രു നോക്ക് കാണാന്‍ എന്ന മലയാള ചലച്ചിത്രം പുറത്തിറങ്ങിയിട്ട് 36 വര്‍ഷം പൂര്‍ത്തിയാകുന്നു. ആ ചിത്രത്തിലൂടെ മനം കവര്‍ന്ന കൊച്ചു മിടുക്കി ബേബി ശാലിനി ഇന്ന് ശാലിനി അജിത് ആയി മാറിയിരിക്കുന്നു പക്ഷേ, അതിലെ നായകന്‍ മമ്മൂട്ടി ഇന്നും നായകനായി തുടരുന്നു.

ഈ സാജന്‍ ചിത്രത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ഇതിലെ ഗാനങ്ങള്‍ ശ്യാം, ചുനക്കര രാമന്‍ കുട്ടി, ഉണ്ണി മേനോന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ്. അവ അന്നത്തെ ഹിറ്റ് ഗാനങ്ങളായിരുന്നു... മലയാളികളുടെ ചുണ്ടില്‍ തത്തികളിച്ചിരുന്ന മനോഹരമായ മധുരഗാനങ്ങള്‍.

ചന്ദനക്കുറിയുമായി....,, ഇണക്കിളി വരുകില്ലേ...

കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ശ്രവണ അനുഭവം പകര്‍ന്നു നല്‍കുന്ന ഗാനങ്ങള്‍...

ഈ ചിത്രത്തിലെ കഥയും സംഭാഷണവും എസ്.എന്‍ സ്വാമിയും കലൂര്‍ ഡെന്നിസും ചേര്‍ന്ന് ഒരുക്കിയതാണ്. 80 കാലഘട്ടത്തിലെ ഹിറ്റ് കൊമ്പോ ആയിരുന്നു മമ്മൂട്ടി- സാജന്‍ കൂട്ടുകെട്ട്. ചക്കരഉമ്മ, കൂട്ടിനിളം കിളി, ഒരു നോക്ക് കാണാന്‍, കണ്ടു കണ്ടറിഞ്ഞു, സ്‌നേഹമുള്ള സിംഹം, എന്നും നാഥന്റെ നിമ്മി, തമ്മില്‍ തമ്മില്‍ തുടങ്ങിയ ഒരു പിടി ചിത്രങ്ങള്‍!

ഇത്തരം ചിത്രങ്ങള്‍ക്കൊരു പ്രത്യേകത ഉണ്ടായിരുന്നു. നായകനായി മമ്മൂട്ടി സഫാരി സ്യുട്ടും കണ്ണടയും സ്ഥിരം വേഷം, മകളായി ബാലതാരമായ ബേബി ശാലിനി, നായിക, അച്ഛന്‍, അമ്മ, ഹാസ്യം കൈകാര്യം ചെയ്യാനായി മാള അരവിന്ദന്‍... ഇത്തരം കുടുംബചിത്രങ്ങള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

ഈ ചിത്രം അത്ഭുതം സൃഷ്ടിച്ചില്ലെങ്കില്‍ കൂടിയും അതിലെ ഗാനങ്ങളും ദൃശ്യആവിഷ്‌കാരവും താരങ്ങളായ മമ്മൂട്ടി, അംബിക, ശങ്കര്‍, മേനക എന്നീ താരജോഡികള്‍ ഒത്തു ചേര്‍ന്നപ്പോള്‍ ഏക്കാലത്തേയും ഒരു ഹിറ്റ് സിനിമ പിറവി എടുത്തു.

ചിത്രത്തിലെ ചിന്നുക്കുട്ടി ഉറങ്ങിയില്ലേ... എന്ന ഗാനം തീയറ്ററില്‍നിന്നും കേട്ടുകഴിഞ്ഞു ജീവിത വഴിത്താരയുടെ നീണ്ട കാലയളവ് പിന്നിടുമ്പോഴും ഞാനാ പാട്ട് അറിയാതെ മൂളി പോകാറുണ്ട്. ആ പാട്ടിലെ ചിന്നുക്കുട്ടി എന്റെ മകളുടെ പേരായി മാറി...
അപ്പോള്‍ എന്റെ  പൈതലിനു വേണ്ടി എനിക്കെങ്ങനെ മൂളാതിരിക്കാന്‍ കഴിയും...?
അതേ.... ചിന്നുക്കുട്ടി ഉറങ്ങിയില്ലേ......

Content Highlights: Oru Nokku Kanan Mammootty, Baby Shalini, Ambika, Sajan, 36 years Oru Nokku Kanan  songs