
സിനിമയ്ക്കു ടിക്കറ്റു കിട്ടാതെ ആളുകള്‍ എത്ര ബഹളംകൂട്ടിയാലും ആ ടാക്കീസിലെ 15 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും. അങ്ങോട്ടേക്ക് ആര്‍ക്കും പ്രവേശനമില്ലായിരുന്നു. ഏറ്റവും മുകളില്‍ പ്രത്യേക ചതുരക്കള്ളിയിലെ ആ ഇരിപ്പിടങ്ങളില്‍ മാസത്തിലൊരിക്കലോ മറ്റോ ആളനക്കമുണ്ടാകും. അതു കൊച്ചി രാജകുടുംബാംഗങ്ങളോ തിരുവിതാകൂര്‍ രാജകുടുംബാംഗങ്ങളോ ആയിരിക്കും.
കൊച്ചിയിലെ ഏറ്റവും പഴയ സിനിമാ ടാക്കീസുകളിലൊന്നായ 'ലക്ഷ്മണില്‍' ആയിരുന്നു രാജകുടുംബത്തിനുള്ള പ്രത്യേക 'റിസര്‍വേഷന്‍ ബോക്‌സ്'. ബാല്‍ക്കണിയിലെ ആദ്യനിരയില്‍ ഏഴു സീറ്റും രണ്ടാമത്തെ നിരയില്‍ എട്ടു സീറ്റുമാണ് ഉണ്ടായിരുന്നത്.
കാലൊക്കെ നീട്ടിവെച്ചു വിശാലമായി സിനിമ കാണാനുള്ള സൗകര്യമുള്ള ഇരിപ്പിടങ്ങള്‍. എറണാകുളം വളഞ്ഞമ്പലത്ത് സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ ലക്ഷ്മണ്‍ ടാക്കീസില്‍ രാജാവുള്‍പ്പടെയുള്ളവര്‍ വല്ലപ്പോഴും സിനിമകാണാന്‍ എത്തിയിരുന്നു.
വെള്ളിത്തിരയിലേക്കു ലക്ഷ്മണ്‍ വെള്ളിവെളിച്ചം പൊഴിച്ചത് 1942-ല്‍. ഏഴുവര്‍ഷത്തിനുശേഷം ലക്ഷ്മണില്‍ ഒരു ചരിത്ര സംഭവം നടന്നു. രണ്ടു മഹാരാജാക്കന്‍മാര്‍ ഒരുമിച്ചു സിനിമകാണാനെത്തി. തിരുവിതാംകൂറിന്റെ അവസാന മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയും കൊച്ചിയുടെ അവസാന മഹാരാജാവായ രാമവര്‍മ പരീക്ഷിത്ത് തമ്പുരാനും.

1949 നവംബര്‍ 14-നായിരുന്നു അത്. അപ്പോഴേക്കും തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നിരുന്നു. ചിത്തിര തിരുനാള്‍ ബാലരാമവര്‍മ, തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി മാറി. കൊച്ചി രാജ്യമില്ലെങ്കിലും രാമവര്‍മ പരീക്ഷിത്ത് തമ്പുരാനു വലിയതമ്പുരാന്‍ എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. രാത്രി എട്ടരയ്ക്കു രണ്ടുരാജാക്കന്‍മാരും ഒന്നിച്ചിരുന്നു കണ്ട സിനിമ ടാര്‍സന്‍ പരമ്പരയിലെ 'ജംഗിള്‍ ജിം' ആയിരുന്നു.

ലക്ഷ്മണ സംഭവം
ഗോവയില്‍നിന്നു കൊച്ചിയിലേക്കു കുടിയേറിയവരായിരുന്നു ഗൗഡസാരസ്വത ബ്രാഹ്മണന്‍മാരായ നാരായണ ഷേണായിയും കുടുംബവും.

അദ്ദേഹത്തിന്റെ മൂത്തമകനായ എ.എന്‍. ഗുണ ഷേണായ് കൊച്ചി ബ്രോഡ്വേയില്‍ എ.എന്‍. ഗുണഷേണായി ആന്റ് ബ്രദേഴ്‌സ് എന്ന പേരില്‍ ഹാര്‍ഡ്വേര്‍ കട തുടങ്ങി. അക്കാലത്ത് കൊച്ചിയില്‍ ആകെയുണ്ടായിരുന്നത് രണ്ടു സിനിമ ടാക്കീസുകളായിരുന്നു. മട്ടാഞ്ചേരിയിലെ സ്റ്റാറും എറണാകുളത്തെ മേനകയും.
ടാക്കീസിന്റെ സാധ്യത തിരിച്ചറിഞ്ഞ് ഗുണ ഷേണായിയുടെ സഹോദരനായ ലക്ഷ്മണ്‍ ഷേണായ് ആണ് 'ലക്ഷ്മണ്‍' തീയേറ്റര്‍ തുടങ്ങുന്നത്. എഴുന്നൂറിനുമുകളില്‍ സീറ്റുണ്ടായിരുന്ന വലിയ തീയേറ്ററായിരുന്നു.
ലണ്ടനില്‍നിന്നിറക്കുമതി ചെയ്ത ഗൗമോണ്ട് ഖാലി പ്രൊജക്ടര്‍ ആയിരുന്നു ലക്ഷ്മണിലുണ്ടായിരുന്നത്. കാലത്തിന്റെ വെള്ളിത്തിരയില്‍ ലക്ഷ്മണ്‍ മാഞ്ഞു.
തീയേറ്റര്‍ നിന്നിരുന്ന സ്ഥാനത്തിപ്പോള്‍ 'ലിങ്ക് ലക്ഷ്മണ്‍' അപ്പാര്‍ട്ട്മെന്റ് ആണ്.
പത്മ പിറന്നപ്പോള്‍

1946-ലെ പത്മ തീയേറ്റർ
1946-ലെ പത്മ തീയേറ്റര്‍ ഷേണായ് കുടുംബത്തില്‍ നിന്നുള്ള രണ്ടാമത്തെ ടാക്കീസായിരുന്നു 'പത്മ'. ലക്ഷ്മണ്‍ ഷേണായിയുടെ ഭാര്യയുടെ പേരുതന്നെ തീയേറ്ററിനും കൊടുത്തു. 1946-ലാണ് പത്മ തുടങ്ങിയത്. അവിടെയും രാജകുടുംബത്തിനായി 20 സീറ്റുള്ള പ്രത്യേക ബാല്‍ക്കണിയുണ്ടായിരുന്നു. അക്കാലത്തെ തമിഴ് സൂപ്പര്‍താരം ശിവാജിഗണേശന്‍ പത്മ തീയേറ്ററിലെത്തിയത് കൊച്ചിക്ക് വലിയ ആഘോഷമായി. ഫോട്ടോഫോണ്‍ ഫിലിം പ്രൊജക്ടറുമായി പത്മ 1971-ല്‍ നവീകരിച്ച് എയര്‍ കണ്ടീഷനാക്കി. അക്കാലത്ത് യുവാക്കളുടെ ഹരമായി മാറിയിരുന്ന സൂപ്പര്‍സ്റ്റാര്‍ കമലഹാസനായിരുന്നു നവീകരിച്ച തീയേറ്റര്‍ കൊച്ചിക്കു തുറന്നുകൊടുത്തത്. ഷേണായി കുടുംബത്തിന്റെ വീട്ടിലെത്തി ഉച്ചഭക്ഷണമൊക്കെ കഴിച്ചാണ് അന്നു കമലഹാസന്‍ മടങ്ങിയത്. യാദൃശ്ചികമായിരിക്കാം, പത്മ തീയേറ്ററില്‍ ഒരുകാലത്ത് തമിഴ്സിനിമകളായിരുന്നു അധികവും പ്രദര്‍ശിപ്പിച്ചിരുന്നത്.

കുളിരുമായിശ്രീധര്‍
സിനിമ കാണാനിരുന്നവര്‍ കുളിരണിഞ്ഞത് 1964 മുതലായിരുന്നു, കേരളത്തിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ തീയേറ്ററായ ശ്രീധര്‍ തുറന്നത് മുതല്‍. ലക്ഷ്മണ്‍ ഷേണായിയുടെ മകനായ ശ്രീധര്‍ ഷേണായിയുടെ പേരിലായിരുന്നു തീയേറ്റര്‍. മരിച്ചുപോയ കൂടപ്പിറപ്പിന്റെ പേര് തന്നെ ഷേണായി സഹോദരന്‍മാര്‍ തീയേറ്ററിനും നല്‍കുകയായിരുന്നു. അന്നത്തെ കേരള ഗവര്‍ണറും പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയുമായി മാറിയ വി.വി. ഗിരിയായിരുന്നു തീയേറ്റര്‍ തുറന്നു കൊടുത്തത്.

ഒരുകാലത്ത് കൊച്ചിയില്‍ ഇംഗ്ലീഷ് സിനിമ കാണണമെങ്കില്‍ ശ്രീധറില്‍ പോകണമായിരുന്നു. കൊളംബിയ പിക്ചേഴ്സ്, വാര്‍ണര്‍ബ്രദേഴ്സ്, പാരമൗണ്ട്, ട്വന്റി സെഞ്ച്വറി ഫോക്സ് എന്നീ വിതരണക്കാര്‍ ഷേണായിമാരുമായി വലിയ ചങ്ങാത്തത്തിലായി. ലോകത്തെ പുതിയ ഇംഗ്ലീഷ് സിനിമകളെല്ലാം ശ്രീധറിലും എത്തും. 'ചെമ്മീന്‍' സിനിമ റിലീസ് ചെയ്തത് ശ്രീധറിലായിരുന്നു. നൂറ്ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു. നടന്‍മാരായ ശിവാജി ഗണേശനും സത്യനുമെല്ലാം ശ്രീധറില്‍ സിനിമകണ്ടിട്ടുണ്ട്. ആദ്യത്തെ ഡോള്‍ബി സൗണ്ട് സിസ്റ്റമുള്ള തീയേറ്ററും ശ്രീധറാണ്. 'അവതാര്‍' സിനിമയുടെ വരവോടെ 2009-ല്‍ ശ്രീധറിലാണു കേരളത്തിലെ ആദ്യ ത്രീഡി ഡിജിറ്റല്‍ പ്രൊജക്ടര്‍ വന്നത്.
വിസ്താരമക്കാലം
ഇംഗ്ലീഷ് സിനിമകളുടെ ഭാഗമായി ശ്രീധറിലെത്തിയ വിദേശികളാണ് ഷേണായിമാര്‍ക്ക് 'വിസ്താരമ' സ്‌ക്രീന്‍ എന്ന പുതിയ ആശയം നല്‍കുന്നത്. അങ്ങനെയാണ് ഷേണായീസ് എന്ന ഏഷ്യയിലെ ആദ്യത്തെ വിസ്താരമ തീയേറ്റര്‍ കൊച്ചിയില്‍ പിറന്നത്. സ്‌ക്രീനിന് 80 അടി നീളവും 30 അടി വീതിയുമായിരുന്നു. അതുകൊണ്ടും തീര്‍ന്നില്ല പരന്ന സ്‌ക്രീനിന് പകരം 18 അടിയോളം ഉള്ളിലേക്ക് വളഞ്ഞതായിരുന്നു ഷേണായീസിന്റെ സ്‌ക്രീന്‍. ആറ് ട്രാക്കുള്ള സ്റ്റീരിയോഫോണിക് സൗണ്ട് സിസറ്റവും തീയേറ്ററിലുണ്ടായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരിയാണ് 1969ല്‍ ഷേണായീസ് കൊച്ചിക്ക് തുറന്ന് കൊടുത്തത്. കാര്‍ റേസിങ്ങിന്റെ കഥപറഞ്ഞ പോള്‍ ന്യൂമാന്‍ അഭിനയിച്ച 'വിന്നിങ്' എന്ന അമേരിക്കന്‍ സിനിമയായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചത്. ചിത്രവിസ്മയം കാണാന്‍ കേരളത്തിന്റെ നാനാഭാഗത്തു നിന്നും ആളുകളെത്തിയിരുന്നതിനാല്‍ ഏത് സിനിമയും 50-100 ദിവസം ഹൗസ്ഫുള്‍ ആയി ഓടിയിരുന്നു. അമിതാഭ് ബച്ചന്റെ പ്രശസ്ത ചിത്രം 'ഷോലെ' 1975ല്‍ ഷേണായീസിലാണ് റിലീസ് ചെയ്തത്. നൂറ് ദിവസത്തിലധികം ഓടി. പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടോ മൂന്നോ തവണ വീണ്ടും ഷോലെ തന്നെ ആഴ്ചകളോളം ഷേണായിമാര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍ ഷേണായീസ് സന്ദര്‍ശിച്ചിട്ടുണ്ട്. ഷേണായീസിനൊപ്പം തന്നെ ലിറ്റില്‍ ഷേണായീസ് പണിതീര്‍ത്തെങ്കിലും 1971ല്‍ ആണ് തുറന്നത്.
ഷേണായീസ് തുറക്കുമ്പോള്‍

നാലുവര്‍ഷമായി പൂട്ടിക്കിടക്കുന്ന ഷേണായീസ് തീയേറ്റര്‍ നവീകരണത്തിനുശേഷം തുറക്കുകയാണ്. അവസാനഘട്ട മിനുക്കു പണികള്‍ നടക്കുകയാണ്. ഫെബ്രുവരി നാലിന് ഉദ്ഘാടനം ചെയ്യാനാണ് ശ്രമം. ഷേണായിസും മള്‍ട്ടിപ്ലക്സ് ആയി മാറി. അഞ്ച് സ്‌ക്രീനുകള്‍ ഉണ്ടാകും. 250, 230, 120, 75, 65 എന്നിങ്ങനെയാണ് ഇരിപ്പിടങ്ങളുടെ എണ്ണം. ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളാണ് തീയേറ്ററുകളില്‍ ഉണ്ടാവുക. തീയേറ്ററില്‍ സര്‍പ്രൈസുകളുണ്ടാകുമെന്ന് ഷേണായീസ് തിയേറ്റര്‍ഗ്രൂപ്പിന്റെ മാനേജിങ് പാര്‍ട്‌നര്‍ ആയ സുരേഷ് ഷേണായ് പറഞ്ഞു. അതിവേഗത്തില്‍ പണികള്‍ തീര്‍ക്കാനാണ് ശ്രമം. ഒന്നാംതീയതിയോടെ മാത്രമേ അന്തിമതീരുമാനമുണ്ടാകു എന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Shenoys theatre ernakulam history, Padma, kavitha Lakshmana
Published: 30 Jan 2021, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented