''ഒരു സത്യജിത് റേ സിനിമ പോലെ...'' വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാള്‍സ്ട്രീറ്റ് ജേണല്‍ ഈ വിശേഷണം ചാര്‍ത്തിക്കൊടുത്തത് മറ്റൊരു ക്ലാസിക് സിനിമയ്ക്കല്ല. രണ്ടര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു  പരസ്യചിത്രത്തിനായിരുന്നു. മനോജ് പിള്ളയുടെ തിങ്ക്പോട്ട് ഒരുക്കിയ എയര്‍ ഡെക്കാന്റെ പരസ്യം. 

എയര്‍ ഡെക്കാന്‍ കഥാവശേഷമായി. പക്ഷേ, അതിന്റെ പിന്നിലെ യാതന ഇന്നൊരു ഹിറ്റ് കഥയായി പുനര്‍ജനിച്ചിരിക്കുകയാണ്. സൂരറൈ പ്രോട് എന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ്. സൂര്യ ക്യാപ്റ്റന്‍ ഗോപിനാഥ് എന്ന റിയല്‍ ലൈഫ് ഹീറോയായി നിറഞ്ഞാടിയ സിനിമ കണ്ട് ജനങ്ങള്‍ കൈയടിച്ചപ്പോള്‍ വിസ്മൃതിയിലാണ്ടുപോയ ആ പഴയ പരസ്യവും ഉയര്‍ത്തെഴുന്നേറ്റു. സിനിമ പോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയോടെ സൂപ്പര്‍ഹിറ്റായി ഓടുകയാണ് ഈ പരസ്യചിത്രവും. 'വൃദ്ധനും ആകാശവും' എന്ന പേരില്‍ പുറത്തിറങ്ങിയ പരസ്യചിത്രത്തിലെ പ്രധാന മുഖം മലയാളത്തിന്റെ പ്രിയനടന്‍ മുരളിയുടേതായിരുന്നു. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന മകന്‍ ഗ്രാമത്തിലെ ആശാരിയായ അച്ഛനു വിമാനത്തില്‍ കയറാനുള്ള ടിക്കറ്റ് അയച്ചു കൊടുക്കുന്നതായിരുന്നു പരസ്യത്തിന്റെ പ്രമേയം.  

പരസ്യങ്ങള്‍ കേവലം കച്ചവടോപാധികള്‍ മാത്രമല്ലെന്ന് തെളിയിക്കുന്നതായിരുന്നു സാധാരണക്കാരെ പോലും ഉയരേ പറക്കാന്‍ പ്രേരിപ്പിച്ച ഹൃദയസ്പര്‍ശിയായ ഈ പരസ്യം. അന്നുമിന്നും തന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ പരസ്യമെന്ന് പറയുകയാണ് മനോജ് പിള്ള.

''എയര്‍ ഡെക്കാന്റെ പരസ്യം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത് ഞാനും ശ്രദ്ധിച്ചിരുന്നു. പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്. ആ പരസ്യം അക്കാലത്ത്  അന്താരാഷ്ട്ര തലത്തില്‍ ധാരാളം അംഗീകാരങ്ങള്‍ നേടി തന്നു. വാള്‍സ്ട്രീറ്റ് ജേണല്‍ എഴുതിയ വാക്കുകള്‍ തന്നെ അതിനുദാഹരണം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണികള്‍ സ്തംബ്ധരായി നോക്കി നിന്നതും ഓര്‍മയുണ്ട്.  ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കൊമേഴ്ഷ്യല്‍ എന്ന ലിംക ബുക്ക്  ഓഫ് റെക്കോഡിന്റെ നേട്ടവും സ്വന്തമാക്കി. ഇതു കൂടാതെ ഷെഡ്യൂള്‍ പ്രീമയറോടെ ഡിസ്‌കവറിയിലും നാഷ്ണല്‍ ജിയോഗ്രഫിയിലും റിലീസ് ചെയ്ത ആദ്യ കൊമേഴ്സ്യൽ ചിത്രമെന്ന ഖ്യാതിയും ഈ പരസ്യത്തിനായിരുന്നു. അംഗീകാരങ്ങള്‍ അവിടെ നില്‍ക്കട്ടെ, ക്യാപ്റ്റന്‍ ഗോപിനാഥ് ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മീറ്റിങ്ങിനും കോണ്‍ഫറന്‍സിനും മറ്റും പോകുമ്പോള്‍ അദ്ദേഹത്തെ മറ്റുള്ളവര്‍ക്കു മുന്‍പില്‍ പരിചയപ്പെടുത്തുന്നത് ഈ പരസ്യചിത്രം കാണിച്ചായിരുന്നു. അദ്ദേഹത്തിന്റെ കോളിങ് കാര്‍ഡ് എന്നാണ് അന്നതിനെ വിശേഷിപ്പിച്ചിരുന്നത്. അതിനേക്കാളുപരി കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായമായവരെ വരെ വളരെയേറെ ആകര്‍ഷിച്ച ഒന്നായിരുന്നു അത്. മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടു തന്നെ ഒരു പരസ്യ സംവിധായകന്‍ എന്ന നിലയില്‍ എന്റെ വളര്‍ച്ചയില്‍ നിര്‍ണയാകമായ സ്വാധീനം ചെലുത്താന്‍ എയര്‍ ഡെക്കാന്റെ പരസ്യചിത്രത്തിന് കഴിഞ്ഞു.

ലിയോ ബേണറ്റ് പരസ്യ ഏജന്‍സിയുടെ നാഷ്ണല്‍ ക്രിയേറ്റീവ് ഡയറക്ടറായ തോമസ് സേവ്യറാണ് എനിക്ക് ഈ സ്‌ക്രിപ്റ്റ് തന്നത്. അതിശക്തമായ ഒരു കഥാപാത്രമാണ് ഇതിലേത്. അത് ചെയ്യണമെങ്കില്‍ അസാധ്യമായി അഭിനയിക്കുന്ന ഒരു നടന്‍ തന്നെ വേണം, അല്ലാതെ പ്ലാസ്റ്റിക് മോഡലുകളെ കിട്ടിയിട്ട് കാര്യമില്ല. ജീവിതത്തിനെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ചയുള്ള, ധാരാളം ജീവിതാനുഭവങ്ങളുള്ള ഒരാളായിരിക്കണം നായകനാകേണ്ടതെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.'' 

സൂപ്പര്‍താരത്തെയല്ല, ഒരു നടനെ തേടി അലഞ്ഞു; ഒടുവില്‍ മുരളിയ്ക്കരികിലെത്തി....

Murali Air Deccan ad old man and the sky Manoj Pilla ad film maker Interview Soorarai Pottru Suriya

ആ നടന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പിന്നീട് ഞങ്ങള്‍. അതിനായി ആദ്യം പൂനെ തിയേറ്റര്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു, പിന്നീട് കൊല്‍ക്കത്തയില്‍ അന്വേഷിച്ചു. എന്നാല്‍ ആ കഥാപാത്രത്തിന് ചേര്‍ന്ന ഒരു ആര്‍ട്ടിസ്റ്റിനെ ഞങ്ങള്‍ക്ക് എവിടെ നിന്നും ലഭിച്ചില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഓഫീസിലെ സജിത് വിയുടെ മനസ്സില്‍ മുരളിയുടെ പേര് ഉദിക്കുന്നത്. അദ്ദേഹമായാല്‍ കൊള്ളാമെന്ന് ഞങ്ങക്കും തോന്നി. തോന്നി. പക്ഷേ അദ്ദേഹത്തിന് ആ സമയത്ത് ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്ന സമയമാണ്. അതുകൊണ്ടു തന്നെ പരസ്യചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലായിരുന്നു. മുരളി തന്നെ മതിയെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. ഷൂട്ടിങ് നീണ്ടു പോയാലും സാരമില്ല, മുരളി തന്നെ മതിയെന്ന് ഞാന്‍ പറഞ്ഞു.

അഭിനയിക്കാന്‍ പറ്റില്ലെന്ന് മുരളി, വിട്ടുകൊടുക്കാതെ ഞാനും

Murali Air Deccan ad old man and the sky Manoj Pilla ad film maker Interview Soorarai Pottru Suriya

ലങ്കാലക്ഷ്മി നാടകം ചെയ്യാന്‍ അദ്ദേഹം ദുബായിലുണ്ടായിരുന്ന സമയത്താണ് ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുന്നത്. കാര്യം പറഞ്ഞപ്പോള്‍, ''എനിക്ക് താല്‍പര്യമില്ലെ''ന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. പക്ഷേ ഞാന്‍ അദ്ദേഹത്തെ വിട്ടുകളയാന്‍ ഒരുക്കമായിരുന്നില്ല. രണ്ടാഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ദുബായില്‍ നിന്ന് നാട്ടിലെത്തിയതായി അറിഞ്ഞു. ഞാന്‍ നേരേ അദ്ദേഹത്തിന്റെ വീടായ കാര്‍ത്തികയിലേക്ക് ചെന്നു. വീണ്ടും അതേ കാര്യം അവതരിപ്പിച്ചപ്പോള്‍ മുരളി പറഞ്ഞു, ''ഞാന്‍ അന്നേ പറഞ്ഞില്ലേ, എനിക്ക് താല്‍പര്യമില്ലെന്ന്''. അപ്പോള്‍ ഞാന്‍ പറഞ്ഞു, ''സര്‍ എന്റെ കഥയൊന്നു കേള്‍ക്കൂ, എന്നിട്ട് ഞാന്‍ പോയ്ക്കോളം''. അദ്ദേഹം ശരിയെന്ന് പറഞ്ഞു. അങ്ങനെ, ഞാന്‍ കഥ പറഞ്ഞു. പറഞ്ഞു പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ മുരളി പറഞ്ഞു, ''ഇത് ഞാന്‍ ചെയ്തോളാം എന്ന്''. എനിക്ക് വേണ്ടത് ഒരു സൂപ്പര്‍താരത്തെ ആയിരുന്നില്ല, ഒരു നല്ല നടനെയായിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ആദ്യം വിസമ്മതിച്ചിട്ടും ഞാന്‍ പിറകെ കൂടിയത്. 

കോപ്പി റൈറ്ററില്‍ നിന്ന് സംവിധായകനിലേക്ക്

മെക്കാന്‍ എറിക്സണ്‍ എന്ന കമ്പനിയില്‍ കോപ്പി റൈറ്ററായായിരുന്നു എന്റെ തുടക്കം. അവിടെ വച്ചാണ് സന്തോഷ് ശിവനെ പരിചയപ്പെടുന്നത്. അദ്ദേഹം ഞങ്ങളുടെ ചില പരസ്യങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു, നിങ്ങള്‍ അഭിനയിക്കാന്‍ പോരുന്നോ എന്ന്. ചെറുപ്പമല്ലേ, ഞാന്‍ സമ്മതിച്ചു. അദ്ദേഹം സംവിധാനം ചെയ്ത മല്ലി എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചു. അതിന് ശേഷമാണ് ഞാന്‍ പരസ്യ സംവിധാന രംഗത്തേക്ക് കടന്നത്. പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി ധാരാളം പരസ്യങ്ങള്‍ ചെയ്തു. ഇന്റലിന് വേണ്ടി ഒട്ടേറെ ഗ്ലോബല്‍ ഫിലിമുകള്‍ ചെയ്തു. ഇന്ത്യയ്ക്കു വേണ്ടിയല്ല, അര്‍ജന്റീന, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ വേണ്ടിയാണ്. സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലുള്ള ഏജന്‍സികളുമായി സഹകരിച്ചാണ് ചെയ്തത്. അതുപോലെ അമേരിക്കന്‍ എക്സ്പ്രസിന് വേണ്ടി ഫരേല്‍ വില്ല്യംസിനെ വച്ച് ഒരു പരസ്യം ചെയ്തു. ഇതോടൊപ്പം ഗൂഗിള്‍ ഫോര്‍ ഇന്ത്യയുടെ പരസ്യങ്ങള്‍ ചെയ്തു. കൂടാതെ, ആമസോണ്‍, നൈക്കി, ലീവൈസ്, വെരിസൈന്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ.പി.എല്‍ തുടങ്ങിയവയ്ക്ക് വേണ്ടിയും ആഡ് ഫിലിമുകള്‍ ചെയ്തു.

കലാമുമൊത്തുള്ള മറക്കാനാകാത്ത കൂടികാഴ്ച

Murali Air Deccan ad old man and the sky Manoj Pilla ad film maker Interview Soorarai Pottru Suriya

ഞങ്ങള്‍ ചെയ്ത ഗൂഗിള്‍ ഫിലിം കണ്ട് അന്തരിച്ച മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ഒരു കൂടികാഴ്ചക്ക് ക്ഷണിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യം ശരണ്‍ നേഗിയെക്കുറിച്ചുള്ള ഒരു ചിത്രമായിരുന്നു അത്. അതിയായ മഞ്ഞുവീഴ്ചയിലും ദുര്‍ഘടമായ മലയിടുക്കുകളും താണ്ടി ഹിമാചല്‍ പ്രദേശിലെ കല്‍പ്പയിലെ പോളിങ് ബൂത്തിലെത്തിയാണ് അദ്ദേഹം ആദ്യവോട്ട് രേഖപ്പെടുത്തിയത്. അധ്യാപകനായിരുന്ന അദ്ദേഹം കല്‍പ്പ ബൂത്തിലെ പോളിംഗ് ഓഫീസര്‍ കൂടിയായിരുന്നു. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇന്ത്യയിലെ വോട്ടിങ് ശതമാനം ഉയര്‍ന്നുന്നതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒരു കാമ്പയിന്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തില്‍ എത്തുന്നതിന് മുന്‍പ് കലാം സാര്‍ നമ്മളെ വിട്ടുപോയി.

ശ്യം ശരണ്‍ നേഗിയെക്കുറിച്ചുള്ള പരസ്യം

 

Content Highlights: Murali Air Deccan ad, old man and the sky, Manoj Pilla, ad film maker Interview, Soorarai Pottru, Suriya Sivakumar, Captain Gopinath