കോവിഡ് പ്രതിസന്ധിയില്‍ തിയേറ്റര്‍ റിലീസ് സാധിക്കാതെ ഒടിടിയിലെത്തിയ സിനിമയാണ് സൂര്യയുടെ സൂരറൈ പോട്ര്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. എയര്‍ ഡെക്കാണ്‍ എന്ന ആഭ്യന്തര വിമാന സര്‍വീസിന്റെ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയായിരുന്നു ഇത്. ജി.ആര്‍. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ - എ ഡെക്കാണ്‍ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.
ഒ.ടി.ടി റിലീസായാണ് എത്തിയതെങ്കിലും സൂരറൈ പോട്രിന് ലഭിച്ച ജനപ്രീതിയാണ് ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ കാരണമായത്. സര്‍ഫിറാ എന്ന പേരില്‍ അക്ഷയ് കുമാറിനെ നായകനാക്കി സുധ കൊങ്കര തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ജൂലൈ 12 ന് റിലീസ് ചെയ്ത ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്. അക്ഷയ് കുമാറിന്റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആയിരുന്നു. പ്രീബുക്കിങിലും സിനിമ പിന്നോട്ട് പോയി.
സര്‍ഫിറയുടെ പരാജയത്തില്‍ ഹൃദയം തകരുന്നുവെന്ന് നിര്‍മാതാവ് മഹാവീര്‍ ജെയന്‍. സര്‍ഫീറ താന്‍ കണ്ടിരുന്നുവെന്നും ഹൃദയത്തില്‍ തൊടുന്ന കഥയാണെന്നും അദ്ദേഹം പറയുന്നു.
നല്ല സിനിമകള്‍ക്ക് അര്‍ഹമായ വിജയം ലഭിക്കുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ സര്‍ഫിറാ ബോക്‌സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാത്തത് കാണുമ്പോള്‍ ഹൃദയം തകരുന്നു. സിനിമ കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സര്‍ഫിറാ വിജയം അര്‍ഹിക്കുന്ന ഒരു ചിത്രമാണ്- മഹാവീര്‍ ജെയ്ന്‍ പറഞ്ഞു.
സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക അക്ഷയ് കുമാര്‍ ചിത്രങ്ങളും വന്‍പരാജയമായിരുന്നു. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെല്‍ഫി, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് എന്ന ചിത്രം മാത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസില്‍ വിജയമാവുകയും ചെയ്തു. ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ഒടിടിയില്‍ ഹിറ്റായ ചിത്രമാണ് സൂരറൈ പോട്ര്. അതുകൊണ്ടായിരിക്കാം സര്‍ഫിറ പരാജയപ്പെട്ടത്.
പരേഷ് റാവല്‍, ശരത്കുമാര്‍, രാധികാ മദന്‍, സീമാ ബിശ്വാസ് എന്നിവരാണ് സര്‍ഫിറയിലെ മറ്റുതാരങ്ങള്‍. സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. പൂജാ തൊലാനി സംഭാഷണവും ജി.വി. പ്രകാശ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഒടിടിയില്‍ തരംഗമായ സൂരറൈ പോട്രിലൂടെ 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളിയും സ്വന്തമാക്കി. മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരവും ഈ ചിത്രത്തിനായിരുന്നു. ജി.വി പ്രകാശ് മികച്ച പശ്ചാത്തല സംഗീതത്തിനും സുധ കൊങ്കരയും ശാലിനി ഉഷ നായരും മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.
Content Highlights: sarfira box office collection akshay kumar soorarai pottru remake
Published: 22 Jul 2024, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented