മലയാളത്തില്‍ തുടക്കം കുറിച്ച് തമിഴിലും മറ്റ് അന്യഭാഷകളിലും ചുവടുറപ്പിച്ച ഒട്ടേറെ മലയാളി നായികമാരുണ്ട്. അവരുടെ കൂട്ടത്തിലേക്കുള്ള പുതിയ എന്‍ട്രിയാണ് ആര്‍ഷ ചാന്ദ്‌നി ബൈജു. നടന്‍ ശിവ കാര്‍ത്തികേയന്‍ നിര്‍മിച്ച് നവാഗതനായ രാജവേല്‍ സംവിധാനം ചെയ്ത ഹൗസ് മേറ്റ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച തുടക്കമാണ് തമിഴില്‍ ആര്‍ഷയ്ക്ക് ലഭിച്ചിരിക്കുന്നത്. തിയേറ്ററില്‍ മികച്ച പ്രതികരണം ലഭിച്ച ഹൗസ് മേറ്റ്‌സിന് ഒടിടി റിലീസിന് പിന്നാലെ അഭൂതപൂര്‍വമായ പ്രേക്ഷക പിന്തുണ ലഭിക്കുന്നതില്‍ സന്തോഷവതിയാണ് ആര്‍ഷ. തമിഴ് അരങ്ങേറ്റത്തെക്കുറിച്ച് ആര്‍ഷ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

To advertise here,

മലയാളത്തിലെ ഏത് സിനിമയാണ് തമിഴിലേക്കുള്ള വഴിയൊരുക്കിയത്?

ഞാനഭിനയിച്ച മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം കണ്ടിട്ടാണ് ഹൗസ് മേറ്റ്‌സ് എന്ന ചിത്രത്തിലേക്ക് വിളിച്ചത്. ആ സിനിമ തമിഴ്‌നാട്ടില്‍ അത്യാവശ്യം ഹിറ്റായിരുന്നു. രാജവേല്‍ എന്ന നവാഗതനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് ചിത്രം ഒരുക്കിയത്. എന്നെ വിളിച്ച അദ്ദേഹം ആദ്യം മുതല്‍ അത്രയും വിശദീകരിച്ചാണ് കഥ പറഞ്ഞത്. എല്ലാ കാര്യത്തിലും വളരെ ജിജ്ഞാസുവായ ചെറുപ്പക്കാരിയായ വീട്ടമ്മയുടെ വേഷമായിരുന്നു എനിക്ക്. അവരാണ് ഓരോ സംഭവങ്ങളും മുന്നോട്ടുകൊണ്ടുപോവുന്നത്. നമ്മുടെ കഴിവ് എന്താണ് തെളിയിക്കാനുള്ള അവസരം പോലെ നല്ലൊരു കഥാപാത്രം തന്നെയാണ് കിട്ടിയത്. നല്ലൊരു തുടക്കമാണ് തമിഴില്‍ കിട്ടിയത്.

ചിത്രത്തിന്റെ ഒടിടി റിലീസിനുശേഷം മികച്ച പ്രതികരണങ്ങളാണല്ലോ ലഭിക്കുന്നത്?

ഒടിടി റിലീസിനുശേഷം വലിയ തോതിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തീയേറ്ററില്‍ നല്ല വിജയമായിരുന്നെങ്കിലും ഒടിടിയില്‍ വന്നശേഷമാണ് ഇത്രയേറെ പ്രതികരണങ്ങള്‍ വരുന്നത്.

ബിഗ് സ്‌ക്രീനില്‍ ഇതുവരെ പരീക്ഷിക്കാത്തൊരു ജോണറാണ്. എങ്ങനെയായിരുന്നു സിനിമയുടെ ചിത്രീകരണം?

വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയാണ് ഹൗസ് മേറ്റ്‌സ്. ഭൂരിഭാഗം രംഗങ്ങളും ഒരു വീടിനകത്താണ് നടക്കുന്നത്. ആദ്യം എന്റെയും ദര്‍ശന്റെയും രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഷെഡ്യൂളായിരുന്നു. ഇരുപതോളം ദിവസമുണ്ടായിരുന്നു ഞങ്ങളുടെ ഷൂട്ട്. ഞങ്ങളുടെ രംഗങ്ങള്‍ ചിത്രീകരിച്ച സെറ്റ് പൂര്‍ണമായും മാറ്റിയിട്ടാണ് കാളി വെങ്കട്ട് സാറിന്റെയും വിനോദിനി മാഡത്തിന്റെയും വീടിന്റെ സെറ്റിടുകയും ചിത്രീകരിക്കുകയും ചെയ്തത്. അവര്‍ക്ക് പത്തു ദിവസത്തോളമുണ്ടായിരുന്നു ചിത്രീകരണം. ഒരു വീട്ടില്‍ത്തന്നെ രണ്ട് സെറ്റിടുകയായിരുന്നു. മലയാളത്തിലെ ഷൂട്ടിങ് സ്റ്റൈലുമായി തമിഴ് സിനിമയില്‍ ഒരു വ്യത്യാസം തോന്നിയിട്ടില്ല.
 

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിങ്ങള്‍ നാലുപേരും പിന്നീടെപ്പോഴാണ് നേരില്‍ കണ്ടത്?

സിനിമയില്‍ ഞങ്ങള്‍ നാലുപേരുടേയും സീനുകള്‍ ഒരുമിച്ചാണ് കാണിക്കുന്നതെങ്കിലും രണ്ട് സമയത്തായിട്ടായിരുന്നു ചിത്രീകരണം. ക്ലൈമാക്‌സിനോടടുപ്പിച്ചുള്ള രംഗങ്ങളെടുക്കുന്ന സമയത്താണ് ഞാന്‍ കാളി വെങ്കട്ട് സാറിനേയും വിനോദിനി മാഡത്തെയും നേരിട്ട് കാണുന്നത്. വിനോദിനി മാഡത്തിനെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. നാല്പതു ദിവസത്തിലേറെയുണ്ടായിരുന്നു ആകെ ചിത്രീകരണം.

സിനിമ കണ്ടശേഷം നിര്‍മാതാവായ ശിവ കാര്‍ത്തികേയന്‍ സന്തോഷവാനായിരുന്നോ? നേരില്‍ക്കാണാന്‍ സാധിച്ചിരുന്നോ?

ശിവ കാര്‍ത്തികേയനായിരുന്നു ഹൗസ് മേറ്റ്‌സിന്റെ നിര്‍മാണം. അദ്ദേഹത്തെ കാണാനായി പോയിട്ടുണ്ട്. സക്‌സസ് സെലിബ്രേഷന്റെ സമയത്തും കണ്ടിരുന്നു. അദ്ദേഹം സിനിമ കണ്ടിട്ട് എന്നെ അഭിനന്ദിച്ചിരുന്നു. പടം നന്നായി വന്നതില്‍ സന്തോഷവാനാണ് എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. ശിവ കാര്‍ത്തികേയന്‍ നിര്‍മിച്ച കനാ എന്ന ചിത്രത്തില്‍ ദര്‍ശന്‍ നായകനായിരുന്നു. അദ്ദേഹം ഇങ്ങനെയൊരു പടം എടുത്തത് വലിയൊരു കാര്യം തന്നെയാണ്. സംവിധായകനടക്കം പലരും പുതിയ ആള്‍ക്കാരാണ്. എല്ലാവരേയും വിശ്വസിച്ച്, ഇങ്ങനെയൊരു ടീമിന്റെ കൂടെ നിന്നത് വലിയ കാര്യമാണ്. ശിവ കാര്‍ത്തികേയന്‍ നിര്‍മിക്കുന്ന ചിത്രം എന്നതായിരുന്നു ഏറ്റവും വലിയ പ്രചാരണം. അതുതന്നെയായിരുന്നു നമ്മുടെ ചിത്രത്തിന്റെ മേല്‍വിലാസവും.

സംവിധായകന്‍ രാജവേലിനെ നടിയെന്ന നിലയില്‍ ആര്‍ഷ വിലയിരുത്തുന്നതെങ്ങനെ?

എല്ലാ കാര്യങ്ങളേക്കുറിച്ചും വ്യക്തമായ ധാരണയുള്ള സംവിധായകനാണ് രാജവേല്‍. എന്താണ് ചിത്രീകരിക്കേണ്ടതെന്ന് വ്യക്തമായി അറിയാം. സിനിമയ്ക്കുവേണ്ടി അത്രയധികം തയ്യാറെടുത്തിരിക്കുകയായിരുന്നു അദ്ദേഹവും ടീമും. നിര്‍മാതാക്കളെ കാണിക്കാനായി അദ്ദേഹവും ടീമും ചേര്‍ന്ന് രംഗങ്ങള്‍ ഷൂട്ട് ചെയ്തുവച്ചിരുന്നു, ഒരു ഡെമോ പോലെ. ഒരു റിയാക്ഷന്‍ എത്ര അളവില്‍ വരണമെന്ന് അദ്ദേഹത്തിന് നല്ല ധാരണയായിരുന്നു. ടൈറ്റ് ഷെഡ്യൂളായിരുന്നുവെങ്കിലും യാതൊരു പ്രശ്‌നവുമില്ലാതെയാണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്. ചെന്നൈയിലായിരുന്നു ഷൂട്ട്. സ്ഥിരം സിനിമാ ചിത്രീകരണം നടക്കുന്ന ഒന്നുരണ്ട് വീടുകളുണ്ടായിരുന്നു അവിടെ. ഞങ്ങള്‍ രണ്ട് കൂട്ടരുടേയും വീടുകള്‍ ഷൂട്ട് ചെയ്യാന്‍ കുറഞ്ഞ ദിവസങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും ജോലി ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. സെറ്റിലെത്തിയാല്‍ ആശയക്കുഴപ്പത്തിന്റെ ആവശ്യമേ ഇല്ലായിരുന്നു.

ചിത്രത്തിന്റെ ‘സയന്‍സ് ഫിക്ഷന്‍ സംഗതി’യെക്കുറിച്ച് എങ്ങനെയാണ് സംവിധായകന്‍ വിവരിച്ചുതന്നത്?

ചിത്രത്തില്‍ പറയുന്ന ടെസറാക്റ്റ് എന്ന ആ സംഗതിയേക്കുറിച്ച് നേരത്തേ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ പേര് ഇതാണെന്ന് അറിയില്ലായിരുന്നു. വളരെ ലളിതമായാണ് സംവിധായകന്‍ ഇതേക്കുറിച്ച് വിവരിച്ചത്. ചിത്രീകരണ സമയത്ത് സംശയങ്ങള്‍ ചോദിച്ചപ്പോള്‍ മറ്റു ചില ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം വിവരിച്ചുതന്നു.
 

സഹതാരങ്ങളായ ദര്‍ശന്‍, കാളി വെങ്കട്ട്, വിനോദിനി എന്നിവരെക്കുറിച്ച്...?

വളരെ നല്ല സഹപ്രവര്‍ത്തകനായിരുന്നു ദര്‍ശന്‍. ചിത്രീകരണസമയത്ത് ഡയലോഗ് പറയുന്നതിനും മറ്റും അദ്ദേഹം നന്നായി സഹായിച്ചു. വളരെ കൂളായ വ്യക്തിയാണദ്ദേഹം. ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചവരില്‍ നല്ല അഭിനേതാക്കളിലൊരാള്‍കൂടിയാണ് ദര്‍ശന്‍. കാളി വെങ്കട്ട് സാറും വിനോദിനി മാഡവും ഗംഭീര അഭിനേതാക്കളാണ്. ഹൗസ് മേറ്റ്‌സിന്റെ ക്ലൈമാക്‌സിനോടടുപ്പിച്ച് ഒരു രംഗമുണ്ട്. ആ സീനില്‍ അവരുടെ പ്രകടനം എപ്പോള്‍ കണ്ടാലും ഞാന്‍ കരയും. വിനോദിനി മാഡത്തിന്റെ എങ്കേയും എപ്പോതും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ പ്രകടനം ഏറെ ഇഷ്ടമാണ്. കാളി വെങ്കട്ട് സാറും അതുപോലെതന്നെ. സിനിമയില്‍ അവരുടെ രംഗങ്ങളെല്ലാം കോമഡിയും എന്റെയും ദര്‍ശന്റെയും രംഗങ്ങള്‍ സീരിയസുമായിരുന്നു. കോമഡി ലൈന്‍ പിടിക്കേണ്ട എന്ന് സംവിധായകന്‍ ഞങ്ങളോട് പ്രത്യേകം പറഞ്ഞിരുന്നു. കാളി വെങ്കട്ട് സാറിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോഴും എനിക്ക് കോളുകള്‍ വരുന്നുണ്ട്. ഒരു മാസം നീണ്ട പ്രചാരണത്തിന് പോയപ്പോള്‍ കാളി വെങ്കട്ട് സാറിന് വലിയ കയ്യടിയാണ് ലഭിച്ചത്. രണ്ട് മൂന്ന് വര്‍ഷത്തിനകം അദ്ദേഹം നായകനായി പടങ്ങള്‍ വരുമെന്നാണ് തോന്നുന്നത്.

അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും എക്‌സ്ട്രീം സാഹചര്യങ്ങളെ നേരിടുന്ന കഥാപാത്രങ്ങളാണല്ലോ ചെയ്തത്...?

സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് ആലോചിക്കുന്നയാളാണ് ഞാന്‍. ഉറക്കം നഷ്ടപ്പെടുന്ന രീതിയില്‍വരെ ഓവര്‍തിങ്ക് ചെയ്യും. ഹൗസ് മേറ്റ്‌സ് തിരഞ്ഞെടുക്കാനുള്ള കാരണം അതിന്റെ കഥയാണ്. ഞാന്‍ ചെയ്തതില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെല്ലാം എക്‌സ്ട്രീം സാഹചര്യങ്ങളെ നേരിടുന്നു എന്നത് അറിയാതെ വരുന്നതാണ്. മുകുന്ദനുണ്ണിക്ക് ശേഷം എനിക്ക് അതേ ശൈലിയിലുള്ള കഥാപാത്രങ്ങള്‍ വന്നിരുന്നു. പക്ഷേ അങ്ങനെയുള്ള സിനിമകള്‍ നമുക്ക് വരും.

ആഗ്രഹിച്ച് സിനിമയില്‍ വന്നയാളാണോ?

ആവറേജ് അമ്പിളി കണ്ടിട്ടാണ് മുകുന്ദനുണ്ണിയിലേക്ക് വിളിച്ചത്. അമ്പിളിയുടെ കണ്ണില്‍ നിഷ്‌കളങ്കതയുണ്ടായിരുന്നു. അങ്ങനെയൊന്ന് നെഗറ്റീവ് കഥാപാത്രത്തിലേക്ക് വരുമ്പോള്‍ ക്ലിക്കാവുമെന്ന് തോന്നി എന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. പിന്നെ ആളുകള്‍ ആ കഥാപാത്രത്തേക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കില്ലല്ലോ. തുടരും ചെയ്തതിനുശേഷം രണ്ട് ചിത്രങ്ങളിലേക്ക് കാമിയോ ആയി വിളിച്ചിരുന്നു. ഒരു കഥാപാത്രം എഴുതപ്പെടുമ്പോള്‍ നമ്മളെ ഓര്‍ക്കുന്നത് നമ്മള്‍ നന്നായി ചെയ്യുന്നതുകൊണ്ടായിരിക്കുമല്ലോ. കഥാപാത്രം ഇഷ്ടപ്പെട്ടാല്‍ ഞാന്‍ ചെയ്തിരിക്കും. മുമ്പ് കരിയറില്‍ പ്ലാനിങ്ങുണ്ടായിരുന്നു. പക്ഷേ സിനിമയില്‍ വന്നുകഴിഞ്ഞപ്പോഴാണ് പ്ലാന്‍ ചെയ്യുന്നതുപോലെയൊന്നുമല്ല എന്ന് മനസിലായത്. അഭിനയിക്കണമെന്നത് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതലുള്ള ആഗ്രഹമാണ്. ആഗ്രഹിച്ചുതന്നെ സിനിമയില്‍വന്നയാളാണ് ഞാന്‍.

പുതിയ ചിത്രങ്ങള്‍?

പ്ലൂട്ടോ എന്ന ചിത്രമാണ് മലയാളത്തില്‍ ഇപ്പോള്‍ ഷൂട്ട് നടക്കുന്നത്. നീരജ് മാധവ്, അല്‍ത്താഫ്, അജു വര്‍ഗീസ് ഒക്കെയാണ് കൂടെയുള്ള പ്രധാന താരങ്ങള്‍. ഒരു തമിഴ്പടം ചെയ്യുന്നുണ്ട്. അതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. തമിഴില്‍ നല്ലൊരു പ്രോജക്റ്റ് ചര്‍ച്ചയിലുണ്ട്.