
പാട്ടാണ് ജീവിതം. സംഗീതസംവിധാനമല്ലാതെ മറ്റൊരു മേഖലയെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല അതുവരെ. "എന്റെ സിനിമയിൽ ഒന്ന് അഭിനയിക്കാമോ" എന്ന് "കുയിലിനെ തേടി"യുടെ സംവിധായകൻ അരോമ മണി ചോദിച്ചപ്പോൾ ശ്യാം ഞെട്ടിപ്പോയതും അതുകൊണ്ടുതന്നെ.
"അപ്രതീക്ഷിതമായിരുന്നു ആ ക്ഷണം" -- ശ്യാം ഓർക്കുന്നു. അതുവരെ ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ല. അഭിനയിക്കാൻ അറിയുകയുമില്ല. എത്രയോ പേർ അഭിനയമോഹവുമായി നടക്കുന്നു. അവരിലാരെയെങ്കിലും പരീക്ഷിച്ചുകൂടെ എന്ന് വിനയപൂർവം ചോദിച്ചപ്പോൾ മണി പറഞ്ഞു: "വേണ്ട. ഇത് എന്റെ ഒരു ആഗ്രഹമാണ്. ശ്യാം കാര്യമായൊന്നും ചെയ്യേണ്ട. ചെറിയൊരു റോളാണ്. ഒട്ടും ബുദ്ധിമുട്ടിക്കില്ല."
ജീവിതത്തിലാദ്യമായും അവസാനമായും സിനിമാനടന്റെ വേഷമണിഞ്ഞത് അന്നാണ്. "കുയിലിനെ തേടി"യിൽ ഒരു അധികാരിയുടെ വേഷമായിരുന്നു ശ്യാമിന്. മാസ്റ്റർ രഘു (കരൺ) ഓടിക്കുന്ന കുതിരവണ്ടിയിൽ വന്നിറങ്ങി മോഹൻലാലിനെ താക്കീത് ചെയ്യുന്ന നാട്ടുപ്രമാണിയുടെ കൊച്ചു റോൾ. "അതഭിനയിച്ചത് ഞാനാണ് എന്നറിയുന്നവർ കുറവായിരിക്കും. മണി നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഒരിക്കലും ആ സാഹസത്തിന് മുതിരില്ലായിരുന്നു. അങ്ങനെ എത്രയെത്ര മധുരമുള്ള ഓർമ്മകൾ..."

ഞായറാഴ്ച്ച രാത്രി വൈകി അരോമ മണിയുടെ വിയോഗവാർത്ത അറിഞ്ഞപ്പോൾ അനുഭവിച്ച ഞെട്ടലിൽ നിന്നും വേദനയിൽ നിന്നും ഇനിയും വിമുക്തനായിട്ടില്ല ശ്യാം. അത്രയും വലിയ ആത്മബന്ധമായിരുന്നു മണിയുമായി. നിർമ്മാതാവും സംഗീത സംവിധായകനും തമ്മിലുള്ള പ്രൊഫഷണൽ ബന്ധത്തിനപ്പുറത്തേക്ക് വളർന്ന സൗഹൃദം. "മണി ഇനിയില്ല എന്ന സത്യം ഉൾക്കൊള്ളാൻ പ്രയാസപ്പെടുകയായിരുന്നു മനസ്സ്. അതോടെ ഉറക്കവും അതിന്റെ പാട്ടിനു പോയി. കണ്ണടച്ചാൽ മണിയുടെ ചിരിക്കുന്ന മുഖം മാത്രം. ഓരോ മരണവും എന്നെ കൂടുതൽ കൂടുതൽ ഒറ്റപ്പെടുത്തുകയാണല്ലോ എന്ന് തോന്നി. ഭാര്യയുടെ വേർപാടോടെ തന്നെ ജീവിതത്തിൽ വല്ലാത്തൊരു ശൂന്യത നിറഞ്ഞിരുന്നു. ജോൺസൺ, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, ചുനക്കര, കെ ജെ ജോയ് ...ഇപ്പോഴിതാ മണിയും. പ്രിയപ്പെട്ടവർ ഓരോരുത്തരായി യാത്രയാകുകയാണ്." -- എൺപത്തേഴുകാരനായ ശ്യാം മന്ത്രിക്കുന്നു; ആത്മഗതമെന്നോണം. "ഈ ഏകാന്തത സഹിക്കാനാകുന്നില്ല."
അറുപതിലേറെ സിനിമകൾ നിർമ്മിക്കുകയും മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്‌ത അരോമ മണിയുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീത സംവിധായകനായിരുന്നു ശ്യാം. സ്വന്തം സിനിമകളിൽ അപൂർവമായേ അദ്ദേഹം മറ്റു സംഗീത സംവിധായകരെ പരീക്ഷിച്ചിട്ടുള്ളു. മണിച്ചിത്രങ്ങളിൽ ശ്യാമൊരുക്കിയ സൂപ്പർഹിറ്റ് ഗാനങ്ങൾ ഓരോന്നും ഇന്നും മലയാളിയുടെ ചുണ്ടിലുണ്ട്: മഞ്ഞിൻ തേരേറി, നളദമയന്തിക്കഥയിലെ (റൗഡി രാമു), നിഴലായ് ഒഴുകിവരും (കള്ളിയങ്കാട്ട് നീലി), കിനാവിൽ ഏദൻ തോട്ടം (ഏദൻ തോട്ടം), ഓളങ്ങൾ താളം തല്ലുമ്പോൾ (കടത്ത്), ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ, ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു (എങ്ങനെ നീ മറക്കും), സിന്ദൂര തിലകവുമായ്, പാതിരാ താരമേ (കുയിലിനെ തേടി), ധനുമാസക്കാറ്റേ (മുത്തോട് മുത്ത്), ഹൃദയവനിയിലെ (കോട്ടയം കുഞ്ഞച്ചൻ)..... സി ബി ഐ ഡയറിക്കുറിപ്പിലും ഇരുപതാം നൂറ്റാണ്ടിലും ഒരുക്കിയ വിഖ്യാത തീം മ്യൂസിക് വേറെ.
നടനും സംവിധായകനുമായ മധു വഴിയാണ് അരോമ മണിയെ ശ്യാം പരിചയപ്പെട്ടത്; 1977 ൽ. "മധു സാറിനെ ചെന്നൈയിൽ വെച്ച് എപ്പോൾ കാണുമ്പോഴും മണിയുണ്ടാകും കൂടെ. മണിയെ സിനിമാ ബിസിനസ്സിൽ കടന്നുവരാൻ പ്രേരിപ്പിച്ചതും മധു സാർ തന്നെ. അങ്ങനെയാണ് മധു സാർ സംവിധാനം ചെയ്ത ധീരസമീരേ യമുനാതീരേ എന്ന പടം നിർമ്മിച്ചുകൊണ്ട് അദ്ദേഹം സിനിമാരംഗത്തെത്തിയത്. സംഗീത സംവിധായകനായി എന്റെ പേര് മധു സാർ നിർദ്ദേശിച്ചപ്പോൾ സന്തോഷത്തോടെ അത് സ്വീകരിച്ചു മണി. വലിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ബിച്ചുവും ചുനക്കരയുമൊക്കെ ഞങ്ങളുടെ സൗഹൃദ സംഘത്തിലേക്ക് പിന്നാലെ കടന്നുവന്നവർ."
ഒ എൻ വി ആണ് "ധീരസമീരേ യമുനാതീരേ"യിൽ പാട്ടെഴുതിയത്. ശ്യാമിന്റെ ഈണത്തിൽ ആ പാട്ടുകളെല്ലാം ഹിറ്റായി: അമ്പിളി പൊന്നമ്പിളി (ജയചന്ദ്രൻ), മനസ്സിന്റെ താളുകൾക്കിടയിൽ (ജാനകി) എന്നിവ ഇന്നും ശ്യാമിന് ഏറെ പ്രിയങ്കരം. ഇടക്കാലത്ത് മണി നിർമ്മിച്ചു സംവിധാനം ചെയ്ത പടങ്ങളിലും ശ്യാം തന്നെയായിരുന്നു സംഗീത സംവിധായകൻ.
"സിനിമക്കതീതമായ കുടുംബബന്ധമായിരുന്നു ഞങ്ങളുടേത്."-- ശ്യാമിന്റെ ഓർമ്മ. "എന്റെ മകളും മണിയുടെ മകൾ സുനിതയും ഉറ്റ സുഹൃത്തുക്കൾ. കുയിലിനെ തേടിയുടെ വിജയത്തിന് ശേഷം എന്നെ സ്വന്തം ചെലവിൽ വിദേശ പര്യടനത്തിന് കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു അദ്ദേഹം. അതൊന്നും വേണ്ടെന്ന് പറഞ്ഞുനോക്കി. മണിയുണ്ടോ വഴങ്ങുന്നു. അങ്ങനെയാണ് അമേരിക്കയും യൂറോപ്പുമൊക്കെ സന്ദർശിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്." സംഗീതം ഇഷ്ടമായിരുന്നെങ്കിലും സംഗീത സംവിധായകന്റെ ജോലിയിൽ അനാവശ്യമായി ഇടപെടുന്ന പതിവൊന്നും ഇല്ലായിരുന്നു മണിക്ക് എന്നോർക്കുന്നു ശ്യാം."എന്നെ വലിയ വിശ്വാസമായിരുന്നു. ആദ്യം ചെയ്യുന്ന ട്യൂൺ തന്നെ ഓക്കേ ചെയ്യുന്നതാണ് പതിവ്. ചില പാട്ടുകൾ ഒന്ന് മാറ്റിച്ചെയ്യാമോ എന്ന് ചോദിച്ചുകേട്ടിട്ടുള്ളത് അവസാനകാലത്താണ്; അതും വളരെ അപൂർവമായി.."
"പാട്ടുകൾ ഉണ്ടാക്കാൻ ആർക്കും പറ്റും. അത് ചിലരൊക്കെ ഓർമ്മയിൽ സൂക്ഷിക്കുക എന്നത് വലിയ കാര്യമല്ലേ? ആ അർത്ഥത്തിൽ ഞാൻ ഭാഗ്യവാനാണ്. ഇന്നും മലയാളികൾ അവരിലൊരാളായി എന്നെ കാണുന്നു. ഓർമ്മയിൽ നിന്ന് എന്റെ പാട്ടുകൾ ഫോൺ വിളിച്ചു മൂളിക്കേൾപ്പിക്കുന്നു. എത്രയോ വർഷമായി ഞാൻ സിനിമയിൽ സജീവമല്ലാതായിട്ട്. എന്നിട്ടും എന്റെ പാട്ടുകൾ ചിലരെങ്കിലും ഓർക്കുന്നുണ്ടല്ലോ? ദൈവാനുഗ്രഹം എന്നേ കരുതുന്നുള്ളൂ ഞാൻ. പിന്നെ അരോമ മണിയെപ്പോലുള്ള സ്നേഹിതരുടെ പിന്തുണയും.."
ഫോൺ വെക്കും മുൻപ് ഒന്നുകൂടി പറഞ്ഞു ശ്യാം സാർ; ശബ്ദത്തിലെ വികാരാധിക്യം മറയ്ക്കാതെ: "ഞാനും ഒരിക്കൽ യാത്രയാകും മോനേ; ഇന്നല്ലെങ്കിൽ നാളെ. എന്നെ മറന്നാലും എന്റെ പാട്ടുകൾ ഓർക്കണം. ...." എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. വാക്കുകൾ തൊണ്ടയിൽ തടയുന്നു. കണ്ണുകൾ നിറയുന്നു. എത്ര കേട്ടാലാണ്, എത്ര എഴുതിയാലാണ് മതിയാകുക? ആ പാട്ടുകൾക്കൊപ്പം കൗമാര യൗവനങ്ങൾ ചെലവഴിച്ച ഒരാളാകുമ്പോൾ പ്രത്യേകിച്ചും.
"ഗോഡ് ബ്ലെസ് യു മോനേ" എന്ന് പറഞ്ഞു ശ്യാം സാർ ഫോൺ വെച്ചിട്ടും അരോമ മണിയുടെ ആദ്യചിത്രമായ "ധീരസമീരേ യമുനാതീരേ"യ്ക്ക് വേണ്ടി അദ്ദേഹം ഈണമിട്ട വരികൾ കാതിൽ മുഴങ്ങുന്നു: "മനസ്സിന്റെ താളുകൾക്കിടയിൽ ഞാൻ പണ്ടൊരു മയിൽപ്പീലിയൊളിച്ചുവെച്ചു, പലരും മോഹിച്ചു പലരും ചോദിച്ചു ഒടുവിൽ നിൻ മുടിയിൽ ഞാൻ ചൂടിച്ചു.."
Content Highlights: music director shyam about late producer aroma mani
Published: 15 Jul 2024, 01:53 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented