ണിരത്നത്തിന്റെ എഡിറ്റിങ് ടേബിളിൽ വെട്ടേറ്റുവീഴാനായിരുന്നു മധുരാന്തകന്റെ ചാരൻ തേൻകൊണ്ടേന്റെ വിധി. പൊന്നിയിൻ സെൽവൻ സിനിമയിൽനിന്ന് ഒഴിവാക്കപ്പെട്ട രംഗങ്ങളിൽ വിജയ്‌ യേശുദാസിന്റെ സൈനികകഥാപാത്രം തേൻകൊണ്ടേനും ഉൾപ്പെടുന്നു.

To advertise here,

‘‘പാട്ടും അഭിനയവുമെല്ലാം അങ്ങനെയാണ്. സിനിമയുടെ കഥാഗതിക്ക്‌ അനുയോജ്യമാണെങ്കിൽമാത്രമേ ഉൾപ്പെടുത്താനാകൂ. അതിൽ വ്യക്തിപരമായ താത്‌പര്യങ്ങൾക്ക് പ്രസക്തിയില്ല, പാട്ടിന്റെ കാര്യത്തിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അഭിനയിച്ച രംഗങ്ങൾ കാണാൻ കഴിഞ്ഞില്ലെങ്കിലും മണിരത്നംസാറിന്റെ  ക്യാമറയ്ക്കുമുന്നിൽ നിൽക്കാൻ കഴിഞ്ഞത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. ഒരു നടൻ എന്നനിലയിൽ വലിയപാഠങ്ങളാണ് പഠിക്കാനായത്.’’ -പാട്ടിനൊപ്പം അഭിനയത്തിലും ചുവടുറപ്പിക്കുന്ന വിജയ് വിശദീകരിച്ചു.

മാരിയെ കീഴ്‌പ്പെടുത്താനെത്തുന്ന പോലീസ് ഓഫീസറായി തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം, മണിരത്നത്തിന്റെ അസിസ്റ്റന്റ് ധനശേഖർ സംവിധാനംചെയ്ത ‘പടൈവീര’നാണ് നായകവേഷംചെയ്ത ആദ്യ ചിത്രം. റൊമാന്റിക് സസ്പെൻസ് ത്രിഡി ചിത്രം ‘സാൽമൺ’ മലയാളം ഉൾപ്പെടെ ഏഴുഭാഷകളിലായി അടുത്തിടെ പ്രദർശനത്തിനെത്തി. സിനിമാ വിശേഷങ്ങൾ വിവരിച്ച് വിജയ് യേശുദാസ്...

 പൊന്നിയിൻ സെൽവനിൽ അഭിനയിച്ച രംഗങ്ങൾ പിന്നീടെപ്പോഴെങ്കിലും കണ്ടിരുന്നോ...

= ഇല്ല, കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്. പൊന്നിയിൻ സെൽവനിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നത് പോസിറ്റീവായിട്ടാണ് കാണുന്നത്. സിനിമയുടെ രണ്ടുഭാഗങ്ങളും കണ്ടു, ഞാനഭിനയിച്ച രംഗങ്ങൾ ഇല്ലാത്തതിനാൽ സിനിമയ്ക്ക് എന്തെങ്കിലും കുറവോ, കുഴപ്പമോ ഇല്ല. ഒരുപാട് കഥാപാത്രങ്ങളുമായി വലിയ കാൻവാസിൽ കഥപറഞ്ഞ സിനിമയാണ് പൊന്നിയിൻ സെൽവൻ, തീർത്തും ആവശ്യമായ രംഗങ്ങൾ മാത്രമാകും അവസാനഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുക. അതെല്ലാം മനസ്സിലാക്കാവുന്നതേയുള്ളൂ. കഥാപാത്രത്തിനായി യോദ്ധാവിന്റെ വേഷമണിഞ്ഞ് മുടിയെല്ലാം വെട്ടിയൊതുക്കി കുതിരയോടൊന്നിച്ചെടുത്ത ചിത്രങ്ങൾ എന്റെ മൊബൈലിലുണ്ട്.

 നടൻ റഹ്മാൻ അവതരിപ്പിച്ച മധുരാന്തകന്റെ പക്ഷത്തുനിൽക്കുന്ന യോദ്ധാവിന്റെ വേഷമായിരുന്നു ചിത്രത്തിൽ, ചിത്രീകരണ അനുഭവങ്ങൾ...

= മധുരാന്തകന്റെ സൈന്യത്തോട് ചേർന്നുപ്രവർത്തിക്കുന്ന ചാരന്റെ വേഷമായിരുന്നു എനിക്ക്. വിക്രംസാറിന്റെ കഥാപാത്രം ആദിത്യകരികാലനോടൊന്നിച്ച് കുതിരസവാരിയെല്ലാം നടത്തി, കരികാലനൊപ്പം നടന്ന് വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ദൗത്യം. തൃഷയ്ക്കൊപ്പവും അഭിനയിച്ചു. അഞ്ചാറുദിവസത്തോളം ടീമിനൊപ്പമുണ്ടായിരുന്നു. ഗോദാവരി നദീതീരത്തായിരുന്നു ആദ്യ ദിവസത്തെ ചിത്രീകരണം. മധുരാന്തകനെ രഹസ്യമായി ഒളിപ്പിച്ച് നദിയിലൂടെ കൊട്ടാരത്തിലേക്ക് കൊണ്ടുവരുന്നതായിരുന്നു അവിടെ ചിത്രീകരിച്ചത്. ജയറാംസാറെല്ലാം ആ സമയം തീരത്തുനിന്ന് ഞങ്ങളുടെ യാത്രനോക്കി പലതും പറയും. എന്നാൽ, ആ ഭാഗങ്ങളെല്ലാംതന്നെ ഒഴിവാക്കി.

ഓക്കെ കൺമണി, കടൽ സിനിമകളിലെല്ലാം മണിരത്നം സാറിനൊപ്പം പ്രവർത്തിച്ച ധനയാണ് എന്നെ പൊന്നിയിൻ സെൽവനിലേക്ക് വിളിക്കുന്നത്. ലുക്ക് ടെസ്റ്റ് നടത്തി തൃപ്തിയായശേഷമാണ് വേഷം ഉറപ്പിക്കുന്നത്. രംഗങ്ങൾ സിനിമയിൽനിന്ന് നീക്കംചെയ്ത വിവരം റിലീസിനുമുൻപ് ധനതന്നെ എന്നെവിളിച്ച് അറിയിച്ചിരുന്നു. വലിയ പ്രോജക്ടുകളിൽ അതെല്ലാം സ്വാഭാവികമാണ്, ഞാൻ പാടി റെക്കോഡുചെയ്ത പാട്ടുകൾ പിന്നീട് സിനിമയിൽനിന്ന് മാറ്റിയിട്ടുണ്ട്. കഥാസന്ദർഭത്തിനും കഥാപാത്രത്തിനും കൂടുതൽ ചേരുന്ന ശബ്ദം മറ്റൊന്നാണ് എന്ന തീരുമാനത്തിലാകും മാറ്റം. ഞാൻ പാടിയ പാട്ടുകൾ പിന്നീട്  പുതുഗായകരെക്കൊണ്ടും എ​െന്ന ക്കാൾ സീനിയറായ ഗായകരെക്കൊണ്ടും മാറ്റിപ്പാടിച്ച് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാട്ടിനൊപ്പം അഭിനയവും എന്നാണോ ഇപ്പോഴത്തെ തീരുമാനം...

=പാട്ടിനൊപ്പമാണ് വളർന്നത്, അഭിനയം ഉള്ളിലൊരു മോഹമായി ഉണ്ടായിരുന്നു. സുഹൃത്തുക്കളെല്ലാം ചേർന്നാണ് അതിനെ ഉയർത്തിക്കൊണ്ടുവന്നത്. പാടാനായാലും അഭിനയിക്കാനായാലും ചാൻസ് ചോദിച്ചുപോകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്, എന്റെ കുടുംബപശ്ചാത്തലംതന്നെയാണ് അതിൽ പ്രധാനം. ഞാനൊരാളോട് അവസരം ചോദിച്ചുചെന്നാൽ ആ വ്യക്തി പലപ്പോഴും പ്രയാസത്തിലാകും. പാട്ടിലായാലും അഭിനയത്തിലായാലും എന്നെത്തേടി വരുന്ന പ്രോജക്ടുകൾ സ്വീകരിക്കാനാണ് എനിക്കിഷ്ടം. ഈ ശബ്ദമാണ്, ഈ ശരീരഭാഷയാണ് ആവശ്യമെന്നുറപ്പിച്ച് ചിലർ നമ്മളെ അന്വേഷിച്ചു വരുമ്പോൾ, അത് നൽകുന്ന ആത്മവിശ്വാസം വലുതാണ്.
ധനുഷിനൊപ്പം അഭിനയിച്ച മാരി പ്രേക്ഷകർ ഏറ്റെടുത്തതോടെ അഭിനയവുമായി മുന്നോട്ടുപോകാനുള്ള കരുത്തുലഭിച്ചു. നല്ല വേഷങ്ങൾ വരുമ്പോൾ ഒരുകൈനോക്കാമെന്ന് തീരുമാനിച്ചു. പടൈവീരനിലേക്ക് നായകനാകാൻ വിളിച്ചപ്പോൾ അതിലൊരല്പം റിസ്‌ക്കില്ലേയെന്നാണ് സംവിധായകനോട് ആദ്യം ചോദിച്ചത്. പാട്ടിനു തടസ്സംവരാതെ അഭിനയവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

അഭിനയവുമായി മുന്നോട്ടുനീങ്ങുന്ന, നടൻ വിജയ് യേശുദാസിന്റെ പുതിയ വിശേഷങ്ങൾ...

= ഒറിജിനൽ ത്രിഡി ക്യാമറയിൽ ചിത്രീകരിച്ച സാൽമൺ ആണ് പ്രദർശനത്തിനെത്തിയ പുതിയ ചിത്രം. സർഫറോഷ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കുടുംബത്തിനും സൗഹൃദത്തിനും പാട്ടിനുമെല്ലാം പ്രാധാന്യം നൽകുന്ന കഥയാണ് ചിത്രത്തിന്റേത്. ആദ്യകേൾവിയിൽത്തന്നെ താത്‌പര്യംതോന്നിയ കഥയായിരുന്നു സാൽമണിന്റേത്. മലയാളത്തിൽ അടുത്തതായി പ്രദർശനത്തിനെത്തുന്ന ചിത്രം ക്ലാസ് ബൈ എ സോൾജ്യർ ആണ്. വലിയ ഹീറോയിസമൊന്നുമില്ലാത്ത ഒരു മിലിറ്ററി ഒാഫീസറുടെ കഥ, മേജർ കിഷോറെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പഠിച്ച സ്കൂളിലേക്ക് തിരിച്ചെത്തുന്ന നായകന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.
നടൻ എന്നനിലയിൽ ഇനിയുമൊരുപാട് കാര്യങ്ങൾ പഠിച്ചെടുക്കേണ്ടതുണ്ട്. പടൈവീരനിൽ അഭിനയിക്കാൻ ഇറങ്ങുംമുൻപ് അഭിനയപരിശീല ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഡാൻസ് കൊറിയോഗ്രാഫർ വിജി മാസ്റ്ററാണ് അന്ന് നൃത്തം പഠിപ്പിച്ചത്. മുണ്ട് മാടിക്കുത്തിയുള്ള ഓട്ടവും നടത്തവും തമിഴ് ഗ്രാമീണരുടെ മൊഴിവഴക്കങ്ങൾ പ്രകടമാകുന്ന സംഭാഷണങ്ങളുമെല്ലാം കഥാപാത്രത്തിനായി പഠിച്ചെടുക്കുകയായിരുന്നു. അഭിനയിച്ച സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും വലിയ അവകാശവാദങ്ങളൊന്നുമില്ല, കഴിയാവുന്നരീതിയിൽ ഭംഗിയായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ബാക്കിയെല്ലാം പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്.

യേശുദാസിന് പ്രിയപ്പെട്ട വിജയ് യേശുദാസ് ഗാനങ്ങൾ, അപ്പയിൽനിന്നു ലഭിച്ച ഉപദേശങ്ങൾ...

= എന്റെ പാട്ടുകളെക്കുറിച്ച് നല്ലതോ മോശമോ ആയ അഭിപ്രായങ്ങൾ ഇതുവരെ എന്നോട് അപ്പ നേരിട്ട് പറഞ്ഞിട്ടില്ല. അമ്മവഴിയാണ് മുൻപെല്ലാം കമന്റുകൾ വരാറ്. ചിലപാട്ടുകൾ കേട്ടാൽ അതവൻ നന്നായി പാടി, അവന് നന്നായി പാടാൻകഴിഞ്ഞു എന്നെല്ലാം വീട്ടിൽ പൊതുവായി പറയാറുണ്ട്. മിഴികൾക്കിന്നെന്തു വെളിച്ചം... എന്നപാട്ട് അത്തരത്തിൽ ഇഷ്ടപ്പെട്ട പാട്ടായി പറയുന്നതു കേട്ടിട്ടുണ്ട്. ഉപദേശങ്ങൾ നൽകുന്ന അപ്പയുടെ ചിത്രം മനസ്സിലില്ല. കുട്ടിക്കാലത്തുപോലും വഴക്കുപറയുകയോ അടിക്കുകയോചെയ്യുന്ന പതിവില്ലായിരുന്നു. പാട്ടിലേക്കെത്തിയപ്പോഴേക്കും അപ്പയെക്കണ്ട്‌ പലതും പഠിക്കുകയായിരുന്നു, ശബ്ദം പ്രശ്നമാകുന്ന ഭക്ഷണങ്ങൾ അകറ്റണമെന്ന് പറയാറുണ്ട്.

സിനിമയിൽ ഇരുപത്തിമൂന്ന് വർഷം പിന്നിടുകയാണ്...

= ഒരു സിനിമയിൽ പാടുക എന്ന ഉദ്ദേശ്യത്തോടെയാണ് 23 വർഷംമുൻപ് വിദേശപഠനത്തിനിടെ ലീവെടുത്ത് നാട്ടിൽവന്നത്. ആദ്യമായി സിനിമയിൽ പാടിയ സമയത്തുതന്നെയായിരുന്നു, അപ്പയുടെ അറുപതാം പിറന്നാൾ ആഘോഷവും യേശുദാസ് അവാർഡ്, ഗന്ധർവസന്ധ്യ എന്നിവയെല്ലാം നടക്കുന്നത്. അതിന്റെ ഭാഗമായി നാട്ടിൽത്തന്നെ നിൽക്കേണ്ടിവന്നു. പാട്ടിലേക്ക് പതിയെ ഇറങ്ങിയതോടെ സെമസ്റ്റർ മൊത്തമായി ലീവായി. പഠനം പൂർത്തിയാക്കാൻ വീണ്ടും പോയെങ്കിലും ഫ്രണ്ട്സ് സിനിമയുടെ തമിഴ് പതിപ്പിൽ പാടാനായി ഇളയരാജസാറ് തിരിച്ചുവിളിച്ചു. ആ വരവോടെ കോളേജ് കാലം അവസാനിച്ചു. ഒരുപാട് വലിയ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിക്കാനായി, അവരിൽനിന്നെല്ലാം കിട്ടിയ ഉപദേശങ്ങൾ, അനുഭവങ്ങൾ എന്നിവയിലൂടെ സ്വയം ഉയരാൻ കഴിഞ്ഞു എന്നാണ് വിശ്വാസം. പലഭാഷകളിലായി ഒട്ടേറെ പാട്ടുകൾ പാടാൻകഴിഞ്ഞു എന്ന സന്തോഷം ചെറുതല്ല. യേശുദാസിന്റെ മകൻ മോശമില്ലാതെ പാടുന്നുണ്ടെന്നു പറയുന്നതുകേൾക്കുമ്പോൾ അഭിമാനം തോന്നും.