്: പരസ്പരവിമർശനം ഉൾക്കൊള്ളാൻ ഇവരും ഞാനും തയ്യാറാണ്.
ഉണ്ണി: കരിക്ക് ശരിക്കും പ്ലെയ്സ് ചെയ്തിരിക്കുന്നത് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമായാണ്. അതായത് പലതരം എന്റർടൈൻമെന്റ് കണ്ടന്റ് ക്രിയേഷന് പുറമേ ഡിജിറ്റൽ മേഖലയിലെ വിവിധ ബിസിനസ് സാധ്യതകൾ ഞങ്ങൾ എക്സ്പ്ലോർ ചെയ്യുന്നുണ്ട്. ഉദാഹരണമായി ഫ്യൂസ് എന്ന ഞങ്ങളുടെ ഇൻഫ്ളുവൻസർ മാർക്കറ്റിങ് പ്ലാറ്റ്ഫോം, കരിക്ക് ട്യൂൺഡ് എന്ന മ്യൂസിക് ലേബൽ, സീറോ എന്ന ഇൻഫോർമേറ്റിവ് ചാനൽ... പ്രേക്ഷകരുടെ പ്രതികരണം എളുപ്പത്തിൽ കാണാൻ കഴിയുമെന്നതാണ് ഇത്തരം ഡിജിറ്റൽ കണ്ടന്റുകളുടെ ഏറ്റവും വലിയ സൗകര്യം. വീട്ടിലിരിക്കുന്ന പ്ലസ്ടുക്കാരൻ പയ്യനും തന്റെ അഭിപ്രായം പറയാനും അത് ലോകത്തെ അറിയിക്കാനും ഞങ്ങളെ തിരുത്താനും കഴിയുന്നു. ഇതൊരു ടു വേ കമ്യൂണിക്കേഷൻ ആണ്.
ഉണ്ണി ജോലിചെയ്തിരുന്നത് മാർക്കറ്റിങ് മേഖലയിലായിരുന്നു. ഫ്ളവേഴ്സ് ചാനലിൽ ജോലിചെയ്യുമ്പോഴാണ് ഐ.ടി. സെക്‌ഷനിൽ ജോലിചെയ്തിരുന്ന നിഖിലിനെ പരിചയപ്പെടുന്നത്. കരിക്ക് എന്ന പേരിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം തുടങ്ങണമെന്ന ആശയം മുന്നോട്ടുവെച്ചത് നിഖിലാണ്.
ഉണ്ണി: ഒരുദിവസം വൈകുന്നേരം നിഖിൽ എന്നെ വിളിച്ചുപറഞ്ഞു, ഇങ്ങനെയൊരു ഒരു ഐഡിയ ഉണ്ടെന്ന്. പിന്നെ ഞങ്ങൾ കുറെ ചർച്ചചെയ്തു.
നിഖിലിന്റെ മനസ്സിൽ മുഴുവൻ പ്ലാനുമുണ്ടായിരുന്നു. അത് എക്സിക്യൂട്ട് ചെയ്യാൻ ആളുവേണം. 2017-ലാണത്. ആ സമയത്ത് കരിക്കിന്റെ ഫെയ്സ്ബുക്കിലൂടെ നിഖിൽ തന്നെ ഇരുന്നുണ്ടാക്കിയ ഇൻഫോർമേറ്റിവ് കണ്ടന്റ് പബ്ലിഷ് ചെയ്തിരുന്നു.
തുടക്കത്തിൽ യൂടൂബിൽ 60 സബ്ക്രൈബേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കരിക്കുപോലെ ഒരു ഡിജിറ്റൽ എന്റർടൈൻമെന്റ് പ്ളാറ്റ്ഫോമിന് മലയാളത്തിൽ വലിയ സാധ്യതയുണ്ട്. അത് നടത്തിയെടുക്കാൻ നല്ലൊരു ടീം വേണം. പിന്നെ രണ്ടുപേരും കൂടി പരിശ്രമം തുടങ്ങി. ആദ്യം നല്ലൊരു ക്യാമറാമാൻ വേണം. അതിനുള്ള അന്വേഷണമായി.
ഉണ്ണി: അച്ഛന്റെ അനിയന്റെ മകനുണ്ട് ബിനോയി. അന്നവൻ നെസ്റ്റിൽ വർക്ക് ചെയ്യുകയാണ്. ഒരു ദിവസം ഇവിടെ വന്നപ്പോൾ പറഞ്ഞു, ഇപ്പോഴത്തെ ജോലി മതിയായി. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണം. അവന്റെ അച്ഛൻ ജോണി അങ്കിളാണ് ആനിമേഷൻ സീരീസായ കാട്ടിലെ കണ്ണനൊക്കെ ചെയ്തത്. ബിനോയിക്ക് ക്യാമറ വളരെ താത്പര്യമുള്ള മേഖലയാണ്. അനുവാദത്തിനായി ജോണി അങ്കിളിനെ കണ്ടു. അങ്കിൾ പറഞ്ഞു, ഒരു വർഷം അവന് കൊടുക്കാം. അവൻ ചെയ്തുനോക്കട്ടെ. അങ്ങനെ ബിനോയിയെ നെസ്റ്റിൽനിന്ന് രാജിവെപ്പിച്ച് കൊണ്ടുവന്നു. കുടുംബത്തിൽനിന്നുള്ള ആളായതുകൊണ്ട് സംഗതി ക്ലിക്കായില്ലെങ്കിലും ഉള്ള വരുമാനം മുട്ടിച്ചുവെന്ന് പറഞ്ഞ് പുറത്തുനിന്ന് അടികിട്ടില്ലെന്നതായിരുന്നു അപ്പോഴത്തെ ആശ്വാസം. നിഖിൽ ഒരു വീട് വാടകയ്ക്കെടുത്ത് വെച്ചിരുന്നു. ഇപ്പോഴും കരിക്കിൽ കാണിക്കുന്ന വീട് തന്നെ. അഭിനേതാക്കൾക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു പിന്നെ. നിഖിൽ പറഞ്ഞു, നീ അഭിനയിച്ചാൽ മതി. നമ്മുടെ ക്യാരക്ടറിന് കറക്ടാണ്. അങ്ങനെ ഞാനും അനുവും കൂടി അഭിനയിച്ച ഏപ്രിൽ ഫൂൾ എന്ന എപ്പിസോഡിൽ നിന്നാണ് കരിക്കിന്റെ തുടക്കം. 2018 ഏപ്രിൽ ഒന്നിന് തന്നെ അത് റിലീസ് ചെയ്തു.
ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണം കിട്ടിയതോടെ ഉണ്ണിക്കും നിഖിലിനും ധൈര്യമായി. പിന്നെ കൂടുതൽ പേരെ വെച്ച് ടീം വികസിപ്പിക്കാനായി ശ്രമം. ആ സമയത്ത് ആനന്ദിനെ കണ്ടപ്പോൾ നിഖിൽ ഉണ്ണിയോട് പറഞ്ഞു: ‘‘നിന്റെ അനിയനെ അഭിനയിപ്പിക്കാം. അവന്റെ മുടിയും എല്ലാം കൂടി കറക്ട് ലുക്കാണ്. യൂത്തിന്റെ ശരിയായ പ്രതിനിധിയാവും.’’
ആനന്ദിന് പക്ഷേ, എഡിറ്റിങ്ങിനോടായിരുന്നു താത്‌പര്യം. ഈ മ യൗ അടക്കം മൂന്നു സിനിമകളിൽ അസോസിയേറ്റ് എഡിറ്ററായി ജോലിചെയ്തശേഷം ലിജോ ജോസ് പല്ലിശ്ശേരിയുടെതന്നെ ജല്ലിക്കെട്ടിൽ ജോയിൻ ചെയ്യാൻ പോവുകയായിരുന്നു.
ഉണ്ണി: ഞാൻ നിഖിലിനോട് പറഞ്ഞു ആനന്ദ് അഭിനയിക്കുമോയെന്ന് എനിക്കറിയില്ല. പറഞ്ഞുനോക്കാം. പതിവുപോലെ അത്താഴഭക്ഷണ സമയത്ത് കാര്യം ചർച്ചയ്ക്കിട്ടു. കരിക്ക് നല്ല ഭാവിയുള്ള പദ്ധതിയാണ്. അവൻ വന്നാൽ നല്ലതായിരിക്കും, എഡിറ്റിങ്ങും അഭിനയവും നോക്കാമെന്നെല്ലാം ഞാൻ പറഞ്ഞു. അപ്പോൾ തന്നെ അവൻ തീരുമാനിച്ചു. ജല്ലിക്കെട്ടിൽ ജോയിൻ ചെയ്യുന്നില്ല, കരിക്കിലേക്ക് പോരാമെന്ന്. ആദ്യമായി അഭിനയിച്ചത് കണ്ണൻ ചാള ഫ്രം കുളു മണാലി എന്ന കഥയിലായിരുന്നു സ്കെച്ച് വീഡിയോയിലായിരുന്നു. തരക്കേടില്ലെന്ന അഭിപ്രായം വന്നതോടെ അവനും ഞങ്ങൾക്കൊപ്പമങ്ങ് കൂടി.
കരിക്ക് പെട്ടെന്നുതന്നെ പ്രേക്ഷകരെ ആകർഷിച്ചുവെങ്കിലും അത് സാമ്പത്തികമായി ലാഭകരമാവാൻ യുട്യൂബിൽ നിന്നുള്ള വരുമാനം മതിയാവില്ലായിരുന്നു. നിഖിലിന്റെ ബാങ്ക്ബാലൻസ് കൊണ്ടായിരുന്നു എല്ലാവർക്കുമുള്ള ശമ്പളം ഉൾപ്പെടെയുള്ള ചെലവുകളെല്ലാം നടത്തിയിരുന്നത്. ബ്രാൻഡ് ഇന്റഗ്രേഷന്റെ സാധ്യതകൾ മനസ്സിലാക്കിയപ്പോൾ, അത് പരസ്യകാമ്പയിൻ പ്ലാനിൽ ഉൾപ്പെടുത്താൻ സംരംഭകർ തയ്യാറായതോടെ കരിക്ക് വരുമാനം ഉണ്ടാക്കിത്തുടങ്ങി. ബ്രാൻഡ് ഇന്റഗ്രേഷൻ എന്നറിയപ്പെടുന്ന ഈ രീതി ദേശീയ യുട്യൂബ് ചാനലുകളിലും മറ്റും മുമ്പ് പരീക്ഷിച്ചിരുന്നുവെങ്കിലും മലയാളത്തിലെ യുട്യൂബ് ചാനലിൽ ആദ്യമായി നടപ്പിലായത് കരിക്കിലൂടെയാണ്.
ലോകകപ്പ് ഫുട്ബോൾ നടക്കുന്ന സമയത്ത് അതിനെ അടിസ്ഥാനമാക്കി വൈൻ സീരിസ് തുടങ്ങി. പിന്നെ സ്‌കെച്ചിലേക്കും വെബ്സീരിസിലേക്കും വ്യാപിപ്പിച്ചു. ടീമിലെ എല്ലാവരും മുഴുവൻ സമയംകരിക്കിനുവേണ്ടി തന്നെയാണ് ജോലിചെയ്യുന്നത്. അഭിനയത്തിനുപുറമേ ബ്രാൻഡ് സൊലൂഷൻസും ഉണ്ണി കൈകാര്യം ചെയ്യുന്നുണ്ട്. ഓരോ എപ്പിസോഡിന്റെയും എഡിറ്റിങ് നടക്കുന്ന സമയത്ത് ആനന്ദിനും തിരക്കാവും. കരിക്കിന്റെ കരുത്ത് പ്രധാനമായും അതിന്റെ കഥയിലാണ്. അപ്പോൾ ആരാണ് കഥയെഴുതുന്നത് എന്ന ചോദ്യം സ്വാഭാവികവുമാണ്. എന്നാൽ, അതങ്ങിനെ ഒരാൾ എഴുതുന്നതാണെന്ന് പറയാനാവില്ല. ഗ്രൂപ്പ് ആയും ഓരോരുത്തരായും കഥകൾ ഉണ്ടാക്കിയെടുക്കാറുണ്ട്. എന്നാൽ, സംഭാഷണം കൂട്ടായ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്നതാണ്. അതൊരു ടീമിന്റെ സൃഷ്ടിയാണെന്ന് ഉണ്ണി ഉറപ്പിച്ചു പറയുന്നു.
‘‘ന്യൂ ജനറേഷൻ എന്നൊക്കെ നമ്മൾ പേരിട്ട് വിളിക്കുന്ന ഇവർ ജോലിയിൽ കാണിക്കുന്ന ആത്മാർപ്പണത്തോട് എനിക്ക് മതിപ്പു തോന്നിയിട്ടുണ്ട്. ഇവരുടെ ഷൂട്ടിങ് രീതി കണ്ട
പ്പോൾ അദ്‌ഭുതം തോന്നി. ഓരോ ഷോട്ടുകളിലും ഇംപ്രൊവൈസേഷൻ നടക്കുന്നുണ്ട്. പിഴവുകൾ പരമാവധി ഒഴിവാക്കി ക്ഷമയോടെ സമയമെടുത്ത് ഷൂട്ട് ചെയ്യുന്ന രീതി. സിനിമകളിലും
സീരിയലുകളിലും പ്രവർത്തിക്കുമ്പോൾ പലപ്പോഴും അതൊരു ജോലിയായി മാറുന്നത് കണ്ടിട്ടുണ്ട്. കരിക്കിലെ അംഗങ്ങൾക്ക് ഇതൊരു ജോലി എന്നതിലുമൊക്കെ ഉപരിയാണ്. പൂർണതൃപ്തി വരുന്നതുവരെ അവർ പണിയെടുത്തുകൊണ്ടേയിരുന്നു എന്നു മാത്രമല്ല, അഅത് ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.’’ എഴുത്തിലും സിനിമയിലും പത്തരമാറ്റ് വിളയിച്ച പി.എഫ്. മാത്യൂസ് എന്ന അച്ഛൻ ഇങ്ങനെ പറയുമ്പോൾ മക്കളുടെ മുഖത്ത് അല്പം നാണമുണ്ട്. ഒപ്പം വിനയവും. അമ്മ ശോഭയും ഉണ്ണിയുടെ ഭാര്യ റീനു സണ്ണിയും ഉൾപ്പെട്ടതാണ് മാത്യൂസ് കുടുംബം. എച്ച്.ആർ. മേഖലയിൽ ജോലിചെയ്യുന്ന റീനുവും കരിക്കിൽ ചെറിയ റോളിലൊക്കെ അഭിനയിച്ചിട്ടുണ്ട്.
Content Highlights: pf mathews anand mathews unni mathews interview Karikku web series Malayalam Cinema
Published: 11 Jul 2021, 10:15 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented