
മലയാളത്തിന് അഭിമാനമായി ടൊറൻറോ ഇന്റർനാഷണൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പക (River of blood) എന്ന ചിത്രം. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പൂർവ്വ വിദ്യാർഥിയും സൗണ്ട് ഡിസൈനറുമായ നിതിൻ ലൂക്കോസിന്റെ ആദ്യ സംവിധാന സംരംഭമാണ് പക.
തന്റെ നാടായ വയനാടും അവിടുത്തെ ജീവിതങ്ങളുമാണ് ആദ്യ ചിത്രത്തിനായി നിതിൻ തിരഞ്ഞെടുത്ത പ്രമേയം. മലയാളത്തിലും മറ്റു ഭാഷകളിലുമായി ഏതാണ്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളിൽ സൗണ്ട് ഡിസൈനറായി പ്രവർത്തിച്ച നിതിന്റെ മനസിൽ സംവിധാനം തന്നെയായിരുന്നു ലക്ഷ്യം. പക ചർച്ചയാകുമ്പോൾ നിതിൻ മാതൃഭൂമി ഡോട് കോമിനോട് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
വയനാടിന്റെ കഥ
എന്റെ നാടായ വയനാട്ടിലെ കുടിയേറ്റ ക്രിസ്ത്യാനികളുടെ, അസാമാന്യ ധൈര്യമുള്ള കുറേയാളുകളുടെ അതിജീവനത്തിന്റെ കഥയാണ് പക. ഫിലിം ഇൻസ്റ്റ്യൂട്ടിലെ പഠനത്തിന് ശേഷം നാട്ടിൽ വന്നപ്പോഴാണ് പള്ളിപ്പെരുന്നാളൊക്കെ ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ കാണുന്നത്. അന്നാണ് ആ പെരുന്നാളും വയനാടുമെല്ലാം കഥാപാത്രങ്ങളാകുന്ന ഒരു ചിത്രം ചെയ്യണമെന്ന് എനിക്ക് ആഗ്രഹം തോന്നുന്നത്. ഇവിടെയൊരു പുഴയുണ്ട്. പണ്ടൊക്കെ അവിടെ കുറേ മരണങ്ങൾ നടന്നിട്ടുള്ളതാണ്. പലരെയും ഇവിടെ കയത്തിൽ കൊന്ന് കെട്ടിത്താഴ്ത്തിയിട്ടുണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്. ആ കയങ്ങളിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന ജോസ് എന്നൊരു മനുഷ്യനുണ്ട് . ഈ ചുറ്റുപാടൊക്കെയാണ് പകയിലേക്ക് എത്തിച്ചത്.
അനുരാഗ് കശ്യപ് എന്ന നിർമാതാവ്
ചിത്രത്തിന്റെ മറ്റൊരു നിർമാതാവായ രാജ് രചകൊണ്ടയും ഞാനും ചേർന്നാണ് ഇതൊരു പ്രോജക്ട് ആക്കി എടുക്കുന്നത്. 2019ൽ പുറത്തിറങ്ങിയ 'മല്ലേഷം' എന്ന തെലുങ്ക് ചിത്രത്തിൻറെ സംവിധായകനും നിർമ്മാതാവുമാണ് രാജ്. ബോളിവുഡിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ദിബാകർ ബാനർജി സംവിധാനം ചെയ്ത സന്ദീപ് ഓർ പിങ്കി ഫരാർ എന്ന ചിത്രത്തിലെ സൗണ്ട് ഡിസൈനർ ഞാനായിരുന്നു. ഫിലിം ഇൻസ്റ്റ്റ്റ്യൂട്ടിൽ കൂടെ പഠിച്ച പലരും ബോളിവുഡിൽ തന്നെയാണ് ജോലി ചെയ്യുന്നതും. അങ്ങനെയാണ് അനുരാഗിനെ പരിചയപ്പെടുന്നത്. റഫ് കട്ട് കണ്ട് അഭിപ്രായം അറിയാനാണ് ആദ്യം അനുരാഗിനെ ചിത്രം കാണിക്കുന്നത്. സിനിമകൾ തേടിപ്പിടിച്ച് കാണുന്ന ആളാണ് അനുരാഗ്. റഫ് കട്ട് കണ്ട് അനുരാഗിന് ഇഷ്ടമാവുകയും പിന്നീടുള്ള ചർച്ചകളിൽ നിർമാതാവിന്റെ റോളിലേക്ക് അദ്ദേഹം വന്നെത്തുകയുമായിരുന്നു.
'സൗഹൃദ-കുടുംബ' ചിത്രം
പകയിലെ അണിയറയിലും മുന്നണിയിലും സൗഹൃദങ്ങളാണ് കൂടുതൽ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച ശ്രീകാന്ത് എന്റെ ബാച്ച്മേറ്റ് ആണ്, എഡിറ്റർ അരുണിമ ശങ്കർ എന്റെ സീനിയറാണ്. സംഗീതം ചെയ്ത ഫൈസൽ അഹമ്മദും എന്റെ ബാച്ച്മേറ്റാണ്. ചിത്രത്തിലെ ഒരു കഥാപാത്രമായെത്തിയ അഭിലാഷ് നായരും എന്റെ ബാച്ച്മേറ്റാണ്. എന്റെ ഒരു കസിൻ സഹോദരനും എന്റെ വല്യമ്മച്ചിയും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ബേസിൽ പൗലോസ്, വിനീത കോശി, നിതിൻ ജോർജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ
'പക'യ്ക്ക് ശേഷം
2014 ലാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങുന്നത്. പിന്നീട് റസൂൽ പൂക്കുട്ടിയുടെ കൂടെ ഇന്റേൺഷിപ്പ് ചെയ്തു. പത്തിരുപത്തഞ്ച് ചിത്രങ്ങളിൽ ജോലി ചെയ്തു. ആറേഴ് വർഷമായി ഈ മേഖലയിലുണ്ട്. അമ്പിളി, അയാൾ ശശി എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ ചെയ്തത്. സംവിധാനം തന്നെയായിരുന്നു മനസിൽ. മറ്റൊരു സിനിമയും പ്ലാനിങ്ങിലാണ്. മമ്മൂക്കയെ വച്ച് കഥ പറയണമെന്നാണ് എന്റെ ആഗ്രഹം. കൂടുതൽ വിവരങ്ങൾ പുറത്ത് പറയാറായിട്ടില്ല. അതിന്റെ എഴുത്തുപണികളിലാണ്.
content highlights : paka the movie director nithin lukose interview
Published: 05 Aug 2021, 05:34 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented