എന്റെ ഗുരുവായൂരപ്പാ എന്ന് വിളിക്കുന്ന ഓരോ മലയാളിയുടെയും മനസില്‍ സാക്ഷാല്‍ കൃഷ്ണന്റെ സ്ഥാനത്ത് തെളിഞ്ഞു വരുന്ന ഒരു മുഖമുണ്ട്. കൃത്യമായി പറഞ്ഞാല്‍ 2002 മുതല്‍, രഞ്ജിത്തിന്റെ സംവിധാനത്തില്‍ നന്ദനം എന്ന ചിത്രം ഇറങ്ങിയത് മുതല്‍, അരവിന്ദ് ആകാശ് എന്ന നടനാണ് മലയാളികള്‍ക്ക് കൃഷ്ണന്. ചിത്രം പുറത്തിറങ്ങി പത്തൊമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും കന്നി ചിത്രത്തിലൂടെ കിട്ടിയ സ്നേഹവും പ്രശസ്തിയും ഇന്നും മുതല്‍ക്കൂട്ടായി കാണുന്നു അരവിന്ദ്.
നന്ദനത്തിന് ശേഷം തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ അരവിന്ദ് വേഷമിട്ടു. ബാക്ക്ഗ്രൗണ്ട് ഡാന്‍സറായി തുടങ്ങി, നൃത്തസംവിധായകനായി, നടനായി മാറിയ കരിയറാണ് അരവിന്ദിന്റേത്. കൂടുതല്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിലതെങ്കിലും പ്രേക്ഷകമനസില്‍ നില്ക്കുന്ന സന്തോഷമാണ് അരവിന്ദിന്. തമിഴില്‍ അഭിയും നാനും എന്ന പരമ്പരയിലെ നായക കഥാപാത്രമായി ശ്രദ്ധ നേടുന്ന വേളയില്‍ അരവിന്ദ് മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു.
കൃഷ്ണ ഭഗവാനുമായുള്ള ബന്ധം
എവിടെയോ ജനിച്ചു, എവിടെയോ വളര്‍ന്നു ഇപ്പോള്‍ എവിടെയോ ജോലി ചെയ്യുന്നു. എന്റെ ജീവിതത്തില്‍ നന്ദനം സംഭവിക്കുന്നത് അപ്രതീക്ഷിതമായാണ്. ആ കഥാപാത്രത്തിന് എന്നെ തിരഞ്ഞെടുത്തത് ഗുരുവായൂരപ്പന്റെ തീരുമാനമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്കൂള്‍കാലത്ത് നാടകത്തിലും മറ്റും സജീവമായിരുന്നു ഞാന്‍. അന്നും കൃഷ്ണന്റെ വേഷമാണ് എന്നെ തേടി വന്നിരുന്നത്. ശ്രീകൃഷ്ണജയന്തിക്ക് ഞാനാണ് കൃഷ്ണ വേഷം കെട്ടിയിരുന്നത്. കൃഷ്ണ ഭഗവാനും ഞാനും തമ്മില്‍ അന്നേ ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അതുപോലെ നല്ലത് നടക്കണമെങ്കില്‍ ശരിയായ സമയം വരണമെന്നല്ലേ.. അതെനിക്ക് സംഭവിച്ചു എന്ന് വേണം പറയാന്‍. പിന്നെ നമ്മള് പറയില്ലേ ചിലര്‍ ദൈവദൂതരെ പോലെ മുന്നില്‍ വരുമെന്നൊക്കെ. അങ്ങനെയൊരാളാണ് രേവതി മാം. അവരാണ് എന്നോട് മലയാളം സിനിമ ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന് ആദ്യം ചോദിക്കുന്നത്. അങ്ങനെയാണ് മലയാളത്തിലേക്ക് എനിക്ക് ഒരു അവസരം ലഭിക്കുന്നത്. ഇന്നും ചിത്രത്തിലെ എന്റെ കഥാപാത്രം ജനഹൃദയങ്ങളില്‍ നില്ക്കുന്നുണ്ടെങ്കില് ഒരുപാട് പേരോട് എനിക്ക് നന്ദി പറയാനുണ്ട്. രഞ്ജിത്ത് സര്, സിദ്ധിഖ് സര്, ഛായാഗ്രാഹകന്‍ അഴകപ്പന്‍ സര്, എന്റെ സഹതാരങ്ങളായ പൃഥ്വിരാജ്, നവ്യ, ഉണ്ണികൃഷ്ണന് ശബ്ദം നല്കിയ സുധീഷ്, ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകരോടും എന്നും നന്ദിയും കടപ്പാടുമുണ്ട്.
ജന്മദിനത്തില് വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവായൂരപ്പന് മുന്നില്‍
ഞാന്‍ ഈയടുത്താണ് വീണ്ടും ഗുരുവായൂര്‍ പോകുന്നത്, എന്റെ ജന്മദിനത്തിന്റെ അന്ന്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു അമ്പലത്തില്‍ പോകുന്നത് തന്നെ. എല്ലാം ശരിയായ സമയത്ത് നടക്കുമെന്ന് ഞാന്‍ പറഞ്ഞില്ലേ. അതിന് മറ്റൊരുദാഹരണം കൂടിയാണ് ഇത്. കോവിഡ് കാലത്ത് ആര്‍ക്കും തന്നെ അമ്പലത്തിന്റെ അകത്ത് പ്രവേശിക്കാനാകില്ല. പക്ഷേ എനിക്ക് അകത്ത് കടക്കാന്‍ പറ്റി. ഗുരുവായൂരപ്പനെ കണ്ണ് നിറയെ കണ്ട് തൊഴാന്‍ പറ്റി. രസകരമായ മറ്റൊരു യാദൃശ്ചികതയും ഉണ്ട്. നന്ദനത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോള്‍ നടയ്ക്കല്‍ നിന്ന് ആളുകളെ മുഴുവന്‍ മാറ്റിയിരുന്നു അവിടെ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നടയില്‍ ഞാന്‍ വീണ്ടും ഒറ്റയ്ക്ക്. അതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല. പുറത്തിറങ്ങിയപ്പോള്‍ ഒരു കുടുംബം എന്നെ കണ്ട് തിരിച്ചറിഞ്ഞു, കണ്ണടച്ച് ഗുരുവായൂരപ്പനെ വിളിക്കുമ്പോള്‍ എന്റെ മുഖമാണ് മനസില്‍ വരുന്നതെന്ന് പറഞ്ഞു. കല്യാണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു അവിടെ. അവരും എന്നെ കണ്ട് തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിച്ചു. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇതെല്ലാം ലഭിക്കുന്നുവെങ്കില്‍ അതിനെ അനുഗ്രഹം എന്നല്ലാതെ എന്താണ് പറയുക. നമ്മള് എത്ര സിനിമകള്‍ ചെയ്തു എന്നതിലല്ല കാര്യം. ഇതുപോലെ ഒരു ചിത്രം കൃത്യമായി കിട്ടിയാല്‍ മതി.
നൃത്തത്തില്‍ നിന്ന് അഭിനയത്തിലേക്ക്
എന്റെ അമ്മ സിനിയിലെ ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍ ആയിരുന്നു. അമ്മ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒറിയ, ബംഗാളി അങ്ങനെ പല ഭാഷകളിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡാന്‍സിനോടും സിനിമയോടും ഒക്കെ ചെറിയ പ്രായത്തിലേ ഒരു താത്പര്യം ഉണ്ടായിരുന്നു. ആദ്യം ബാക്ക്ഗ്രൗണ്ട് ഡാന്‍സറായി തുടങ്ങി, പിന്നെ നൃത്തസംവിധായകനായി, പത്ത് പതിനഞ്ച് ചിത്രങ്ങള്‍ക്ക് കോറിയോഗ്രാഫി ചെയ്തു. പിന്നെ നടനായി മാറി. ഈ യാത്ര ഒരു മികച്ച അനുഭവമായിരുന്നു. തമിഴിലാണ് അഭിനയം തുടങ്ങിയതെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം നന്ദനമായിരുന്നു.
അഭിയും നാനും, വിദ്യ എന്ന മികച്ച കലാകാരിയും
തമിഴില്‍ അഭിയും നാനും എന്ന പരമ്പരയില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍. നടന് വിനു മോഹന്റെ ഭാര്യ വിദ്യ വിനു മോഹനാണ് അതില്‍ എന്റെ നായിക. മികച്ചൊരു സഹതാരമാണ് വിദ്യ. നന്നായി അഭിനയിക്കും. ആദ്യമായാണ് വിദ്യയ്ക്കൊപ്പം ജോലി ചെയ്യുന്നത്. നല്ല ആത്മാര്‍ഥതയുള്ള, കഠിനാധ്വാനം ചെയ്യുന്ന കലാകാരിയാണ്. ഒരു ആറേഴ് മാസമായി വിദ്യയെ എനിക്കറിയാം. വിദ്യയും അതേ വിനുവും അതേ വളരെ ജെനുവിന് ആയ ആള്‍ക്കാരാണ്. കോവിഡ് കാലത്ത് ഒരുപാട് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഇരുവരും ചേര്‍ന്ന് ചെയ്യുന്നുണ്ടായിരുന്നു.

വളരെ നല്ലൊരു ടീം ആണ് അഭിയും നാനും എന്ന പരമ്പരയുടേത്. മെഗാസീരിയലാണ്. ഇപ്പോള്‍ മലയാളത്തിലേക്കും വരാന്‍ പോകുന്നു. സീരിയലിലൂടെയാണ് ഞാന്‍ അഭിനയം തുടങ്ങുന്നത്. പിന്നെ നേരെ സിനിമയിലേക്ക്, അവിടുന്ന് വീണ്ടും ഇപ്പോള്‍ സീരിയലിലേക്ക്. ഇവിടുന്നല്ലേ ഞാന്‍ അഭിനയം പഠിച്ചത് . നമ്മള് പഠിച്ചിടത്തേക്ക് തന്നെ തിരികെ എത്തുന്നത് നല്ലതല്ലേ. മാത്രമല്ല സീരിയലിന് സാധാരണ പ്രേക്ഷകർക്കിടയില്‍ വലിയ സ്ഥാനമുണ്ട്. ഞാനിത്രയും ചിത്രങ്ങള്‍ ചെയ്തു നന്ദനം പോലെ മറ്റൊരു ചിത്രം മലയാളത്തില്‍ ലഭിച്ചില്ല. തമിഴിലും അതേ ഒന്ന് രണ്ട് ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു പിന്നെ നല്ല കഥാപാത്രങ്ങളൊന്നും വന്നില്ല. പക്ഷേ ഈ പരമ്പരകളിലൂടെ ആളുകള്‍ക്ക് ഞാന്‍ സുപരിചിതനാണ്.
പുതിയ ചിത്രങ്ങള്‍
ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാടാണ് പുതിയ ചിത്രം. അതിലെ കഥാപാത്രം സസ്പെന്‍സാണ്. അതുപോലെ എസ്പിബി സാറിന്റെ മകന് എസ്പി ചരണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്സീരീസില്‍ ഒരു പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫൈറ്റ് മാസ്റ്റര്‍ സില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതില്‍ ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട്. റിമ കല്ലിങ്കലാണ് നായിക.
ആത്മാഭിമാനം വിട്ടുകൊടുക്കാനാവില്ല
എന്റെ അമ്മ ഒരു ഡാന്സറായിരുന്നുവെന്ന് പറഞ്ഞല്ലോ, അന്ന് എന്നെ നോക്കി ആളുകള്‍ പറയുമായിരുന്നു അത് ഇന്ന ആളുടെ മകനാണെന്ന്. ഇപ്പോള്‍ അത് പക്ഷേ ഇന്ന ആളുടെ അമ്മയാണ് അതെന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കാന്‍ എനിക്ക് സാധിച്ചു. അതാണ് എന്റെ വിജയം. അത് മതി എനിക്ക്, ഇതില്പരം വലിയ അവാര്‍ഡ് എന്താണ്. അമ്മയുടെ അനുഗ്രഹം ഉണ്ട്, ആരാധകരുടെ സ്നേഹവും അനുഗ്രഹവും ബഹുമാനവും ലഭിക്കുന്നുണ്ട്. അതൊക്കെ ധാരാളം.
എങ്കിലും നല്ലൊരു കഥാപാത്രം ചെയ്ത് മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ട്. ഇരുപത് ഇരുപത്തിരണ്ട് വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്. യാതൊരു സിനിമാ പശ്ചാത്തലവും കൂടാതെയാണ് ഇവിടെ വന്നത്. ഞാനൊരു വലിയ താരത്തിന്റെയോ നിര്‍മാതാവിന്റെയോ സംവിധായകന്റെയോ മകനോ ഒന്നുമില്ല. ഒരു ചിത്രം ചെയ്താല്‍ അത് ശ്രദ്ധിക്കപ്പെടണം. അല്ലെങ്കില്‍ അത് വേണ്ടെന്ന് വയ്ക്കണം. നന്ദനത്തിന് ശേഷം അത്രയ്ക്കും നല്ല കഥാപാത്രങ്ങള്‍ എനിക്ക് മലയാളത്തില്‍ പിന്നീട് ചെയ്യാനായിട്ടില്ല. ചിലപ്പോള്‍ സൂപ്പര്‍താര ചിത്രങ്ങള്‍ ചെയ്യാത്തത് കൊണ്ടായിരിക്കും. ഞാന്‍ ചെന്നൈയിലാണ് താമസിക്കുന്നത്. ഇവിടെ കേരളത്തില്‍ അങ്ങനെ വലിയ ബന്ധങ്ങള്‍ ഒന്നും തന്നെയില്ല.
എനിക്ക് അമ്മയില്‍ അംഗത്വമുണ്ട്. പക്ഷേ ഞാന്‍ ആരോടും അങ്ങോട്ട് പോയി ചാന്‍സ് ചോദിക്കാറില്ല. അതിനുള്ള എക്സ്പീരിയന്‍സ് എനിക്കില്ല. ഇപ്പോള്‍ ഉള്ളവരെല്ലാം പുതിയ ആള്‍ക്കാരാണ്. അവരുടെ അടുത്ത് ചാന്‍സിനായി ചെല്ലുമ്പോള്‍ ഞാന്‍ ഇന്നതാണെന്ന് തെളിയിക്കാനുള്ള ഒരു സിനിമാ അനുഭവം എനിക്ക് വേണമല്ലോ. അതുപോലെ തന്നെ നമ്മള് ജീവിതത്തില്‍ എന്തൊക്കെ തന്നെ ചെയ്താലും ശരി ആത്മാഭിമാനം എന്നൊന്ന് ഉണ്ടല്ലോ. അത് വിട്ടു കൊടുത്തുകൂടാ. ജീവിതത്തില്‍ എന്നും പോസറ്റീവ് ആയി ഇരിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ഇത്ര ചിത്രങ്ങള്‍ ചെയ്തിട്ടും എന്തുകൊണ്ട് ശ്രദ്ധ നേടിയില്ല എന്ന ചോദ്യം ഞാന്‍ ഒരുപാട് നേരിട്ടിട്ടുണ്ട്. നമുക്കുള്ളത് നമ്മളെ തേടി വരും. ദൈവത്തിന് എന്നോട് കരുണയുണ്ടെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. അതിന് വലിയൊരു ഉദാഹരണമാണ് ഈ കൊറോണക്കാലത്ത് പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ മുന്നോട്ടെന്ത് എന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് ജോലിയുണ്ടായിരുന്നു. ആ സമയം ഞാനൊരു പരമ്പരയില്‍ അഭിനയിക്കുകയായിരുന്നു. അതൊക്കെ അനുഗ്രഹമല്ലേ.സമയം എന്നൊന്നുണ്ടല്ലോ. കാത്തിരിക്കണം.
Content Highlights : Nandanam movie fame krishnan Aravind Akash Interview New movies