താൻ ആവർത്തിച്ച് സഹകരിച്ചിട്ടുള്ള ഒരേയൊരു നടൻ മമ്മൂട്ടിയാണെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. റിലീസാകാനിരിക്കുന്ന 'പദയാത്ര' ഉൾപ്പെടെ 13 ചിത്രങ്ങൾ മാത്രമാണ് താൻ സംവിധാനം ചെയ്തിട്ടുള്ളത്. സാധാരണമായി തന്റെ ചിത്രങ്ങളിൽ അഭിനേതാക്കളെ ആവർത്തിക്കാറില്ല. എന്നാൽ മമ്മൂട്ടി ഇതിനൊരു അപവാദമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും നാലാം തവണയാണ് ഒന്നിക്കുന്നത്.

To advertise here,

'പദയാത്ര'യെക്കുറിച്ചും മമ്മൂട്ടിയുമായുള്ള സഹകരണത്തെക്കുറിച്ചും അഭിനേതാക്കളെ ആവർത്തിക്കാത്ത തന്റെ പതിവിൽ നിന്ന് മമ്മൂട്ടി എങ്ങനെ മാറുന്നുവെന്നും സംസാരിച്ചു. താൻ സിനിമ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മമ്മൂട്ടി ചിത്രം നിർമിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നുവെന്ന് അടൂർ പറഞ്ഞു. "ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ, ആ സിനിമ നിർമ്മിക്കാൻ താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി. 'നിങ്ങൾക്ക് എന്താണോ വേണ്ടത്, എന്നോട് ചോദിക്കൂ, അത് തരാം' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന് തികച്ചും അനുയോജ്യമായ ഒരു വേഷം ചിത്രത്തിലുണ്ട്. ആ കഥാപാത്രമായി മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല," അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം മുൻപ് പ്രവർത്തിച്ച അനുഭവങ്ങളും അടൂർ ഗോപാലകൃഷ്ണൻ ഓർത്തെടുത്തു. തന്റെ ചിത്രങ്ങളുടെ സാമ്പത്തിക പരിമിതികൾ മമ്മൂട്ടി എപ്പോഴും മനസ്സിലാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ പ്രതിഫലം അദ്ദേഹത്തിന്റെ സൂപ്പർസ്റ്റാർ പദവിയേക്കാൾ സിനിമയുടെ ബജറ്റിന് അനുസരിച്ചായിരുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. "ആ കാലഘട്ടത്തിലും അദ്ദേഹം വലിയൊരു താരമായിരുന്നു, എന്നാൽ ഒരിക്കലും വലിയ പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് പ്രതിഫലം ലഭിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു, പക്ഷേ അത് ബജറ്റിന് അനുസരിച്ച് മാത്രമായിരിക്കും," അടൂർ പറഞ്ഞു.

1987-ൽ പുറത്തിറങ്ങിയ 'അനന്തരം' ആണ് ഇവരുടെ ആദ്യ ചിത്രം. തുടർന്ന് 1990-ൽ 'മതിലുകൾ', 1994-ൽ 'വിധേയൻ' എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചു. മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന ചിത്രങ്ങളായി മാറിയ ഇവയിൽ 'മതിലുകളിലൂടെ' അദ്ദേഹത്തിന് ആദ്യ ദേശീയ പുരസ്കാരവും 'വിധേയനിലൂടെ' മികച്ച നടനുള്ള രണ്ടാമത്തെ ദേശീയ പുരസ്കാരവും ലഭിച്ചു.

അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് 'പദയാത്ര'യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക. ഡോക്ടർ കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രം, ഒരു പീരിയഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ഗ്രേസ് ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപസ്, മധുപാൽ, നന്ദു, പി ശ്രീകുമാർ, ജഗദീഷ്, സീനത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.