ഓണക്കാലത്ത് തിയേറ്റേറുകളിൽ ആഘോഷം തീർക്കാൻ സിനിമകൾ ഒരുങ്ങി. പ്രേമലുവിനുശേഷം ഗിരീഷ് എ.ഡി. ഒരുക്കുന്ന 'ബത്​ലഹേം കുടുംബ യൂണിറ്റാ'ണ് നിവിൻ പോളി- മമിത ടീമിന്റെ ഓണചിത്രം. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷിനൊപ്പം നിവിൻ പോളി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്രിന്ദ, തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റൊമാന്റിക് കോമഡി (റോം-കോം) ഗണത്തിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു വിജയ്‌യാണ്. വിനായക് ശശികുമാറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറാണ്.

To advertise here,

തമാശയുടെ അകമ്പടിയിൽ കഥപറഞ്ഞുപോകുന്ന ചിത്രം ഈ ഓണത്തിന് തിയേറ്ററുകളിൽ ചിരിയുത്സവം തീർക്കുമെന്നാണ് പ്രതീക്ഷ. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് ബത്​ലഹേം കുടുംബ യൂണിറ്റ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ.ഡി.യും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ഖലീഫ. സിനിമയിൽ 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യെന്ന അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്. കഥയുടെ തുടർച്ചയായൊരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ കൂടുതൽ പ്രധാന്യമുള്ള വേഷത്തിൽ ലാൽ എത്തുമെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്. തെന്നിന്ത്യൻ താരം മാളവികാ ശർമ്മയാണ് നായിക. 'പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. പോക്കിരിരാജയ്ക്കുശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന വൈശാഖ് ചിത്രമാണ് ഖലീഫ. ആക്ഷന് വലിയ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പ്രതിനായകനായി ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് എത്തും. ഇന്ദ്രൻസ് മറ്റൊരു ശക്തമായ കഥാപാത്രമായി ചിത്രത്തിലുണ്ട്.

ജോമോൻ ടി. ജോൺ ക്യാമറയും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും ചിത്രീകരിച്ച സിനിമയുടെ സംഗീതം ജേക്‌സ് ബിജോയാണ്. സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്നാലപിച്ച ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധനേടിയിട്ടുണ്ട്.

ഓണം റിലീസായി പ്രഖ്യാപിക്കപ്പെട്ട ദുൽഖർ സൽമാന്റെ ഐ ആം ഗെയിം സിനിമയുടെ അവസാനവട്ട ജോലികൾ പൂരോഗമിക്കുകയാണ്. ഓണം കഴിഞ്ഞ് ചിത്രം പ്രദർശനത്തിനെത്തും. ആർഡിഎക്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇസ്മയിൽ അബൂബക്കർ, സജീർ ബാബ, നഹാസ് ഹിദായത്ത് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാനും സംയുക്ത വിശ്വനാഥനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചൂതാട്ടക്കാരന്റെ കഥപറയുന്ന ആക്ഷൻ ത്രില്ലർ ചിത്രമാകും ഐ ആം ഗെയിം. മിഷ്‌ക്കിൻ, കതിർ, വിനയ്‌ഫോർട്ട്, ആന്റണി വർഗീസ് പെപ്പെ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.

കർണാടകയിൽ നിന്നുള്ള എക്കാലത്തെയും വലിയ റിലീസിന് ഒരുങ്ങുകയാണ് ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോക്കിങ് സ്റ്റാർ യഷാണ് നായകൻ. യഷിന്റെ ഒന്നിലധികം ഗെറ്റപ്പുകളിലുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കർണാടക ബോക്‌സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രം എത്തുന്നത്. ബെംഗളൂരുവിൽമാത്രം ആദ്യദിവസം റെക്കോഡ് എണ്ണം ഷോകൾ ക്രമീകരിച്ചുകഴിഞ്ഞു. രാജ്യമൊട്ടാകെ അതിരാവിലെത്തന്നെ സിനിമയുടെ ആദ്യപ്രദർശനം നടത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.

ഗീതു മോഹൻദാസും യഷും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിക്കുകയായിരുന്നു. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമിച്ചത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വലിയൊരു താരനിരതന്നെ അണിനിരക്കുന്നുണ്ട്. സുദേവ് നായർ ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

നിഗൂഢതയും സസ്‌പെൻസും ചേർത്തുവെക്കുന്ന ഷൈൻ ടോം ചാക്കോ ചിത്രം പിന്നാലെയാണ് ഈ ഓണക്കാലത്ത് തിയേറ്ററിലെത്തുന്ന മറ്റൊരു സിനിമ. ഷൈൻ ടോം ചാക്കോ പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ സംവിധാനം ജിസോ ജോസാണ്. രാഹുൽ മാധവ്, രാജേഷ് പറവൂർ, ഗബ്രി ജോസ്, സ്ഫടികം ജോർജ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

തിയേറ്ററിൽ ഓണക്കാല ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് വിസ്മയാമോഹൻലാൽ ചിത്രം തുടക്കമാണ്. മോഹൻലാലിന്റെ മകൾ ആദ്യമായി ബിഗ്‌സ്‌ക്രീനിലേക്കെത്തിയ ചിത്രം പ്രേക്ഷകർ സന്തോഷത്തോടെ സ്വീകരിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത തുടക്കം ഹൃദയസ്പർശിയായ കുടുംബ കഥയാണ് പറയുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയുടെ വില്ലൻ വേഷമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അഖിൽ കൃഷ്ണ, ജൂഡ് ആന്റണി, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്നാണ് തിരക്കഥ. ആശീർവാദ് സിനിമാസ് നിർമിച്ച ചിത്രത്തിൽ സായ്കുമാർ, മനോജ് കെ. ജയൻ, കോട്ടയം രമേശ്, ജാഫർ ഇടുക്കി, ഗണേഷ് കുമാർ, ചിപ്പി തുടങ്ങി വലിയ താരനിരതന്നെ അണിനിരന്നു.

സൂര്യയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രം വിശ്വനാഥ് ആൻഡ് സൺസാണ് ഓണക്കാലത്ത് തിയേറ്ററിലെത്തിയ മറ്റൊരു സിനിമ. വെങ്കി അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ രാധിക ശരത്കുമാറാണ് മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാൽ സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ കഥപറയുന്ന ജി.ഡി.എൻ. ഇതിനോടകംതന്നെ പ്രദർശനത്തിനെത്തി. ജി.ഡി. നായിഡുവായി മാധവൻ അഭിനയിക്കുന്ന സിനിമയുടെ സംവിധായകൻ കൃഷ്ണകുമാർ രാമകുമാറാണ്. ദേശീയ പുരസ്‌കാരം നേടിയ റോക്കട്രി: ദ നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിനുശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈകളർ ഫിലിംസും മീഡിയ മാക്‌സ് എന്റർടെയ്ൻമെന്റ്‌സും ചേർന്നു നിർമിക്കുന്ന ചിത്രമാണ് ജി.ഡി.എൻ.